കലാകാരന്മാർക്കും കിട്ടും കോവിഡ് ധനസഹായം

Mail This Article
കോവിഡ് മഹാമാരി മൂലം ഉപജീവനമാർഗം നഷ്‍ടപ്പെട്ടു ജീവിതം വഴിമുട്ടിയ കലാകാരനാണോ നിങ്ങൾ? എങ്കിൽ കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പു നൽകുന്ന കോവിഡ് 19 ധനസഹായ പദ്ധതിക്ക് അപേക്ഷിക്കാം.
ആർക്കെല്ലാം കിട്ടും?
അഞ്ചു വർഷക്കാലമായി കലാരംഗത്തു പ്രവർത്തിക്കുന്നവരും കേരളത്തിൽ സ്ഥിരതാമസമാക്കിയിട്ടുള്ളവരുമായ കലാകാരന്മാർക്കാണ് ഈ പദ്ധതി വഴിയുള്ള ധനസഹായം ലഭിക്കുന്നത്. സർക്കാർ/പൊതുമേഖലാ/സഹകരണ സ്ഥാപനങ്ങളിൽനിന്നോ ക്ഷേമനിധി ബോർഡുകളിൽനിന്നോ പ്രതിമാസ പ്രതിഫലമോ ശമ്പളമോ പെൻഷനോ ലഭിക്കുന്നവരും സർക്കാരിന്റെ കോവിഡ് ധനസഹായ പദ്ധതിയിലൂടെ ധനസഹായം ലഭ്യമായവരും ഈ സഹായത്തിന് അർഹരല്ല.
എവിടെ അപേക്ഷിക്കാം?
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. http://www.keralaculture.org/covid-relief-scheme എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. കോവിഡ് ധനസഹായത്തിനുള്ള ഓൺലൈൻ അപേക്ഷാഫോം സൈറ്റിൽ ഉണ്ട്.
എന്തെല്ലാം രേഖകൾ വേണം?
അപേക്ഷകൻ, കലാരംഗത്ത് കഴിഞ്ഞ അഞ്ചു വർഷമായി പ്രവർത്തിക്കുന്നുണ്ടെന്നും കലാപ്രവർത്തനം ഉപജീവനമാർഗമാണെന്നും തെളിയിക്കുന്ന സാക്ഷ്യപത്രം (തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധി/സെക്രട്ടറി/ഗസറ്റഡ് ഓഫിസർ/എംപി/എംഎൽഎ ഇവരിൽ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയത്). ഇതിനു പുറമേ ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്കിന്റെ ആദ്യപേജിന്റെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.
ഏതെല്ലാം കലാകാരന്മാർക്ക് അപേക്ഷിക്കാം?
ചലച്ചിത്ര അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ഫോക്‌ലോർ അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള സാഹിത്യ അക്കാദമി എന്നിവയുടെ പരിധിയിൽ വരുന്ന കലാകാരന്മാർക്ക് അപേക്ഷിക്കാം. വിവിധ കലാ വിഭാഗങ്ങളുടെ പട്ടിക സൈറ്റിൽ നൽകിയിട്ടുണ്ട്. സംശയങ്ങൾക്കു ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0487–2331069, 9447134149
English Summary: Details of State Government's Financial Aid for Kerala Artists