ADVERTISEMENT

വിവാദങ്ങളും വിമർശനങ്ങളും ഉയർത്തി സേവ് ദ് ഡേറ്റ് ഫോട്ടോഷൂട്ടുകൾ‌ ചൂടൻചർച്ചകൾക്ക് വഴി തുറക്കുകയാണ്. ഗ്ലാമറസ് വേഷവും പോസുകളുമാണ് സേവ് ദ് ഡേറ്റുകളെ വിവാദത്തിലാക്കുന്നത്. സദാചാരവാദങ്ങളുമായി ഒരു വിഭാഗവും, നോക്കുന്നവരുടെ കണ്ണിനാണ് കുഴപ്പമെന്നു വിമർശിച്ച് മറ്റൊരു വിഭാഗവും രംഗത്തെത്തിയതോടെ സമൂഹമാധ്യമങ്ങളിൽ ചർച്ച ചൂടുപിടിച്ചു.

പുത്തൻ പരീക്ഷണങ്ങളും ആശയങ്ങളുമായി വെഡ്ഡിങ് ഫൊട്ടോഗ്രഫി കൂടുതൽ പ്രാധാന്യം നേടുകയാണ്. ഇതിന്റെ ഭാഗമായി ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. എന്നാൽ ഒക്ടോബർ 23ന് ബ്ലാക്പേപ്പർ ഫൊട്ടോഗ്രഫി പുറത്തുവിട്ട ഐശ്വര്യ–പെബിൻ എന്നിവരുടെ ഫോട്ടോഷൂട്ട് ശക്തമായ വിമർശനങ്ങൾ നേരിട്ടു. അതിരപ്പിള്ളിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ഫോട്ടോഷൂട്ട് സംസ്കാരത്തിനു നിരക്കാത്തത് എന്ന വാദമാണ് ചിലർ ഉയർത്തിയത്. വധുവിനെയും വരനെയും വ്യക്തിപരമായി അധിക്ഷേപിച്ച് കമന്റുകൾ നിറഞ്ഞു. നിരവധി ട്രോളുകളും പ്രചരിച്ചു. 

എന്നാൽ ഫോട്ടോഷൂട്ടിനെ പിന്തുണച്ചും ആളുകൾ രംഗത്തെത്തി. ചിത്രങ്ങൾ എടുക്കുന്നവർക്ക് ഇല്ലാത്ത പ്രശ്നങ്ങള്‍‌ എന്തിനാണ് മറ്റുള്ളവർക്ക് എന്ന ചോദ്യമുയർന്നു. കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടാകുമെന്നും അതിനെ പ്രതിരോധിക്കാനാവില്ലെന്നും ഇക്കൂട്ടര്‍ വാദിച്ചു. ഏറെ വൈകാതെ വിമർശനങ്ങൾ കെട്ടടങ്ങി. 

ഇതിനുശേഷം കൊച്ചിയിലെ പിനക്കിൾ ഇവന്റ് പ്ലാനേഴ്സ് നടത്തിയ ഫോട്ടോഷൂട്ട് ആണ് വിവാദം കൊഴുപ്പിച്ചത്. പൂണെ സ്വദേശികളായ ഗൗരി, റാം എന്നിവരുടെ പ്രീവെഡ്ഡിങ് ഷൂട്ട്, അവർ ആവശ്യപ്പെട്ട പ്രകാരം ചെയ്തു കൊടുക്കുകയായിരുന്നു. എന്നാൽ ഗൗരിയുടെ വസ്ത്രധാരണം സഭ്യമല്ല എന്നായിരുന്നു ഇത്തവണ ആക്ഷേപം. ട്രോളുകൾ ശക്തിയാർജിച്ചു. ഇതോടൊപ്പം പിനക്കിൾ ഇവന്റ് പ്ലാനേഴ്സിന്റെ പേജിലും അസഭ്യവർഷം ഉണ്ടായി. ഫോണ്‍ വിളിച്ച് ചീത്ത വിളിച്ചവർ ഉണ്ടെന്ന് പിനക്കളിന്റെ സിഇഒ ഷാലു എം.എബ്രഹാം പറയുന്നു.

ഇതേ വിഷയത്തിൽ കേരള പൊലീസ് നടത്തിയ പ്രതികരണമാണ് വീണ്ടും ചർച്ചകൾക്ക് വഴിവെച്ചത്. ‘‘സേവ് ദ് ഡേറ്റ് ആയിക്കോളൂ, കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന സമൂഹം കാണുന്നുണ്ട്’’ എന്നായിരുന്നു പൊലീസ് മീഡിയ സെല്‍ പേജിലൂടെ പങ്കുവച്ച പോസ്റ്റ്. ഈ പോസ്റ്റ് സദാചാര പൊലീസിങ്ങിനെ പിന്തുണയ്ക്കുന്നു എന്ന് ആക്ഷേപമുയർന്നു. പൊലീസിനെ വിമർശിച്ചും പിന്തുണച്ചും വാദങ്ങളുണ്ടായി. പൊലീസിനെതിരെ ട്രോളുകളും ശക്തമായിരുന്നു.

police-trolls-2

English Summary : Social Media fighting over wedding shoots, which creates controversies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com