ഐഎസ്എൽ സ്വപ്നവുമായി ഗോകുലം കേരള എഫ്സി, ആദ്യമത്സരം നാളെ ഹൈദരാബാദിൽ
Mail This Article
കോഴിക്കോട്∙ ഐ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്കൊരുങ്ങി കോർപറേഷൻ സ്റ്റേഡിയം, മൂന്നാംകിരീടം സ്വന്തമാക്കി ഐഎസ്എലിലേക്കു സ്ഥാനക്കയറ്റം നേടുകയെന്ന ലക്ഷ്യവുമായി ഗോകുലം കേരള എഫ്സി. ഐ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ഹൈദരാബാദിൽ നാളെ ശ്രീനിധി എഫ്സിയെയാണ് ഗോകുലം നേരിടുന്നത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലായിരുന്നു ടീമിന്റെ പരിശീലനം.
ഗോകുലത്തിന്റെ ആദ്യ ഹോം മത്സരം ഡിസംബർ 3ന് രാത്രി ഏഴിനു മിസോറമിൽനിന്നുള്ള ഐസോൾ എഫ്സിയുമായാണ്. പുതിയ സ്പാനിഷ് പരിശീലകനായ അന്റോണിയോ റൂയെഡയാണ് ഗോകുലത്തിനു തന്ത്രം മെനയുന്നത്. കഴിഞ്ഞ 3 മാസങ്ങളായി പരിശീലനം നടത്തുന്നതിന്റെ ഫലം ലേയിൽ നടന്ന ക്ലൈമറ്റ് കപ്പിൽ കണ്ടതാണ്. ഇന്ത്യൻ താരങ്ങളുമായി മത്സരിക്കാനിറങ്ങിയ ഗോകുലം കിരീടവുമായാണ് തിരിച്ചെത്തിയത്.
താരസമ്പുഷ്ടമാണ് ഇത്തവണ ഗോകുലം ടീം. കഴിഞ്ഞ തവണ ഗോകുലം ക്യാപ്റ്റനായിരുന്ന അലക്സ് സാഞ്ചസായിരുന്നു ഐ ലീഗിലെ ഗോൾവേട്ടക്കാരിൽ മുൻപൻ. ഇത്തവണ മുൻ ബാർസിലോന ബി ടീം താരം ആബേലഡോ യുറഗ്വായിൽനിന്നുള്ള മാർട്ടിൻ ഷാവേസ്, മാലിയിൽനിന്നുള്ള അഡാമാ തുടങ്ങിയ മുൻനിര വിദേശ കളിക്കാരാണ് ഗോകുലത്തിനായി കളിക്കുന്നത്. ഇന്ത്യൻതാരം വി.പി.സുഹൈർ, മൈക്കിൾ സൂസൈ രാജ്, മഷൂർ ഷെരീഫ്, സലാം രഞ്ജൻ തുടങ്ങിയ ഇന്ത്യൻതാരങ്ങളും ഗോകുലത്തിലുണ്ട്.