തന്ത്രം പാളി റഷ്യ, പുട്ടിന്റെ കണക്കുതെറ്റുന്നു; സെലെൻസ്കി ഹീറോഡാ...
Mail This Article
ന്യൂഡൽഹി ∙ യുക്രെയ്നിനു നേരെയുള്ള സേനാനടപടി 5 ദിവസം പിന്നിടുമ്പോൾ, പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ റഷ്യയ്ക്കു സാധിച്ചില്ലെന്നു വിലയിരുത്തൽ. മിന്നൽ വേഗത്തിൽ യുക്രെയ്ൻ പിടിച്ചെടുക്കാമെന്ന റഷ്യയുടെ കണക്കുകൂട്ടൽ പാളിയതോടെ, വ്ലാഡിമിർ പുട്ടിന്റെ സേനയെ പ്രതിരോധിക്കാനാവുമെന്ന ആത്മവിശ്വാസം യുക്രെയ്ൻ ജനതയ്ക്കിടയിലും വളരുന്നു.
ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ചങ്കൂറ്റമാണ് നാടിനു വേണ്ടി ആയുധമെടുക്കാൻ അവരെ പ്രേരിപ്പിച്ചത്. വരും ദിവസങ്ങളിൽ സേനയുടെ സർവകരുത്തും ഉപയോഗിക്കാൻ റഷ്യ തീരുമാനിച്ചാൽ പിടിച്ചുനിൽക്കുക യുക്രെയ്നിന് എളുപ്പമാവില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ ചെറുത്തുനിൽപ്പിലൂടെ ലോകം കണ്ട വീറുറ്റ പോരാട്ടങ്ങളുടെ പട്ടികയിൽ യുക്രെയ്ൻ പേര് എഴുതിച്ചേർത്തിരിക്കുന്നു. യുക്രെയ്നിലെ സാമുഹ്യമാധ്യമങ്ങൾ പറയുന്നതുപോലെ – ‘നാറ്റോയിൽ യുക്രെയ്നല്ല, യുക്രെയ്നിൽ നാറ്റോ ആണ് അംഗത്വമെടുക്കേണ്ടത്’.
സന്നദ്ധസേനയിൽ 40,000 പേർ; റഷ്യൻസേന നേരിടുന്ന വെല്ലുവിളികൾ
∙ യുക്രെയ്ൻ സൈന്യത്തിനു പുറമേ ആയുധങ്ങളുമായി യുക്രെയ്ൻ ജനതയും പോരാട്ടത്തിനിറങ്ങി. ജനങ്ങൾ രൂപം നൽകിയ ടെറിട്ടോറിയൽ ആർമിയിൽ ഇതുവരെ ചേർന്നത് 40,000 പേർ.
∙ യുക്രെയ്ൻ പിടിക്കാനുള്ള പോരാട്ടം നീണ്ടതോടെ, റഷ്യൻ സൈനികർക്കാവശ്യമായ ഭക്ഷണം, ഇന്ധനം എന്നിവയുടെ വിതരണം പലയിടത്തും നിലച്ചു.
∙ യുക്രെയ്ൻ വിടാതെ പ്രസിഡന്റ് സെലെൻസ്കി കാണിച്ച ചങ്കൂറ്റം. സെലൻസ്കിയെ നായകനായും പുട്ടിനെ വില്ലനായും ആഗോള മാധ്യമങ്ങൾ ചിത്രീകരിച്ചു.
∙ സംഘർഷം നീളുന്തോറും സ്വന്തം സൈനികരുടെ മരണസംഖ്യ ഉയരുന്നു. റഷ്യയിൽ ഇതു പുട്ടിൻ വിരുദ്ധ വികാരമുയർത്തും.
∙ റഷ്യയ്ക്കുമേലുള്ള സാമ്പത്തിക ഉപരോധങ്ങൾ, യൂറോപ്യൻ രാജ്യങ്ങളേൽപ്പെടുത്തിയ വ്യോമപാത വിലക്ക്.
∙ രാജ്യാന്തര ഉപരോധങ്ങളുടെ പശ്ചാത്തലത്തിൽ എത്രയുംവേഗം യുക്രെയ്ൻ പിടിച്ചെടുക്കാൻ റഷ്യൻ സേനയ്ക്കുമേൽ സമ്മർദമുയരും. കൂടുതൽ വിനാശകരമായ ആയുധങ്ങൾ പ്രയോഗിക്കാൻ അതു വഴിയൊരുക്കും. രാജ്യാന്തരതലത്തിൽ അതു റഷ്യയുടെ പ്രതിഛായ തകർക്കും.
ആദ്യ ദിവസങ്ങളിൽ റഷ്യൻ സേന ലക്ഷ്യമിട്ടതും അതിനെ യുക്രെയ്ൻ മറികടന്നതും ഇങ്ങനെ
റഷ്യ ലക്ഷ്യമിട്ടത് ∙ ആക്രമണത്തിന്റെ ആദ്യ 12 മണിക്കൂറിനുള്ളിൽ വ്യോമമേഖല പിടിച്ചെടുക്കുക
സംഭവിച്ചത് ∙ വ്യാപക നാശനഷ്ടങ്ങളുണ്ടായെങ്കിലും യുക്രെയ്ൻ യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ മിസൈൽ സന്നാഹങ്ങളും ഇപ്പോഴും രംഗത്തുണ്ട്.
ലക്ഷ്യമിട്ടത് ∙ പ്രധാന നഗരങ്ങളായ കീവ്, ഹർകീവ് എന്നിവ അതിവേഗം പിടിച്ചെടുക്കുക
സംഭവിച്ചത് ∙ കീവ് കീഴടക്കാൻ ഇനിയും സാധിച്ചിട്ടില്ല. ഹർകീവ് റഷ്യൻ സേനയിൽ നിന്നു തിരിച്ചുപിടിച്ചതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച അവകാശപ്പെട്ടു.
ലക്ഷ്യമിട്ടത് ∙ യുക്രെയ്നിന്റെ സേനാ സന്നാഹങ്ങൾ, സേനയുടെ ആശയവിനിമയ ശൃംഖല എന്നിവ തകർക്കുക.
സംഭവിച്ചത് ∙ റഷ്യയ്ക്കെതിരെ പോരാടാൻ യുഎസ്, യൂറോപ്യൻ രാജ്യങ്ങൾ വ്യാപകമായി ആയുധങ്ങളെത്തിച്ചു.
ലക്ഷ്യമിട്ടത് ∙ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ പുറത്താക്കി അനുകൂല സർക്കാരിനെ കീവിൽ അവരോധിക്കുക
സംഭവിച്ചത് ∙ സെലെൻസ്കിയുടെ സ്വീകാര്യത കുതിച്ചുയർന്നു
റഷ്യയുടെ തന്ത്രം ∙ സർക്കാരിനെ പുറത്താക്കി ഭരണം ഏറ്റെടുക്കാൻ യുക്രെയ്ൻ സൈന്യത്തോട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ആഹ്വാനം.
സംഭവിച്ചത് ∙ ആഹ്വാനം യുക്രെയ്ൻ സേന തള്ളി. സെലെൻസ്കിയുടെ നേതൃത്വം അംഗീകരിച്ച് യുക്രെയ്ൻ സേന ചെറുത്തുനിൽക്കുന്നു.
Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War, Operation Ganga