ഒരാഴ്ച കൊണ്ട് വയറു കുറയ്ക്കാം; പാര്‍വതിയുടെ ഡയറ്റിലെ സ്പെഷൽ ഡ്രിങ്ക്!
Mail This Article
മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടിയും അവതാരകയുമാണ് പാര്‍വതി കൃഷ്ണ. കൃത്യമായ ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും തന്‍റെ ഭാരവും രൂപഭംഗിയും കാത്തു സൂക്ഷിക്കുന്ന പാര്‍വതിയുടെ യുട്യൂബ് ചാനലില്‍ ഇതേക്കുറിച്ചുള്ള വിഡിയോകള്‍ ധാരാളമുണ്ട്. ഈയടുത്ത്, തന്‍റെ വയറു കുറയ്ക്കാന്‍ സഹായിച്ച പാനീയം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
നാരങ്ങ, ജീരകം, ഇഞ്ചി, കറുവപ്പട്ട എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇഞ്ചി കല്ലില്‍ വച്ച് നന്നായി ചതയ്ക്കുക. ഒരു ഗ്ലാസ് വെള്ളത്തില്‍ ഇവയെല്ലാം കൂടി ഇട്ട്, അര ഗ്ലാസായി തിളപ്പിച്ച് എടുക്കുക. ഏകദേശം പത്തു മിനിറ്റോളം ഇങ്ങനെ തിളപ്പിച്ച് എടുക്കാം.
ഇത് തണുത്ത ശേഷം ഒരു ഗ്ലാസില്‍ അല്‍പ്പം മഞ്ഞള്‍പ്പൊടി ഇട്ട് ഈ വെള്ളം അതിലേക്ക് അരിച്ച് ഒഴിക്കുക. അല്‍പ്പം തേനും കൂടി ചേര്‍ത്ത് കുടിക്കാം.
വെറുംവയറ്റില്‍ ആണ് ഈ പാനീയം കുടിക്കേണ്ടത്. ഇത് കഴിച്ച ശേഷം അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം കഴിഞ്ഞ് മാത്രമേ മറ്റെന്തെങ്കിലും കഴിക്കാന്‍ പാടുള്ളൂ.
എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ ഈ പാനീയം കഴിക്കും മുന്‍പ് വൈദ്യനിര്‍ദ്ദേശം തേടണമെന്നും പാര്‍വതി പ്രത്യേകം പറയുന്നുണ്ട്. ചിലര്‍ക്ക് ഇത് കഴിച്ചാല്‍ അസിഡിറ്റി മുതലായ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.
തന്‍റെ ഭാരം കുറച്ചതിനെക്കുറിച്ച് വിശദമായ വിഡിയോകള്‍ പാര്‍വതിയുടെ യുട്യൂബിലുണ്ട്. പ്രസവത്തിനു ശേഷം തന്‍റെ ഭാരം അന്‍പതുകളില്‍ നിന്നും എണ്‍പതുകളിലേക്ക് പോയതും പിന്നീട് തിരിച്ച് അന്‍പത്തി ഏഴു കിലോ ആക്കി കുറച്ചതുമെല്ലാം പാര്‍വതി വിഡിയോ ആക്കി ചെയ്തിരുന്നു.
ഇഞ്ചിയും ജീരകവും നല്ലതാണ്
അടുക്കളയിലെ സ്ഥിരം സാന്നിധ്യമായ ഇഞ്ചി ഗ്യാസ്ട്രബിൾ പോലെയുള്ള പ്രശ്നങ്ങൾക്കും പരിഹാരമായി ഉപയോഗിക്കാറുണ്ട്. ഗുണങ്ങൾ ഏറെയുണ്ടെങ്കിലും ഇഞ്ചി കൂടുതലായി ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് പറയപ്പെടുന്നത്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ഇഞ്ചി. മാത്രമല്ല ഇതിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. ദിവസവും ഇഞ്ചി കഴിക്കുന്നത് ശരീര ഭാരം കുറയാനും സഹായിക്കുന്നു. ഭക്ഷണത്തിനു ശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചി കഴിക്കുന്നത് വായുക്ഷോഭത്തെ ചെറുക്കാൻ സഹായിക്കും.
ഒരേ സമയം രോഗങ്ങൾക്കുള്ള ഔഷധമായും ഭക്ഷണത്തിനുള്ള സുഗന്ധ മസാലയായും ഉപയോഗിക്കുന്ന ഒന്നാണ് ജീരകം. ജീരകച്ചെടിയുടെ വിത്താണ് ഔഷധത്തിനായും സുഗന്ധമസാലയായും ഉപയോഗിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ പല ഘടകങ്ങളും ജീരകത്തിലുണ്ട്.