രാമപാദങ്ങളിൽ ‘രാമകഥാമാധുരി’ നടനശിൽപം

Mail This Article
രാമായണ മാസത്തിൽ ഭക്തയായ നൃത്താധ്യാപിക തൃപ്രയാറപ്പന്റെ തൃപ്പാദത്തിൽ അർപ്പിക്കുന്നതു രാമായണത്തിലൂടെ ഒരു നടനയാത്ര. തൃശൂർ ‘നടന സാത്വിക’യുടെ രാമായണ നൃത്തശിൽപം ‘രാമകഥാമാധുരി’ കർക്കടകം ഒന്നിന് ആരംഭിച്ചു. രാമായണ പാരായണം പോലെ വറുതി മാസത്തിന്റെ വേവലാതികൾ മറക്കാൻ ഇനി രാമായണ നടനശിൽപവുമുണ്ടാകും. മലയാളത്തിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്നു നടന സാത്വികയുടെ നടത്തിപ്പുകാരിയും നൃത്താധ്യാപികയുമായ ഉഷാ ഫ്രെഡ്ഡി പറയുന്നു. തൃപ്രയാർ ക്ഷേത്രം തന്ത്രി തരണനല്ലൂർ പടിഞ്ഞാറെ മനയ്ക്കൽ പത്മനാഭൻ നമ്പൂതിരിപ്പാട്, കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി എന്നിവരുടെ ആശീർവാദത്തോടെയാണു ഉഷ നൂതനമായ രാമപാദ പൂജയ്ക്കൊരുങ്ങിയത്. ഓരോ ദിവസവും അഞ്ചു മിനിറ്റോളം വരുന്ന ഭാഗങ്ങളായി യൂ ട്യൂബിലൂടെ അവതരിപ്പിക്കുന്ന ‘രാമകഥാ മാധുരി’ക്ക് ഇപ്പോൾ ആയിരക്കണക്കിന് ആരാധകരുണ്ട്.
വാല്‌മീകി രാമായണമാണു നൃത്തശിൽപത്തിന് ആധാരമാക്കിയിട്ടുള്ളത്. ജനനം മുതൽ പട്ടാഭിഷേകം വരെയുള്ള പ്രസക്ത ഭാഗങ്ങളാണു നൃത്തരൂപത്തിൽ അവതരിപ്പിക്കുന്നത്. കൊറോണക്കാലത്തിന്റെ നിയന്ത്രണങ്ങൾ പാലിച്ച്, കുട്ടികളെ സംഘടിപ്പിച്ചു പോകാൻ പറ്റിയ സ്ഥലങ്ങളിൽ മാത്രം പോയാണു ചിത്രീകരണം. ഓരോ ഭാഗത്തിന്റെയും കഥ സൂചിപ്പിച്ച ശേഷം അതുമായി ബന്ധപ്പെട്ട രംഗങ്ങൾക്കു നൃത്തരൂപം നൽകി അവതരിപ്പിക്കയാണു ചെയ്യുന്നത്.
രാമായണത്തെക്കുറിച്ചു രാമായണ പ്രഭാഷകനായ ഒ.എസ്. സതീഷിന്റെ പ്രഭാഷണ രൂപത്തിലുള്ള അവതരണത്തോടെയായിരുന്നു തുടക്കം. നടന സാത്വികയിലെ കുട്ടികൾക്കു രാമായണ കഥ കുറേ വർഷങ്ങളായി പറഞ്ഞു കൊടുക്കുന്നത് അദ്ദേഹമാണ്. രാമായണ മാഹാത്മ്യവും വ്യാസ, വാല്‌മീകി, എഴുത്തച്ഛ സ്തുതികളും ആദ്യ ഭാഗങ്ങളിൽ അവതരിപ്പിക്കുന്നു. ബാലകാണ്ഡത്തിലെ ‘ശാരികപ്പൈതലേ ചാരുശീലേ....’ എന്നു തുടങ്ങുന്ന ഈരടി അവതരിപ്പിച്ചു കൊണ്ടാണു ബാലകാണ്ഡത്തിലെ ഭാഗങ്ങൾ അവതരിപ്പിക്കുന്നത്. ജനനം, വിദ്യാഭ്യാസം, യാഗരക്ഷയ്ക്കു വിശ്വാമിത്രനോടൊപ്പം വനത്തിലേക്കു പോകുന്നത്, കൗസല്യാ സുപ്രജാ രാമ എന്ന പ്രസിദ്ധമായ വരികളിലൂടെ വിശ്വാമിത്രൻ രാമനെ വിളിച്ചുണർത്തുന്നത്, അഹല്യാമോക്ഷം, മിഥിലാ പ്രവേശം, ത്രയംബക ഖണ്ഡനം, സീതാസ്വയംവരം എന്നിങ്ങനെ ബാലകാണ്ഡം പല ഭാഗങ്ങളായി അവതരിപ്പിക്കുന്നു. ഏഴോളം കുട്ടികളാണ് ഇപ്പോൾ പങ്കെടുക്കുന്നത്. തൃശൂർ കീരംകുളങ്ങര ക്ഷേത്രപരിസരത്തും തൃപ്രയാർ ശിവക്ഷേത്ര പരിസരത്തുമാണു ചിത്രീകരണം. തിരുവില്വാമല ക്ഷേത്രത്തിലും മറ്റു പല ക്ഷേത്രങ്ങളിലും സൗകര്യമൊരുക്കാമെന്നു ദേവസ്വം ഭാരവാഹികൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഉഷാ ഫ്രെഡ്ഡി പറയുന്നു.
മുൻപു സുന്ദരകാണ്ഡം നൃത്തശിൽപം ചെയ്യാൻ നടന സാത്വിക പ്രമോ ചെയ്തിരുന്നു. നൂറ്റൻപതോളം കുട്ടികളെ വച്ചു വിലങ്ങൻകുന്നിന്റെ വിശാലമായ പശ്ചാത്തലത്തിലായിരുന്നു ഒരു മണിക്കൂറോളം നീണ്ട ആ പരിപാടി. കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയെപ്പോലുള്ള വിശിഷ്ട വ്യക്തികളെ ക്ഷണിച്ച് 2019 ഫെബ്രുവരിയിലായിരുന്നു അത്. അതിന്റെ പൂർണമായ ചിത്രീകരണം വടക്കുന്നാഥ ക്ഷേത്രസന്നിധിയിൽ നടത്താൻ തീരുമാനിച്ചിരിക്കുമ്പോഴാണു പ്രളയം കേരളത്തെ വിഴുങ്ങിയത്. പിന്നാലെ കോവിഡ്–19 വില്ലനായി അവതരിച്ചതോടെ പദ്ധതികളെല്ലാം മരവിച്ചു. കൈതപ്രമായിരുന്നു അതിന്റെ സംഗീതസംവിധാനം ഏറ്റിരുന്നത്.
അതു ഉഷാ ഫ്രെഡ്ഡിയുടെ മനസ്സിൽ കിടക്കുന്നുണ്ട് ഇപ്പോഴും. ഇത്തവണ രാമായണമാസത്തെക്കുറിച്ച് ആലോചിച്ചപ്പോഴാണ് പുതിയ പദ്ധതി മനസ്സിൽ വന്നത്. പ്രഭാഷണങ്ങളും പാരായണങ്ങളുമെല്ലാം രാമായണ മാസാചരണത്തോടനുബന്ധിച്ചു പതിവുണ്ടെങ്കിലും ഇത്തരമൊരു സംഭവം ആദ്യമായാണ്. ഗുരുനാഥന്മാരെ വിളിച്ച് അഭിപ്രായം ആരാഞ്ഞപ്പോൾ എല്ലാവരും സമ്മതവും അനുഗ്രഹവും കൊടുത്തുവെന്നും ടീച്ചർ പറയുന്നു.
നടനസാത്വിക ഈ വർഷം കുട്ടികൾക്കായി രാമായണ പഠനക്ലാസ് ആരംഭിച്ചിരുന്നു. അഞ്ചു വർഷമായി കുട്ടികൾ സ്ഥിരമായി രാമായണം വായിക്കുന്നവരാണ്. കർക്കടകം ആരംഭിക്കുന്നതിന്റെ തൊട്ടു മുൻപുള്ള ഞായറാഴ്ച ഒ.എസ്. സതീഷിന്റെ രാമായണ ക്ലാസ് കുട്ടികൾക്കായി തുടങ്ങി. കർക്കടക മാസത്തിൽ എല്ലാ വർഷവും തേവർക്ക് ഒരു നൃത്താഞ്ജലി അർപ്പിക്കാറുണ്ട് നടന സാത്വിക. ഇത്തവണ എന്തു ചെയ്യാം എന്നു ചിന്തിച്ചപ്പോഴാണു രാമായണത്തെ വിഷ്വലൈസ് ചെയ്താലോ എന്ന ആലോചന ടീച്ചറുടെ തലയിലുദിച്ചത്. ഉടനെ എക്സിക്യൂട്ട് അംഗങ്ങളെ (കുട്ടികളുടെ മാതാപിതാക്കൾ) വിളിച്ച് അഭിപ്രായം ആരാഞ്ഞു. എല്ലാവരും സമ്മതിച്ചു. വൈകാതെ അതിന്റെ ഒരുക്കം തുടങ്ങി.
വ്യാസനെക്കുറിച്ചും വാല്മീകിയെക്കുറിച്ചും എഴുത്തച്ഛനെക്കുറിച്ചുമുള്ള വരികൾ ആലപിച്ചതു ഷാജു മംഗളൻ എന്ന സംഗീതസംവിധായകനാണ്. തുടർന്നുള്ള ഭാഗങ്ങൾക്കായി പ്രസിദ്ധ കീർത്തനങ്ങളും മറ്റും അതേപടി സ്വീകരിക്കുകയായിരുന്നു. പൂർണമായും പുതിയ വരികളെഴുതി ചിട്ടപ്പെടുത്തി അവതരിപ്പിക്കാൻ സമയപരിമിതിയുള്ളതു കൊണ്ടാണ് അങ്ങനെ തീരുമാനിച്ചത്.
ഉഷയുടെ മകൻ സെൽഡസ് ഫ്രെഡ്ഡിയാണു ചിത്രീകരണം. മകൾ ഒലീവിയയാണു രംഗങ്ങൾ ചിട്ടപ്പെടുത്തുന്നത്. ഒലീവിയയ്ക്കൊപ്പം മീനാക്ഷി, അനീന, മീര, ജ്യോതിക, ദക്ഷിണ, ദേവിക, ഗായത്രി, ആദിത്യ, സുനിൽ വൈശാഖം എന്നിവരാണു നൃത്തരംഗങ്ങളിൽ വേഷമിടുന്നത്. സാങ്കേതിക സഹായം സെൽഡസ് തന്നെ. ഒ.എസ്. സതീഷാണു കഥാസന്ദർഭങ്ങൾ തിരഞ്ഞെടുക്കുന്നത്. ആമുഖ രൂപത്തിൽ പറയേണ്ട കാര്യങ്ങളെല്ലാം പലപ്പോഴും അദ്ദേഹം തന്നെയാണ് എഴുതുന്നത്.
എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തെ ഉപജീവിക്കാതെ വാല്മീകിയുടെ മൂലഗ്രന്ഥത്തിലൂന്നിയാകണം കലാസൃഷ്ടിയെന്നു തൃപ്രയാർ ക്ഷേത്രം തന്ത്രി തരണനല്ലൂർ പടിഞ്ഞാറെ മനയ്ക്കൽ പത്മനാഭൻ നമ്പൂതിരിപ്പാട് അഭിപ്രായപ്പെട്ടിരുന്നു. കർക്കടകം ഒന്നിന് ആരംഭിച്ച ‘രാമകഥാമാധുരി’ 31നു തന്നെ അവസാനിപ്പിക്കും വിധമാണു കഥാസന്ദർഭങ്ങൾ തിരഞ്ഞെടുത്തു ചിട്ടപ്പെടുത്തി വരുന്നത്. 31നു ശ്രീരാമ പട്ടാഭിഷേകത്തോടെ പര്യവസാനം എന്നാണ് ഇപ്പോഴത്തെ തീരുമാനമെന്നും ടീച്ചർ പറയുന്നു.
ആർഭാടമായ വേഷവിധാനങ്ങളൊന്നും ഇതിനായി കഥാപാത്രങ്ങൾ ഉപയോഗിക്കുന്നില്ല. ചുരുക്കം സന്ദർഭങ്ങളിൽ കഥാപാത്രങ്ങളെ തിരിച്ചറിയാൻ മാത്രം ചില പ്രത്യേക വസ്ത്രസംവിധാനങ്ങൾ ഉപയോഗിക്കുന്നു എന്നു മാത്രം. പറ്റിയാൽ ഒന്നോ രണ്ടോ ഭാഗങ്ങൾ തൃപ്രയാർ ക്ഷേത്രപരിസരത്തും ചെയ്യണമെന്ന് ടീച്ചർക്ക് ആഗ്രഹമുണ്ട്.
രാമായണത്തിൽ അവബോധം വളർത്തുക എന്ന മഹത്തായ ഒരു ലക്ഷ്യം കൂടിയുണ്ട് ഈ പ്രസ്ഥാനത്തിനു പിന്നിലെന്ന് ഉഷ ടീച്ചർ പറയുന്നു. 2017 മുതൽ തന്നെ തന്റെ വിദ്യാർഥികൾ രാമായണം വായിക്കണമെന്നു ടീച്ചർ നിർബന്ധം പിടിച്ചിരുന്നു. കഥ പൂർണമായി ഉൾക്കൊണ്ടു വേണം നൃത്തരൂപത്തിൽ അഭിനയിക്കാൻ. കാണുന്നവർക്കാകട്ടെ വായനയെക്കാൾ എളുപ്പത്തിൽ ദൃശ്യങ്ങളിലൂടെ രാമായണം മനസ്സിലാക്കാനാകുമെന്നും അവർ പറയുന്നു. കർക്കടക മാസത്തിൽ പ്രായമയവർക്കു പാരായണം ചെയ്യാനുള്ളതാണു രാമായണം എന്നൊരു ചിന്തയുണ്ട്. അതു മാറ്റണം. ചെറുപ്പക്കാരും കുട്ടികളും അതിനു തയാറാവണം. ഈ സംരംഭം അടുത്ത വർഷം മുതൽ കൂടുതൽ നൃത്താധ്യാപകരും നൃത്തസംഘങ്ങളും ഏറ്റെടുക്കുമെന്നുറപ്പാണ്. അതിലൂടെ ആ കുട്ടികൾക്കും അതു കാണുന്നവർക്കും നമ്മുടെ ഇതിഹാസത്തെ അടുത്തറിയാനാകും. കൊറോണയിൽ നിന്നു മുക്തമാകുന്നതോടെ ഈ നൃത്തരൂപങ്ങൾ തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരത ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിൽ (നാലമ്പലം) അവതരിപ്പിക്കാനാകുമെന്നും ഈ നൃത്തോപാസക പ്രതീക്ഷിക്കുന്നു.