ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങ് ഡെറാഡൂണിൽ ഇന്ന് വൈകിട്ട് 4 മുതൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും
![national-game-inugration ഡെറാഡൂണിലെത്തിയ കേരള ബാസ്കറ്റ്ബോൾ ടീമിനു പരമ്പരാഗത നൃത്തത്തിന്റെയും ഗെയിംസിന്റെ ഭാഗ്യചിഹ്നമായ ‘മൗലി’യുടെയും അകമ്പടിയോടെ സ്വീകരണം
നൽകിയപ്പോൾ. ചിത്രം: ജിബിൻ ചെമ്പോല / മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/1/27/national-game-inugration.jpg?w=1120&h=583)
Mail This Article
ആയുധമേന്ത്രി കുതിരപ്പുറത്തിരിക്കുന്ന ഉഗ്രപ്രതാപി മേവാർ രാജാവ് മഹാറാണാ പ്രതാപിന്റെ പ്രതിമയാണു ഡെറാഡൂണിനു ചേർന്നുള്ള റായ്പൂരിലെ ഗെയിംസ് വേദിയിലേക്കു സ്വാഗതം ചെയ്തത്. കുറച്ചകലെയായി മഹാറാണാ പ്രതാപ് സ്പോർട്സ് കോളജ്. അതിനോടു ചേർന്നു രജത ജൂബിലി സ്പോർട്സ് കോംപ്ലക്സ്; ദേശീയ ഗെയിംസിന്റെ പ്രധാന വേദി. ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകരിച്ചിട്ട് 25 വർഷമാകുന്നതിന്റെ ഓർമയ്ക്കായാണു വേദിക്കു രജത ജൂബിലി സ്പോർട്സ് കോംപ്ലക്സ് എന്ന പേര്. റായ്പൂരിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നു വൈകിട്ട് 4നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ കായികോത്സവമായ ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്യും.
ഒരുവശത്തു സുന്ദരമായ ദ്വാരാ മലനിരകൾ. മലയിൽനിന്ന് ഒഴുകി വരുന്ന കോടമഞ്ഞിന്റെ ഭംഗി നിറയുന്ന ഹിമാദ്രിയുടെ മടിത്തട്ട്. മറുവശത്ത് ഒരു ഗാനം പോലെ പോലെ ഒഴുകുന്ന സോങ് നദി. ആ മനോഹര പശ്ചാത്തലത്തിലാണ് ഉത്തരാഖണ്ഡ് ആദ്യമായി ആതിഥ്യം വഹിക്കുന്ന ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങുകൾ നടക്കുക.
മലനിരകളും മഞ്ഞും തണുപ്പും ഗംഗ നദിയും ഹരിദ്വാറിലെ ആരതിയുമെല്ലാം ചിത്രീകരിക്കുന്ന സാംസ്കാരിക പരിപാടികളാണ് ഉദ്ഘാടനച്ചടങ്ങിൽ ഒരുക്കുന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ദാമി, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ എന്നിവർക്കൊപ്പം പ്രമുഖ കായിക താരങ്ങളും ചടങ്ങിൽ പങ്കെടുക്കും.
മാർച്ച് പാസ്റ്റിൽ കേരളത്തിനു രാജ്യാന്തര ബാസ്കറ്റ്ബോൾ താരം പി.എസ്. ജീനയും വുഷു താരം മുഹമ്മദ് ജാസിറും പതാക വഹിക്കും. 20 കേരള താരങ്ങളാണു മാർച്ച് പാസ്റ്റിൽ പങ്കെടുക്കുക. ചെഫ് ഡി മിഷൻ സെബാസ്റ്റ്യൻ സേവ്യറും ഡപ്യൂട്ടി ചെഫ് ഡി മിഷൻ വിജു വർമയും അനുഗമിക്കും.ഡെറാഡൂണിനു പുറമേ ഉത്തരാഖണ്ഡിലെ മറ്റു നഗരങ്ങളായ ഹൽദ്വാനി, ഹരിദ്വാർ, ഋഷികേശ്, രുദ്രാപുർ, തെഹ്‌രി, പിത്തോറഗഡ്, അൽമോര, തനക്പുർ തുടങ്ങിയവയാണു വേദികൾ. ഉദ്ഘാടനച്ചടങ്ങുകൾ ഡിഡി സ്പോർട്സ് ചാനൽ തൽസമയം സംപ്രേഷണം ചെയ്യും.
![container-making-stage കണ്ടെയ്നറുകൾ ഉപയോഗിച്ചു നിർമിച്ച വേദി. ചിത്രം: മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/1/27/container-making-stage.jpg)
∙ കണ്ടെയ്നറിൽ നിറച്ച ആഘോഷ നൃത്തം
2022ൽ ദോഹയിൽ നടന്ന ലോകകപ്പ് ഫുട്ബോളിനായി ഒരുക്കിയ കണ്ടെയ്നർ സ്റ്റേഡിയം ശ്രദ്ധ നേടിയിരുന്നു. ലോകകപ്പിനു ശേഷം ആ കണ്ടെയ്നർ സ്റ്റേഡിയം പൊളിച്ചു നീക്കുകയും ചെയ്തു. ഇത്തവണത്തെ ദേശീയ ഗെയിംസിലുമുണ്ട് സമാനമായൊരു മാതൃക. ഗെയിംസിൽ സാംസ്കാരിക പരിപാടികൾ നടത്താനായി ഒരുക്കുന്ന വേദിയുടെ നിർമാണത്തിനാണു കണ്ടെയ്നറുകൾ ഉപയോഗിക്കുന്നത്.
∙ മോസ്റ്റ് വെൽകം, ടീം കേരള!
പരമ്പരാഗതമായ ഭോഷിയ നൃത്തച്ചുവടുകൾ വച്ച് ഉത്തരാഖണ്ഡുകാർ കേരളത്തെ ദേശീയ ഗെയിംസ് വേദിയായ രജത ജൂബിലി സ്പോർട്സ് കോംപ്ലക്സിലേക്കു സ്വാഗതം ചെയ്തു. മാർച്ച് പാസ്റ്റിൽ കേരളത്തിന്റെ പതാകയേന്തുന്ന ബാസ്കറ്റ്ബോൾ താരം പി.എസ്. ജീന മുന്നിൽ. ഒപ്പം വനിതാ ബാസ്കറ്റ്ബോൾ ടീമംഗങ്ങളും.
പരമ്പരാഗത രീതിയിലുള്ള വസ്ത്രമണിഞ്ഞ് ആവേശം കൊള്ളിക്കുന്ന നൃത്തച്ചുവടുകളുമായാണ് ആതിഥേയർ ടീമുകളെ സ്വീകരിച്ചത്. വനിത ബാസ്കറ്റ് ബോളിൽ നിലവിലുള്ള ചാംപ്യൻമാരാണു കേരളം. ഇന്നലെ 2 മണിക്കൂറിലേറെ കേരള സംഘം പരിശീലനം നടത്തി.
ആർ. ശ്രീകലയാണു ക്യാപ്റ്റൻ. ജിജോ പോളും കെ. വിപിനും പരിശീലകർ.ടീമിനെ പ്രോത്സാഹിപ്പിക്കാനായി കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാറും ചെഫ് ഡി മിഷൻ സെബാസ്റ്റ്യൻ സേവ്യറും പരിശീലന വേദിയിലെത്തിയിരുന്നു.