ജലമേളയ്ക്ക് വെള്ളമെത്തിച്ചത് 'മേഘസ്ഫോടനം?'; ആറന്മുളയ്ക്കു വഴികാട്ടുമോ ബിഹാറിലെ റബർ ഡാം?

Mail This Article
ചരിത്രപ്രസിദ്ധമായ ആറന്മുള ജലമേളയുടെ നടത്തിപ്പു സംബന്ധിച്ച ആശങ്കകളെയെല്ലാം ഒഴുക്കിമാറ്റിയാണ് ഒറ്റരാത്രികൊണ്ട് പെയ്ത മേഘസ്ഫോടന സമാനമായ അതിതീവ്രമഴ, വെള്ളക്കുറവ് എന്ന വെല്ലുവിളിക്കു പരിഹാരം കണ്ടത്. നാശനഷ്ടങ്ങളും പ്രളയവുമൊക്കെയാണ് മേഘസ്ഫോടനങ്ങളുടെ അനുബന്ധമെങ്കില്‍ ഇവിടെയുണ്ടായ ലഘു മേഘസ്ഫോടനം ഒരു നാടിന്റെ ആചാര പാരമ്പര്യത്തിനു മീതെ അനുഗ്രഹമഴയായി മാറി എന്നതാണു കൗതുകകരം. മനുഷ്യരുടെ ചെയ്തികൾ മൂലം കാലാവസ്ഥ മാറുമ്പോൾ മൺസൂണിനു പോലും താളം തെറ്റുന്നത് സ്വാഭാവികം. പക്ഷേ പ്രകൃതിതന്നെ ഇവയ്ക്കെല്ലാം ചിലപ്പോൾ കൃത്യസമയത്ത് ഉത്തരം നൽകുമ്പോൾ പുറത്തുവരുന്നതു നമ്മുടെ നിസ്സഹായത. കാലാവസ്ഥാ മാറ്റം നമ്മുടെ പരിസ്ഥിതിയെ മാത്രമല്ല, സംസ്കാരത്തെയും ജീവിത രീതികളെയും വിശ്വാസ ആചാരങ്ങളെപ്പോലും ബാധിക്കുന്നതിന് ഉദാഹരണമാണ് ഓണക്കാലത്ത് വെള്ളക്കുറവുമൂലം പമ്പാനദിപോലെ സാംസ്കാരിക പ്രാധാന്യമുള്ള ഒരു നദിയുടെ അടിത്തട്ടിലെ പാറപോലും പുറത്തു കണ്ടു എന്നത്. എങ്ങനെയാണ് മേഘസ്ഫോടനമെന്ന് അനുമാനിക്കുന്ന മഴ ആറന്മുളയെ തുണച്ചത്? എന്താണ് പൊടുന്നനെ മാറുന്ന കേരളത്തിലെ കാലാവസ്ഥാ മാറ്റങ്ങൾക്കു പിന്നിൽ?