ഫോൺ കഥകൾ
Mail This Article
ഒരു ‘റോങ് നമ്പർ’ കിട്ടിയിട്ടു വേണം മനസ്സു തുറന്നൊന്നു സംസാരിക്കാൻ എന്നു പറയുന്നിടത്തേക്കെത്തിയിരുന്നു ഒരു കാലത്തു കാര്യങ്ങൾ. ഡയൽ ചെയ്തപ്പോൾ തെറ്റിക്കിട്ടിയ നമ്പറിലേക്കു സംസാരിച്ചു പ്രണയം പൂത്തുലഞ്ഞ കഥകൾ അന്നു സിനിമയായിട്ടുണ്ട്.
ഇന്ന് ഒരു റോങ് നമ്പർ കിട്ടാൻ ബഹിരാകാശത്തു വരെ പോകണമെന്നാണു തിമോത്തി പീക്കിന്റെ അനുഭവം. രാജ്യാന്തര സ്പേസ് സ്റ്റേഷനിൽ ആറു മാസം കുടിപാർക്കാൻ യൂറോപ്യൻ സ്പേസ് ഏജൻസി അയച്ച ബഹിരാകാശ സഞ്ചാരിയായിരുന്നു തിമോത്തി. അവിടെ ഏകാന്തത തോന്നിയപ്പോൾ അദ്ദേഹം ഫോണെടുത്തു പ്രിയതമയെ വിളിച്ചു. കിട്ടിയപ്പോൾ ഭാര്യയുടെ നിത്യപരിചയമുള്ള കിളിമൊഴിക്കു പകരം വേറൊരു പറപറ ശബ്ദം.
‘‘ഇതങ്ങു താഴെ ഭൂമിഗ്രഹം അല്ലേ? അതോ വേറെ ഏതെങ്കിലും ഗ്രഹമാണോ?’’ എന്നായിരുന്നു അപ്പോൾ തിമോത്തിയുടെ നാവിൽ വന്ന വാചകം.
ഇതുകേട്ടു പരിഭ്രമിച്ച ആ സ്ത്രീ ഫോൺ വച്ചു.
തിമോത്തി ഉടനെ തന്നെ ട്വിറ്ററിൽ ഒരു പോസ്റ്റ് ഇട്ടു.
‘‘ഞാനിപ്പോൾ നമ്പർ തെറ്റി വിളിച്ച് ഇതു ഭൂമിഗ്രഹം തന്നെയല്ലേ എന്നു ചോദിച്ചതിന് ആ മഹതിയോടു ക്ഷമ ചോദിക്കട്ടെ. ഭ്രാന്തു പിടിപ്പിക്കാൻ അങ്ങനെ ചോദിച്ചതല്ല. റോങ് നമ്പറായിരുന്നു.’’
തിമോത്തിയുടെ ട്വീറ്റ് കാണാനിടയായ ഒരാൾ ഉടനെ സന്ദേശമയച്ചു: സ്പേസ് സ്റ്റേഷന്റെ ഏരിയാ കോഡ് എന്താണെന്ന് ഉടനെ അറിയിക്കുമല്ലോ. ശരിയായ ഉപകരണം കയ്യിലുണ്ടെങ്കിൽ റേഡിയോ ലൈസൻസുള്ള ആർക്കും അമച്വർ റേഡിയോ ഫ്രീക്വൻസിയിലൂടെ ബന്ധപ്പെടാനാവുമെന്ന് അയാൾ അറിഞ്ഞിരുന്നെങ്കിൽ പിന്നെ തിമോത്തിക്ക് ഉറങ്ങാൻ സമയം കിട്ടില്ലായിരുന്നു!
കെ.ആർ. ചുമ്മാർ തിരുവനന്തപുരത്തു മനോരമയുടെ റസിഡന്റ ് എഡിറ്ററായിരുന്ന കാലത്തെ ഒരു ഫോൺ സംഭാഷണത്തെപ്പറ്റി മനോരമയിലെ പി. സജികുമാർ പറയാറുണ്ട്. മാതൃഭൂമി പത്രാധിപരായിരുന്ന എ.പി. ഉദയഭാനുവിനെ വിളിച്ചുതരാൻ ഓപ്പറേറ്ററോടു ചുമ്മാർ പറഞ്ഞു. ലൈനിൽ കോൾ വന്നതോടെ ‘‘ഹൈ എന്തൊക്കെയുണ്ട് വാർത്തകൾ?’’ എന്നു ചുമ്മാർ കുശലം ചോദിച്ചു.
‘‘നമുക്ക് എന്തു വിശേഷം? പാട്ടുമൊക്കെയായി അങ്ങനെ കഴിഞ്ഞുപോകുന്നു’’ എന്ന മറുപടി.
‘‘ഹൈ, ഈ വയസ്സുകാലത്ത് ബാക്കിയൊക്കെ വിട്ട് നിങ്ങൾ പാട്ടൊക്കെ തുടങ്ങിയോ?’’ എന്നു ചുമ്മാർ.
‘‘നമ്മൾ പണ്ടേ പാട്ട് ആണല്ലോ.’’
എ.പി. ഉദയഭാനുവിനു പകരം കിട്ടിയിരിക്കുന്നതു കെ.പി.
ഉദയഭാനുവിനെയാണ്.
മലയാള മനോരമ 1888 മുതൽ ദിവാൻ സി.പി. രാമസ്വാമി അയ്യർ ഇടപെട്ട് 1938ൽ പൂട്ടിക്കുന്നതുവരെ ഫോൺ ഇല്ലാതെയാണു പ്രവർത്തിച്ചത്. അന്നു കോട്ടയത്തു ഫോൺ എത്തിയിരുന്നില്ല. എന്നാൽ, ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയശേഷം 1947ൽ മനോരമ വീണ്ടും തുടങ്ങിയപ്പോൾ ഫോൺ ഉണ്ടായിരുന്നു. അപേക്ഷിച്ചു കണക്‌ഷൻ കിട്ടാൻ വൈകുമെന്നതിനാൽ കോട്ടയത്തെ തളിക്കോട്ട ദിവാൻ ഗോപാലപിള്ളയുടെ ഫോൺ കണക്‌ഷൻ വിലയ്ക്കെടുക്കുകയായിരുന്നു. ഫോൺ നമ്പർ: 73. മൂന്നക്കമായപ്പോൾ 273.
ഗംഭീര നടനായ ശങ്കരാടി അത്യാവശ്യം ഒരു പിശുക്കനായും അറിയപ്പെട്ടിരുന്നു. സത്യൻ അന്തിക്കാട് ഒരു അനുഭവം എഴുതിയിട്ടുണ്ട്:
‘‘പണ്ട് മദ്രാസിൽ എന്റെയും ശ്രീനിവാസന്റെയും സിനിമാ ചർച്ചകൾ അധികവും രാത്രിയിലാണ്. ചർച്ചയും എഴുത്തുമൊക്കെ കഴിഞ്ഞ് ഉറങ്ങാൻ കിടക്കുക പാതിരാത്രി കഴിഞ്ഞാണ്. മൊബൈൽ ഫോൺ രംഗപ്രവേശം ചെയ്തിട്ടില്ലാത്ത കാലം. ചില ദിവസങ്ങളിൽ അതിരാവിലെ അഞ്ചു മണിക്കു മുൻപു ഫോണടിക്കാൻ തുടങ്ങും. ഒരുപാടു നേരം റിങ് ചെയ്യുമ്പോൾ ഞാനോ ശ്രീനിയോ ഫോൺ എടുക്കും.
മറുതലയ്ക്കൽ ശങ്കരാടിയാവുമെന്ന് ഉറപ്പാണ്. ചിലപ്പോൾ തിരക്കഥ എന്തായെന്ന് അന്വേഷിക്കാൻ. അല്ലെങ്കിൽ, ഷൂട്ടിങ് ഡേറ്റ് മാറ്റാൻ. അന്ന് ഇന്ത്യയിലെവിടേക്കും എസ്ടിഡിയുടെ നിരക്ക് ഏറ്റവും കുറവുള്ള സമയം രാത്രി 10 മുതൽ രാവിലെ 5 വരെയാണ്. ആ സമയത്താണു ദൂരെയുള്ളവരെ മുഴുവൻ അദ്ദേഹം വിളിക്കുക.
‘‘ഒരു ദിവസം ശ്രീനിവാസൻ പറഞ്ഞു: രണ്ടോ മൂന്നോ ദിവസങ്ങൾ കൂടുമ്പോൾ ശങ്കരാടിച്ചേട്ടനെ നമുക്ക് അങ്ങോട്ടു വിളിക്കാം. നേരം വെളുക്കുന്നതു വരെയും സമാധാനമായി ഉറങ്ങാമല്ലോ.’’
മാർത്തോമ്മാ സഭയിലെ കാലം ചെയ്ത ഗീവർഗീസ് മാർ അത്താനാസിയോസ് സഫ്രഗൻ മെത്രാപ്പൊലീത്ത അടുപ്പക്കാരെ വിളിക്കുക പുലർച്ചെ നാലിനും ആറിനും ഇടയ്ക്കാണ്. അപ്പോൾ വിളിച്ചാലാണ് ആളുകളെ സ്വസ്ഥമായി കിട്ടുകയെന്നായിരുന്നു തിരുമേനിയുടെ ന്യായം.
പത്രപ്രവർത്തകനായിരുന്നപ്പോൾ ഞാൻ പുലർച്ചെ നാലിന് എഴുന്നേൽക്കുമായിരുന്നു എന്നറിയാവുന്ന അദ്ദേഹം എന്നെ വിളിക്കുന്നത് ആ സമയത്തായിരുന്നു. ഈ സ്വഭാവവിശേഷം കാരണം അടുപ്പക്കാർ അദ്ദേഹത്തെ വിളിച്ചിരുന്നത് ‘വിളിച്ചുണർത്തുന്ന തിരുമേനി’ എന്നാണ്.
ഒരു ശല്യമെന്നു താൻ കരുതിയ ഫോണിനോടുള്ള വെറുപ്പ് പ്രശസ്ത പത്രപ്രവർത്തകൻ പോത്തൻ ജോസഫ് മറച്ചുവച്ചിരുന്നില്ല. തന്നെ കാണണമെന്ന് ആഗ്രഹമുള്ളവർ അങ്ങനെ തന്നെ ചെയ്യുകയാണു വേണ്ടത്, ഫോണിലൂടെ ഹലോ എന്നു പറയുകയല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപരായിരുന്നപ്പോൾ വീട്ടിലുണ്ടായിരുന്ന സമയത്ത് അദ്ദേഹം ടെലിഫോൺ അതിന്റെ ക്രാഡിലിൽനിന്നു മാറ്റിവയ്ക്കുമായിരുന്നു. ഓഫിസിലിരിക്കുമ്പോൾ ഒരു മന്ദത തോന്നിയാൽ വീട്ടിലേക്കു വിളിച്ച് ഒരു പാട്ടുപാടി കേൾപ്പിക്കാൻ കുട്ടികളോടു പറയാൻ മാത്രമാണ് അദ്ദേഹം ആ ഫോൺ ഉപയോഗിച്ചത്.
English Summary: ‘Kadhakoottu’ Column written by Thomas Jacob- Funny telephone stories