‘പുലർച്ചെ 5 മണിക്കും ഓഫിസിൽ നിന്ന് വിളിയെത്തും; ബോസിനെ എതിർത്താൽ പുറത്ത്’; സ്വയം ഷോക്കടിപ്പിച്ച് മരിക്കുന്നവർ!
Mail This Article
7,45,000! ദീർഘസമയം ജോലി ചെയ്യുന്നതുമൂലമുണ്ടായ ഹൃദയരോഗങ്ങളെ തുടർന്നും പക്ഷാഘാതത്തെ തുടർന്നും 2016ൽ മരിച്ചവരുടെ എണ്ണം. രണ്ടായിരത്തിലേതുമായി താരതമ്യം ചെയ്യുമ്പോൾ 29 ശതമാനത്തിന്റെ വർധനവ്. 2021 മേയിൽ എൻവയേൺമെന്റ് ഇന്റർനാഷനലിൽ പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയും രാജ്യാന്തര തൊഴിൽ സംഘടനയും ചേർന്നു തയാറാക്കിയ റിപ്പോർട്ടിലാണ് ഈ കണക്ക്. ആഴ്ചയിൽ 55 മണിക്കൂറിലധികം ജോലി ചെയ്തവർക്കാണ് ജീവൻ തന്നെ നഷ്ടപ്പെട്ടത്. ഏണസ്റ്റ് യങ് ഇന്ത്യയിലെ ജീവനക്കാരിയായിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണം കോർപറേറ്റ് ലോകത്തെ ഉയർന്ന തൊഴിൽ സമ്മർദത്തെ കുറിച്ചുള്ള തുറന്ന ചർച്ചകളിലേക്ക് വഴി തുറക്കുമ്പോൾ ഈ കണക്കുകളും പ്രസക്തമാണ്. അന്നയുടെ മരണത്തിനു തൊട്ടുപിറകേ അടുത്ത വാർത്തയെത്തി. തൊഴിൽ സമ്മർദം താങ്ങാനാകാതെ ചെന്നൈ സ്വദേശി സ്വയം ഷോക്കടിപ്പിച്ച് ആത്മഹത്യ ചെയ്തു. തൊഴിൽ സമ്മർദം താങ്ങാനാകാതെ വിഷാദത്തിലേക്ക് കൂപ്പുകുത്തി ചികിത്സ തേടുന്നവരുടെ അനുഭവങ്ങൾ പലരും പങ്കുവച്ചു. ബാങ്ക്, പൊലീസ് തുടങ്ങിയ തൊഴിൽ മേഖലകളിൽ സമ്മർദം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും വൻതോതിൽ ഉയർന്നിരുന്നു. തൊഴിലില്ലായ്മ രൂക്ഷമാകുന്ന, മികച്ച വരുമാനമുള്ള തൊഴിൽ കണ്ടെത്തുന്നതിന് കടുത്ത മത്സരമുള്ള ഒരു രാജ്യത്ത് അതേ തൊഴിലവസരങ്ങൾ എന്തുകൊണ്ടായിരിക്കും ജീവനക്കാരുടെ ജീവൻ തന്നെ കവരുന്നത്?