ലോക വിശപ്പ് ദിനത്തിലെ ആശയം മനോഹരം; 'വളരുന്ന അമ്മമാർ, വളരുന്ന ലോകം'
Mail This Article
അവകാശങ്ങൾ എല്ലാവർക്കും ഒരു പോലെയാണ്. അതിന് സമ്പന്നനെന്നോ ദരിദ്രനെന്നോ ഇല്ല. അവകാശങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് പട്ടിണിയില്ലാതെ, ഭക്ഷണം കഴിച്ച് ജീവിക്കാനുള്ള അവകാശം. കേൾക്കുമ്പോൾ ചെറിയ അമ്പരപ്പ് തോന്നുന്നുണ്ടോ ? ആവശ്യത്തിലധികം ഭക്ഷണപദാർഥങ്ങൾ തീൻ മേശയിൽ കാണാൻ കഴിയുന്നത് കൊണ്ടാണ് അത്. എന്നാൽ, അന്നന്നു വേണ്ട ആഹാരത്തിനു പോലും വകയില്ലാതെ ഇരിക്കുന്നവരുടെയും പട്ടിണി കിടക്കേണ്ടി വരുന്നവരുടെയും കൂടി ലോകമാണിത്. ഭക്ഷ്യ ദൗർലഭ്യം നമ്മൾ ചിന്തിക്കുന്നതിനേക്കാൾ ഗുരുതരമായ അവസ്ഥയിൽ കൂടിയാണ് കടന്നു പോകുന്നത്. ലോകത്ത് ലക്ഷക്കണക്കിന് ആളുകളാണ് ഭക്ഷണം കഴിക്കാൻ സാധിക്കാതെ ഓരോ രാത്രിയിലും ഉറങ്ങാൻ കിടക്കുന്നത്.
അതുകൊണ്ടു ഭക്ഷണം പാഴാക്കി കളയാതിരിക്കുക എന്നത് നമ്മൾ ശീലിച്ചെടുക്കേണ്ട ഒരു സന്മാർഗ പാഠമാണ്. മാത്രമല്ല ഈ ലോകത്തിലുള്ള ഓരോ മനുഷ്യനും എല്ലാ ദിവസവും ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും നമുക്ക് കഴിയണം. ലോകത്ത് ഏകദേശം 800 മില്യൺ ആളുകൾക്ക് ആവശ്യത്തിനുള്ള ഭക്ഷണം കിട്ടുന്നില്ലെന്നാണ് ഒരു ശരാശരികണക്ക്. 2011ലാണ് ലോക വിശപ്പ് ദിനം ആചരിച്ചു തുടങ്ങിയത്. വിശപ്പിനും ദാരിദ്ര്യത്തിനും സുസ്ഥിരമായ പരിഹാരം കാണുക എന്നതാണ് ലോക വിശപ്പ് ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ലോകം മുഴുവൻ ഈ ആശയം പങ്കുവയ്ക്കുന്നതിന്റെ ഭാഗമായാണ് എല്ലാ വർഷവും മെയ് 28ന് ലോക വിശപ്പ് ദിനമായി ആചരിക്കുന്നത്. കമ്യൂണിറ്റികളും ഓർഗനൈസേഷനുകളും വ്യക്തികളും ചേർന്ന് ലോകം മുഴുവനുമുള്ള വിശപ്പിനെതിരെ ഒറ്റ മനസ്സോടെയാണ് പോരാടുന്നത്. എല്ലാ വർഷവും ലോക വിശപ്പ് ദിനത്തിന് പ്രത്യേകമായി ഒരു ആശയം ഉണ്ടായിരിക്കും.
വളരുന്ന അമ്മമാർ, വളരുന്ന ലോകം
ഇത്തവണ വളരെ മനോഹരമാണ് ലോക വിശപ്പ് ദിനത്തിൽ ഉയർത്തുന്ന ആശയം അഥവാ വിഷയം. 'ത്രൈവിങ് മദേഴ്സ്. ത്രൈവിങ് വേൾഡ്' - വളരുന്ന അമ്മമാർ. വളരുന്ന ലോകം എന്നതാണ് ഇത്തവണത്തെ വിഷയം. പോഷകാഹാരക്കുറവ് നേരിടുന്ന ഒരു വലിയ സമൂഹം നമുക്ക് ചുറ്റുമുണ്ട്. അവർക്ക് പൂർണ പിന്തുണ നൽകുക എന്നതാണ് ഇത്തവണ ലക്ഷ്യം വെയ്ക്കുന്നത്. സമ്പന്നമായ, അഭിവൃദ്ധിയുള്ള, പുരോഗതിയുള്ള, ഉന്നതിയുള്ള ഒരു ഭാവി തലമുറ ഉണ്ടാകണമെങ്കിൽ നമ്മുടെ അമ്മമാരും കുട്ടികളും ആദ്യം പുരോഗമിക്കണം. അതുകൊണ്ടു തന്നെ അമ്മമാർക്കും കുട്ടികൾക്കും മികച്ച പോഷകാഹാരം ലഭ്യമാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
അതുകൊണ്ടു തന്നെ പെൺകുട്ടികൾ, അമ്മമാർ എന്നിവർ പോഷകാഹാരക്കുറവ് മൂലം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ലോക വിശപ്പ് ദിനം ലക്ഷ്യം വെയ്ക്കുന്നത്. ജീവിതച്ചെലവ് ഉയരുന്നതും സംഘർഷങ്ങൾ വർദ്ധിക്കുന്നതും കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റവുമെല്ലാം പോഷകാഹാരം ലഭ്യമാകുന്നതിനുള്ള സാധ്യതകളെ ബാധിച്ചിട്ടുണ്ട്.
വിശപ്പ് സഹിച്ച് ജീവിക്കുന്നത് ലക്ഷക്കണക്കിന് ആളുകൾ
ലോകമെങ്ങുമുള്ള 97 രാജ്യങ്ങളിൽ നിന്നായി ഏകദേശം 783 മില്യൺ ആളുകളാണ് എല്ലാ ദിവസവും രാത്രിയിൽ വിശക്കുന്ന വയറുമായി ഉറങ്ങാൻ കിടക്കുന്നത്. യു എൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്ക് അനുസരിച്ചാണ് ഇത്. ചുരുക്കത്തിൽ ലോകത്തിൽ പത്തിൽ ഒരാൾക്ക് ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ നിർവാഹമില്ല. ഒരു അമ്മ വിശപ്പ് അനുഭവിക്കുകയും പോഷകാഹാരക്കുറവ് നേരിടുകയും ചെയ്യുന്ന വ്യക്തിയാണെങ്കിൽ സ്വാഭാവികമായും ആ അമ്മ ജന്മം നൽകുന്ന കുഞ്ഞും പോഷകാഹാരക്കുറവ് അനുഭവിക്കും. കുട്ടികളുടെ ബുദ്ധിയെയും ഭാവിയെയും അത് ബാധിക്കുകയും ചെയ്യും. അത് രാജ്യത്തിന്റെ ഭാവിയെയും ബാധിക്കും.
1977ൽ സ്ഥാപിതമായ ദ ഹംഗർ പ്രൊജക്ട് മുൻകൈ എടുത്താണ് 2011 മുതൽ വേൾഡ് ഹംഗർ ഡേ ആചരിച്ചു തുടങ്ങിയത്. ലോകത്തിന്റെ പട്ടിണി തുടച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ദ ഹംഗർ പ്രൊജക്ട് ആരംഭിച്ചത്. പട്ടിണി മാറ്റാൻ സുസ്ഥിരമായ മാർഗങ്ങൾ കണ്ടെത്തുക എന്നതാണ് ഹംഗർ പ്രൊജക്ടിന്റെ ലക്ഷ്യം. ദാരിദ്ര്യം, ലൈംഗിക അസമത്വം, വിദ്യാഭ്യാസ കുറവ് തുടങ്ങി പട്ടിണിയുടെ അടിസ്ഥാന കാരണം കണ്ടെത്തി അതിൽ മാറ്റം വരുത്തി പട്ടിണിയില്ലാത്ത ഒരു ലോകം സൃഷ്ടിക്കാനാണ് ദ ഹംഗർ പ്രൊജക്ട് ലക്ഷ്യം വെയ്ക്കുന്നത്.
ഏകദേശം ഒരു ബില്യണിൽ അധികം മുതിർന്ന പെൺകുട്ടികളും സ്ത്രീകളുമാണ് നിലവിൽ പോഷകാഹാരക്കുറവ് അനുഭവിക്കുന്നത്. വിശപ്പ് മാറ്റാൻ പോലും ഭക്ഷണം കഴിക്കാൻ ഇല്ലാതെ വരുമ്പോൾ അത് പോഷകാഹാരക്കുറവിലേക്ക് മാറ്റപ്പെടുകയാണ്. അമ്മയിൽ നിന്ന് കുഞ്ഞിലേക്കും പിന്നെയത് ഭാവി തലമുറയിലേക്കും ബാധിക്കുന്നു. വീടുകളിൽ പോലും പലപ്പോഴും ഭക്ഷണക്കാര്യത്തിൽ അസമത്വം കാണാറുണ്ട്. പെൺകുട്ടികൾക്ക് കുറവ് ഭക്ഷണം നൽകുന്നതും അമ്മമാർ എല്ലാവരും കഴിച്ചതിനു ശേഷം വല്ലതുമുണ്ടെങ്കിൽ മാത്രം കഴിക്കുന്നതും അതിന് ഉദാഹരണമാണ്. പെൺകുട്ടികൾ മിക്കപ്പോഴും ചെറിയ പ്രായത്തിൽ തന്നെ വിവാഹിതരാകുകയും കുഞ്ഞുങ്ങൾ ഉണ്ടാകുകയും ചെയ്യും. പോഷകാഹാരക്കുറവ് നേരിടുന്ന പെൺകുട്ടികൾ പലപ്പോഴും പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകാറുള്ളത്. കുഞ്ഞുങ്ങൾക്ക് ആദ്യത്തെ 1000 ദിവസം കൃത്യമായ പോഷകാഹാരം നൽകാൻ സാധിച്ചില്ലെങ്കിൽ അത് ശാരീരികവും മാനസികവുമായ വളർച്ചയെ ബാധിക്കും. അതുകൊണ്ടു തന്നെ അമ്മമാർക്ക് ആവശ്യത്തിനുള്ള പോഷകാഹാരം ലഭ്യമാക്കുക എന്നുള്ളതാണ് ഇത്തവണ ലോക വിശപ്പ് ദിനത്തിൽ ലക്ഷ്യം വെയ്ക്കുന്നത്. പോഷകാഹാരക്കുറവിന്റെ ചങ്ങല ഭേദിക്കാൻ ഇതിലും മനോഹരമായ മറ്റൊരു ആശയവുമില്ല.