വേഡ് പ്രോസസിങ് യോഗ്യത നിർബന്ധമോ?

Mail This Article
സർക്കാർ സർവീസിൽ അസിസ്റ്റന്റ് ഉൾപ്പെടെയുള്ള തസ്തികകളിൽ പ്രവേശിക്കുന്നവർക്കു പ്രബേഷൻ പൂർത്തിയാക്കാൻ വേഡ് പ്രോസസിങ് ഇപ്പോഴും നിർബന്ധമാണോ?
വേഡ് പ്രോസസിങ്ങുമായി ബന്ധപ്പെട്ട് 26.10.2022ലെ ഉത്തരവിൽ സർക്കാർ ഇപ്പോൾ ഭേദഗതി വരുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (റൂൾസ്) വകുപ്പ് 2024 നവംബർ 27നു പ്രസിദ്ധീകരിച്ച ഉത്തരവിലാണ് (സ.ഉ (അച്ചടി) നം. 11/2024/പി ആൻഡ് എആർഡി) ഭേദഗതി നിർദേശമുള്ളത്. ഇതനുസരിച്ച് അസിസ്റ്റന്റ്, ക്ലാർക്ക്, മറ്റു സമാന തസ്തികകളിൽ പ്രബേഷൻ പൂർത്തിയാക്കുന്നതിന് കംപ്യൂട്ടർ വേഡ് പ്രോസസിങ്/ തത്തുല്യ യോഗ്യത വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. പകരം 26.10.2022നോ അതിനു ശേഷമോ അസിസ്റ്റന്റ്, ക്ലാർക്ക്, മറ്റു സമാന തസ്തികകളിൽ നിയമനം ലഭിച്ചവർക്കു മിനിറ്റിൽ ഏറ്റവും കുറഞ്ഞത് 15 മലയാള വാക്കും 20 ഇംഗ്ലിഷ് വാക്കും ടൈപ്പ് ചെയ്യുന്നതിനുള്ള പ്രാഗൽഭ്യം ഉണ്ടെന്നു പ്രബേഷൻ പൂർത്തിയാക്കുന്നതിനു മുൻപ് ഓഫിസ് മേലധികാരി ഉറപ്പാക്കേണ്ടതാണ്.
ഐഎംജി/മറ്റു പരിശീലന സ്ഥാപനങ്ങൾ എന്നിവ നടത്തുന്ന ഇൻഡക്‌ഷൻ ട്രെയിനിങ് കോഴ്സിലൂടെ ജീവനക്കാർ മേൽപ്പറഞ്ഞ കഴിവ് ആർജിച്ചിട്ടുണ്ടെന്ന ഓഫിസ് മേലധികാരിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ഈ തസ്തികകളിൽ പെട്ട ജീവനക്കാർ മറ്റു തരത്തിൽ യോഗ്യരാണെങ്കിൽ അവരുടെ പ്രബേഷൻ പ്രഖ്യാപിക്കേണ്ടതാണെന്നും ഉത്തരവിലുണ്ട്.