ചന്ദ്രനിലെത്താൻ വേണ്ടത് ഒന്നരമാസം; മൂന്നരലക്ഷത്തിലേറെ കിലോമീറ്റർ ദൂരം സഞ്ചാരം!
![chandrayaan-3-launching-details-1 - 1 Image Credit: ISRO](https://img-mm.manoramaonline.com/content/dam/mm/mo/technology/science/images/2023/7/13/chandrayaan-3-launching-details-1.jpg?w=1120&h=583)
Mail This Article
ചന്ദ്രയാൻ 3 വിക്ഷേപണത്തിനൊപ്പം സുരക്ഷിത ലാൻഡിങിനായും കാത്തിരിക്കുകയാണ് ശാസ്ത്രലോകത്തിനൊപ്പം ഭാരതത്തിലെ ജനങ്ങള്‍. ചന്ദ്രയാൻ 2 ദൗത്യത്തോട് വളരെയേറെ സാമ്യമുള്ളതും എന്നാൽ ഓർബിറ്റർ ഭാഗം ഇല്ലാത്തതുമായ ദൗത്യമാണ് ചന്ദ്രയാൻ 3. ചന്ദ്രോപരിതലത്തിൽ ആദ്യമായി ഇന്ത്യയുടെ ഒരു ലാൻഡർ സുരക്ഷിതമായി സോഫ്റ്റ്ലാൻഡ് ചെയ്യിപ്പിക്കുക, ലാൻഡറിനുള്ളിലെ റോവറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കിവിട്ട് പര്യവേക്ഷണങ്ങൾ നടത്തുക എന്നതാണ് പ്രധാനമായും ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ലക്ഷ്യം.
![chandrayaan-launch-begin-1 - 1 chandrayaan-launch-begin-1 - 1](https://img-mm.manoramaonline.com/content/dam/mm/mo/technology/science/images/2023/7/14/chandrayaan-launch-begin-1.jpg)
ചന്ദ്രനും ഭൂമിയും തമ്മിലുള്ള ശരാശരി ദൂരം 384,000 കിലോമീറ്ററാണ്. ചന്ദ്രയാൻ 2 ദൗത്യം ഏകദേശം ഒന്നരമാസമെടുത്താണ് കഴിഞ്ഞ തവണ ചന്ദ്രനിലെത്തിയത്. വളരെ സങ്കീർണമായ പ്രക്രിയകളിലൂടെ ചുറ്റിചുറ്റി ചെറിയ ഭ്രമണപഥങ്ങളിലേക്ക് കയറി ചന്ദ്രന്റെ അടുത്തെത്തുന്ന രീതിയാണ് ചന്ദ്രയാൻ 2 സ്വീകരിച്ചത്.
അവസാന ഭ്രമണപഥത്തിൽ എത്തിയ ശേഷം ലാൻഡിങ് ബേൺ എന്ന പ്രക്രിയയിലൂടെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യാനും ചന്ദ്രയാൻ 2വിലെ വിക്രം ലാൻഡർ ശ്രമിച്ചു. ഇതു വിജയകരമായിരുന്നെങ്കിലും വിക്രം ലാൻഡർ പ്രതീക്ഷിച്ചതുപോലെ സോഫ്റ്റ്ലാൻഡ് അല്ല മറിച്ച് ക്രാഷ്‌ലാൻഡ് ചെയ്യുകയായിരുന്നു.ഏകദേശം ഇതേ രീതി തന്നെയാകും ചന്ദ്രയാൻ 3 ദൗത്യവും അവലംബിക്കുന്നത്.
അതിനാലാണ് ഒന്നരമാസത്തിലധികം സമയം ചന്ദ്രയാൻ 3ക്ക് വേണ്ടിവരുന്നത്. ചന്ദ്രനിൽ ഏറ്റവും വേഗത്തിൽ പോയ ദൗത്യം ചന്ദ്രനിലേക്കുള്ള ആദ്യ ഓർബിറ്റർ ദൗത്യമായ ലൂണ 1 ആണ്. 36 മണിക്കൂറാണ് ചന്ദ്രനു സമീപമെത്താൻ ഇതിനു വേണ്ടിവന്നത്. മണിക്കൂറിൽ 10,500 കിലോമീറ്റർ വേഗത്തിലായിരുന്നു ഇതിന്റെ യാത്ര.ചന്ദ്രനിലെത്തിയ ഏറ്റവും വേഗമേറിയ ലാൻഡർ ദൗത്യം നീൽ ആംസ്ട്രോങ് ഉൾപ്പെടെ 3 മനുഷ്യ യാത്രികരെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ 11 ദൗത്യമാണ്. 3 ദിവസങ്ങളും 3 മണിക്കൂറുകളും 49 മിനിറ്റുകളുമെടുത്താണ് ദൗത്യം ചന്ദ്രനിലെത്തിയത്.
അപ്പോളോ ദൗത്യങ്ങളെ വഹിച്ചത് ലോകത്ത് അന്നുണ്ടായിരുന്നതിൽ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സാറ്റേൺഫൈവ് ആയിരുന്നു. ഇന്ത്യയ്ക്ക് ഇത്രയും കരുത്തുറ്റ ഒരു റോക്കറ്റ് ഇല്ലാത്തതിനാൽ പല ഭ്രമണപഥങ്ങളിലൂടെ മാറിനീങ്ങിയാണ് ചന്ദ്രനിലെത്തുന്നത്. സമയമേറെയെടുക്കുന്നതിന്റെ കാരണവും ഇതുതന്നെ.