നോഹയുടെ ഹെഡർ ഗോൾലൈനിൽ സേവ് ചെയ്ത് റഹിം അലി; ഒടുവിൽ നോഹയുടെ ഷോട്ടിന് ഗോളിലേക്ക് ‘വഴികാട്ടി’ അതേ റഹിം– വിഡിയോ
Mail This Article
കൊച്ചി ∙ കളിക്ക് അനക്കം വയ്ക്കും മുൻപേ ഒരു ഗോളിനു പിന്നിലായെങ്കിലും, ആവേശം ഒട്ടും ചോരാതെ പൊരുതിക്കളിച്ചാണ് ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിക്കെതിരെ വിജയം പിടിച്ചെടുത്തത്. അവസാന 30 മിനിറ്റിലായിരുന്നു കൊമ്പൻമാരുടെ ഗോളുകളെല്ലാം. ബ്ലാസ്റ്റേഴ്സിനായി ക്വാമെ പെപ്ര (60 –ാം മിനിറ്റ്), ഹെസൂസ് ഹിമെനെ (73), നോവ സദൂയി (90+5) എന്നിവർ ലക്ഷ്യം കണ്ടു. ജെറി മാവിമിങ്തംഗയും (4), ഡോറിയെൽറ്റനുമാണ് (80) ഒഡീഷ സ്കോറർമാർ. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ 8–ാം സ്ഥാനത്തെത്തി. ഇടക്കാല കോച്ച് ടി.ജി.പുരുഷോത്തമനു കീഴിൽ 4 കളികളിൽ 3–ാം ജയം. 83 –ാം മിനിറ്റിൽ ഒഡീഷ ഡിഫൻഡർ കാർലോസ് ഡെൽഗാഡോ ചുവപ്പു കാർഡ് കണ്ടതോടെ അവർ 10 പേരിലേക്കു ചുരുങ്ങിയതും ബ്ലാസ്റ്റേഴ്സിനു ഗുണമായി.
അതിനിടെ, ഒരു ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾലൈനിൽ ‘സൂപ്പർ സേവു’മായി ഒഡീഷ എഫ്‍സിയുടെ രക്ഷകനായ യുവതാരം റഹിം അലി, ഇൻജറി ടൈമിൽ നോഹ സദൂയിയുടെ ഷോട്ടിന് ഗോളിലേക്ക് ‘വഴികാട്ടി’ കേരള ബ്ലാസ്റ്റേഴ്സിന്റെയും ‘രക്ഷകനാ’കുന്നതും കണ്ടു. മത്സരത്തിന്റെ 4–ാം മിനിറ്റിൽ ഗോൾവഴങ്ങി പിന്നിലായിപ്പോയ ബ്ലാസ്റ്റേഴ്സ്, സമനില ഗോളിനായി സമ്മർദ്ദം ചെലുത്തുന്നതിനിടെ 58–ാം മിനിറ്റിലാണ് ഗോൾലൈൻ സേവുമായി റഹിം അലി ബ്ലാസ്റ്റേഴ്സിനു മുന്നിൽ വില്ലനായത്. ഇൻജറി ടൈമിൽ നോഹ സദൂയിയുടെ ഷോട്ട് തടുക്കാനുള്ള ശ്രമത്തിൽ, ഇതേ റഹിം അലിയുടെ കാലിൽത്തട്ടി ദിശ മാറിയാണ് പന്ത് വലയിൽ കയറിയതും കേരളം വിജയം പിടിച്ചെടുത്തതും.
58–ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച 11–ാമത്തെ കോർണറിൽ നിന്നാണ് ഗോളെന്നുറപ്പിച്ച നീക്കമെത്തിയത്. കോർണറിൽനിന്ന് വന്ന പന്ത് ബോക്സിനുള്ളിൽ ഉയർന്നുചാടിയ നോഹ സദൂയി പന്ത് തലകൊണ്ട് ചെത്തി പോസ്റ്റിന്റെ വലതുമൂലയിലേക്ക് അയച്ചു. ഗോൾകീപ്പർ സ്ഥാനം തെറ്റിനിൽക്കെ രണ്ടാം പോസ്റ്റിനു സമീപം നിലയുറപ്പിച്ച റഹിം അലിയുടെ ഗോൾലൈൻ സേവ് അവർക്ക് അവിശ്വസനീയ രക്ഷയായി. കേരളം സമനില പിടിച്ചെന്ന് ഉറപ്പിച്ചിരിക്കെയാണ് റഹിം അലി ഗോൾലൈനിൽ ഒഡീഷയുടെ രക്ഷകനായത്.
പിന്നീട് മത്സരം സമനിലയിലേക്കെന്ന് ഉറപ്പിച്ചിരിക്കെയാണ് റഹിം അലിയുടെ കൂടി ‘സ്പർശ’മുള്ള ഗോളിൽ ബ്ലാസ്റ്റേഴ്സ് വിജയം പിടിച്ചെടുത്തത്. രണ്ടാം മഞ്ഞക്കാർഡ് കണ്ട് കാർലോസ് ഡെൽഗാഡോ പുറത്തായതോടെ 10 പേരായി ചുരുങ്ങിയ ഒഡീഷ എഫ്‍സിയെ ഏതുവിധേനയും വീഴ്ത്താനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ തീവ്രശ്രമത്തിനു ലഭിച്ച പ്രതിഫലമായിരുന്നു മൂന്നാം ഗോൾ. ഇൻജറി ടൈമിലേക്കു കടന്ന മത്സരത്തിൽ സമനില കൈവിടാതിരിക്കാൻ ബോക്സ് അടച്ച് പ്രതിരോധിക്കാനായിരുന്നു ഒഡീഷ എഫ്‍സിയുടെ ശ്രമം.
വിജയഗോളിനായി തലങ്ങും വിലങ്ങും ആക്രമണം നടത്തിയ ബ്ലാസ്റ്റേഴ്സിന് ഒടുവിൽ ഗോൾമുഖം തുറന്നുകിട്ടി. ബോക്സിനു പുറത്തുലഭിച്ച പന്ത് ഫ്രെഡ്ഡി വിബിൻ മോഹനനു മറിച്ചു. ഇടതുവിങ്ങിൽ ആളൊഴിഞ്ഞുനിൽക്കുന്ന നോഹ സദൂയിക്ക് വിബിന്റെ പാസ്. തടയാനെത്തിയ റഹിം അലിയെ വട്ടംചുറ്റിച്ച് സദൂയി തൊടുത്ത ലോങ് ഷോട്ട്, റഹിം അലിയുടെ കാലിൽത്തട്ടി ഗതിമാറി ഉയർന്നുപൊങ്ങി ഒഡീഷ വലയിൽ വീണു. മുന്നോട്ടു കയറിനിൽക്കുകയായിരുന്ന ഗോൾകീപ്പർ അമരീന്ദർസിങ്ങും കാഴ്ചക്കാരനായ നിമിഷം. ഈ ഗോളിന്റെ മികവിൽ നിർണായക വിജയത്തോടെ കേരളം ലീഗിൽ പ്രതീക്ഷ കാത്തു.