ADVERTISEMENT

കോഴിക്കോട്∙ ഹജ്മലിന്റെ കൈകളിൽ സുരക്ഷിതരായി കേരളം! ആദ്യാവസാനം കളി മെനഞ്ഞ് നിജോ ഗിൽബർട്ടും ഗനി അഹമ്മദ് നിഗമും. പകരക്കാരനായെത്തി 72–ാം മിനിറ്റിൽ ഗോൾ നേടിയ കോഴിക്കോട്ടുകാരൻ മുഹമ്മദ് അജ്സലിന്റെ മികവിൽ കേരളത്തിനു സന്തോഷ് ട്രോഫി ഫുട്ബോളിൽ വിജയത്തുടക്കം. സന്തോഷ് ട്രോഫി ഗ്രൂപ്പ് എച്ച് യോഗ്യതാ റൗണ്ടിൽ റെയിൽവേസിനെ 1–0നാണ് കേരളം പരാജയപ്പെടുത്തിയത്. 

ആദ്യപകുതിയിൽ റെയിൽവേസിന്റെ മികച്ച മുന്നേറ്റങ്ങൾ കേരളത്തിന്റെ ഗോളി ഹജ്മൽ വീരോചിതമായി തടുത്തിട്ടു. രണ്ടാം പകുതിയിൽ ഗോളിനായി ഇരുടീമുകളും പൊരുതിത്തുടങ്ങിയതോടെ കളി ചൂടുപിടിച്ചു. ഗോകുലം കേരളയുടെ താരമായ മുഹമ്മദ് അജ്സൽ രണ്ടാംപകുതിയുടെ തുടക്കത്തിലാണ് പകരക്കാരനായി കളത്തിലിറങ്ങിയത്. മൂന്നു ഡിഫൻഡർമാർക്കിടയിലൂടെ നിജോ ഗിൽബർട്ടിന്റെ പാസ് ബോക്സിനു വലതുവശത്തേക്ക്. ഓടിയെത്തിയ അജ്സലിന്റെ ടൈമിങ് കൃത്യം. മുന്നോട്ടുകയറി വന്ന റെയിൽവേസ് ഗോളി ബിർക്കാങ് ഡൈമെരിയെ തൊട്ടു തൊട്ടില്ല എന്നതുപോലെ അജ്സലിന്റെ ഷോട്ട്. ഇതോടെ 72–ാം മിനിറ്റിൽ ഒരു ഗോളിനു കേരളം മുന്നിലെത്തി.

6 മിനിറ്റ് ഇൻജറി ടൈമിന്റെ അവസാന സെക്കൻഡ് വരെ  മറുപടി ഗോളിനായി റെയിൽവേസും ഒരു ഗോൾകൂടി നേടാൻ കേരളവും കിണഞ്ഞു പരിശ്രമിച്ചതോടെ മത്സരം ചൂടുപിടിച്ചു. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ സന്തോഷം കേരളത്തിനൊപ്പം.നാളെ വൈകിട്ട് 3.30ന് ലക്ഷദ്വീപുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. 

ക്ലൈമാക്സിൽ പുതുച്ചേരി

കോഴിക്കോട് ∙ ആദ്യാവസാനം തകർത്തു കളിച്ച 2 ടീമുകൾ. ഗോൾമഴയുമായാണ് സന്തോഷ് ട്രോഫിയുടെ ഗ്രൂപ്പ് എച്ച് മത്സരങ്ങൾക്ക് ഇന്നലെ തുടക്കമായത്. കോർപറേഷൻ സ്റ്റേഡിയത്തിലെ ആദ്യമത്സരത്തിൽ പിറന്നത് അഞ്ചു ഗോളുകളാണ്. പുതുച്ചേരിക്കായി ദിലീപനും ലക്ഷദ്വീപിനായി മുഹമ്മദ് മമ്മുവും ഇരട്ടഗോളുകൾ നേടി. പുതുച്ചേരിക്കായി കെ.ശരണും ഗോൾ നേടി. ആദ്യപകുതിയിൽ മുഹമ്മദ് മമ്മു നേടിയ ഇരട്ട ഗോളുകളിൽ ലക്ഷദ്വീപ് 2–1നു മുന്നിലായിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ പുതുച്ചേരിക്കായി ദിലീപൻ നേടിയ 2 ഗോളുകൾ ടീമിന്റെ വിജയമുറപ്പിച്ചു.

English Summary:

Kerala defeated railways in santosh trophy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com