ADVERTISEMENT

തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആഭ്യന്തര ക്രിക്കറ്റിലെ വമ്പൻമാർ ഉൾപ്പെടുന്ന ഉത്തർപ്രദേശിനെതിരെ കേരളം ശക്തമായ നിലയിൽ. ഒന്നാം ഇന്നിങ്സിൽ 162 റൺസിനു പുറത്തായ ഉത്തർപ്രദേശിനെതിരെ, ഒന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്ന നിലയിലാണ് കേരളം. 23 ഓവറിലാണ് കേരളം 82 റൺസെടുത്തത്. അതിഥി താരങ്ങളായ ബാബ അപരാജിത് (23 പന്തിൽ 21), ആദിത്യ സർവതെ (17 പന്തിൽ നാല്) എന്നിവർ ക്രീസിൽ. എട്ടു വിക്കറ്റ് കയ്യിലിരിക്കെ ഉത്തർപ്രദേശിനേക്കാൾ 80 റൺസ് മാത്രം പിന്നിലാണ് കേരളം.

ഇതുവരെ 23 പന്തുകൾ നേരിട്ട ബാബ അപരാജിത് മൂന്നു ഫോറും ഒരു സിക്സും സഹിതമാണ് 21 റൺസെടുത്തത്. 17 പന്തുകൾ നേരിട്ടാണ് ആദിത്യ സർവതെ നാലു റൺസെടുത്തത്. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും 25 പന്തിൽ 13 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഓപ്പണർമാരായ വത്സൽ ഗോവിന്ദ് (62 പന്തിൽ 23), രോഹൻ എസ്.കുന്നുമ്മൽ (38 പന്തിൽ 28) എന്നിവരാണ് കേരള നിരയിൽ പുറത്തായത്.

62 പന്തിൽ രണ്ടു ഫോറുകൾ സഹിതം 23 റൺസെടുത്ത വത്സൽ ഗോവിന്ദിനെ ശിവം മാവിയാണ് പുറത്താക്കിയത്. വിക്കറ്റ് കീപ്പറും ഉത്തർപ്രദേശ് ക്യാപ്റ്റനുമായ ആര്യൻ ജുയൽ ക്യാച്ചെടുത്തു. 38 പന്തിൽ നാലു ഫോറുകളോടെ 28 റൺസെടുത്ത രോഹനെ ആക്വിബ് ഖാനും ആര്യൻ ജുയലിന്റെ കൈകളിലെത്തിച്ചു. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 78 പന്തിൽ 48 റൺസ് കൂട്ടിച്ചേർത്തു. എട്ട് ഓവറിൽ 27 റൺസ് വഴങ്ങിയാണ് മാവി ഒരു വിക്കറ്റ് വീഴ്ത്തിയത്. ആക്വിബ് ഖാൻ ആറ് ഓവറിൽ 21 റൺസ് വഴങ്ങിയും ഒരു വിക്കറ്റ് വീഴ്ത്തി.

∙ യുപിയെ എറിഞ്ഞിട്ട് കേരളം

നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തർപ്രദേശ് 60.2 ഓവറിൽ 162 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 129 റൺസിനിടെ 9 വിക്കറ്റ് നഷ്ടമാക്കി കൂടുതൽ പരിതാപകരമായ അവസ്ഥയിലായിരുന്ന ഉത്തർപ്രദേശിനെ, 10–ാം വിക്കറ്റിൽ 33 റൺസ് കൂട്ടിച്ചേർത്ത ശിവം ശർമ – ആക്വിബ് ഖാൻ സഖ്യമാണ് 150 കടത്തിയത്. ഉത്തർപ്രദേശ് ഇന്നിങ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതാണ്. പത്താമനായി ഇറങ്ങി 50 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 30 റൺസെടുത്ത ശിവം ശർമയാണ് ഉത്തർപ്രദേശിന്റെ ടോപ് സ്കോറർ.

കേരളത്തിനായി ജലജ് സക്സേന അഞ്ച് വിക്കറ്റ് വീഴ്ത്തി ബോളിങ് ആക്രമണത്തിന് നേതൃത്വം നൽകി. 16 ഓവറിൽ 56 റൺസ് വഴങ്ങിയാണ് സക്സേന അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ബേസിൽ തമ്പി 12 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. കെ.എം. ആസിഫ്, ബാബ അപരാജിത്, ആദിത്യ സർവതെ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ഉത്തർപ്രദേശ് നിരയിൽ ഓപ്പണർ കൂടിയായ ക്യാപ്റ്റൻ ആര്യൻ ജുയൽ (57 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 23), മാധവ് കൗശിക് (58 പന്തിൽ രണ്ടു ഫോർ സഹിതം 13), നിതീഷ് റാണ (46 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 25), സിദ്ധാർഥ് യാദവ് (25 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 19), സൗരഭ് കുമാർ (52 പന്തിൽ ഒരു ഫോർ സഹിതം 19), ശിവം മാവി (22 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 13), പിയൂഷ് ചൗള (18 പന്തിൽ ഒരു ഫോർ സഹിതം 10) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. യുവതാരങ്ങളിൽ ശ്രദ്ധേയരായ പ്രിയം ഗാർഗ് (ആറു പന്തിൽ ഒന്ന്), സമീർ റിസ്‌വി (ആറു പന്തിൽ ഒന്ന്) എന്നിവർ പൂർണമായും നിരാശപ്പെടുത്തി. ആക്വിബ് ഖാൻ 26 പന്തിൽ മൂന്നു റൺസുമായി പുറത്താകാതെ നിന്നു.

English Summary:

Kerala vs Uttar Pradesh, Ranji Trophy 2024-25 Elite Group C Match, Day 1 - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com