ദേശീയ ഗെയിംസിന് വർണാഭമായ തുടക്കം; മാർച്ച് പാസ്റ്റിൽ കേരളത്തെ നയിച്ച് പി.എസ്. ജീന

Mail This Article
അദ്ഭുതങ്ങൾ ഒളിപ്പിച്ച ചെപ്പു പോലെ റായ്പുർ രാജീവ്ഗാന്ധി സ്റ്റേഡിയം. മധ്യത്തിലെ പിരമിഡ് സ്ക്രീനിൽ പുരാണവും ചരിത്രവും പൈതൃകവും നിറഞ്ഞപ്പോൾ ഗാലറിയിൽ ആവേശം അലതല്ലി. ദേവഭൂമിയെന്നു വിളിപ്പേരുള്ള ഉത്തരാഖണ്ഡിന്റെ പരമ്പരാഗത സംഗീത ബാൻഡായ ‘പാണ്ഡവാസ്’ ഒരുക്കിയ മാസ്മരിക സംഗീതത്തിനൊപ്പം ഗാലറി ഒന്നടങ്കം നൃത്തം വച്ചു. മഞ്ഞു വീഴുന്ന തണുപ്പായിരുന്നിട്ടും സ്റ്റേഡിയത്തിലെ ഗാലറികൾ നിറഞ്ഞു കവിഞ്ഞിരുന്നു. ഉത്തരാഖണ്ഡിന്റെ സ്വന്തം ബാഡ്മിന്റൻ താരം ലക്ഷ്യ സെൻ സ്റ്റേഡിയം വലംവച്ചു കൈമാറിയ ‘തേജസ്വിനി’യെന്ന ദീപശിഖ പ്രധാനമന്ത്രി നരേന്ദ്രമോദി ഗെയിംസ് വേദിയിൽ സ്ഥാപിച്ചു; 38–ാമതു ദേശീയ ഗെയിംസിന് ഔദ്യോഗിക തുടക്കം.
മുന്നൂറോളം പേർ ഒരുമിച്ച് അണിനിരന്നു ശംഖുനാദം മുഴക്കി. ഗ്രൗണ്ടിലും ഗാലറിയിലും കായികാവേശത്തിന്റെ ആനന്ദനൃത്തം. ഉദ്ഘാടന പ്രസംഗത്തിനിടെ പ്രധാനമന്ത്രി ആവശ്യപ്പെട്ടു: എല്ലാവരും മൊബൈൽ ഫോണിലെ ടോർച്ച് ലൈറ്റ് ഓൺ ചെയ്യൂ. ആ മൊബൈൽ വെളിച്ചത്തിൽ, ദേശീയ ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതായി പ്രഖ്യാപിച്ചു. ഫ്ലഡ്‌ലൈറ്റ് അണഞ്ഞു. ഗാലറിയിലെ മൊബൈൽ വെളിച്ചത്തിൽ സ്റ്റേഡിയം കൂടുതൽ മനോഹരമായി.നേരത്തേ, സൂര്യാസ്തമനത്തിനു ശേഷം പുഷ്പാലംകൃതമായ വാഹനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്രവേശിച്ചത്; ഗാലറിക്കു നേരേ കൈവീശിക്കാട്ടി പ്രധാനമന്ത്രി കായികപ്രേമികളുടെ ആവേശമുയർത്തി.
പിന്നാലെ ഗ്രൗണ്ടിൽ ശിവതാണ്ഡവ നൃത്തം. മുഖ്യമന്ത്രി പുഷ്കർ സിങ് ദാമി, കായികമന്ത്രി രേഖ ആര്യ, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ എന്നിവരുടെ ഹ്രസ്വപ്രസംഗങ്ങൾ. പിന്നാലെ കായിക താരങ്ങളുടെ മാർച്ച് പാസ്റ്റ്. ഗെയിംസിന്റെ ഭാഗ്യചിഹ്നമായ ‘മൗലി’ മാർച്ച് പാസ്റ്റിന്റെ മുന്നിൽ നടന്നു. പിന്നിൽ അക്ഷരമാല ക്രമത്തിൽ ടീമുകൾ. കർണാടകയ്ക്കു പിന്നിലും മധ്യപ്രദേശിനു മുന്നിലുമായി കേരളം; പതാക വഹിച്ച് ബാസ്കറ്റ്ബോൾ താരം പി.എസ്. ജീന. കേരള ടീമിന്റെ സംഘത്തലവൻ സെബാസ്റ്റ്യൻ സേവ്യർ ഉൾപ്പെടെയുള്ളവർ മാർച്ച് പാസ്റ്റിൽ പങ്കെടുത്തു. മാർച്ച് പാസ്റ്റിനു ശേഷം കായിക താരങ്ങളെ സാക്ഷിയാക്കി പ്രധാനമന്ത്രിയുടെ പ്രസംഗം. കായിക മേഖലയിൽ മുന്നേറുമ്പോൾ അതു രാജ്യത്തിന്റെ പുരോഗതിയാണു കാണിക്കുന്നത്. ഖേലോ ഇന്ത്യ ഗെയിംസുകളിലൂടെ രാജ്യം കായിക താരങ്ങൾക്കു കൂടുതൽ അവസരങ്ങൾ നൽകുകയാണ്. അതു രാജ്യത്തെ യുവാക്കളുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു.