സർക്കാർ ജോലിയുടെ വിലയിടിക്കരുത്

Mail This Article
ഒഴിവുകൾക്ക് ആനുപാതികമായി ഉദ്യോഗാർഥികളെ ഉൾപ്പെടുത്താത്തതിനാൽ റാങ്ക് ലിസ്റ്റുകൾ അകാലത്തിൽ അവസാനിക്കുന്ന പ്രവണത ആവർത്തിക്കുകയാണ്. മൂന്നു വർഷത്തെ കാലാവധിയിൽ പ്രസിദ്ധീകരിക്കുന്ന പല റാങ്ക് ലിസ്റ്റുകളും ഒരു വർഷംപോലും പൂർത്തിയാക്കാതെ അവസാനിക്കുമ്പോൾ ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ അവസരമാണു നഷ്ടമാകുന്നത്.
കേരള ജനറൽ സർവീസിൽ ഡിവിഷനൽ അക്കൗണ്ടന്റ്, ആരോഗ്യ വകുപ്പ്/മുനിസിപ്പൽ കോമൺ സർവീസിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് റാങ്ക് ലിസ്റ്റുകൾ ആളെക്കുറച്ച ലിസ്റ്റുകളുടെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്. നേരിട്ടുള്ള നിയമനത്തിനൊപ്പം തസ്തികമാറ്റ നിയമനത്തിന്റെ 2 കാറ്റഗറികളിലേക്കും ഡിവിഷനൽ അക്കൗണ്ടന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. 3 കാറ്റഗറികളിലായി 40 ഒഴിവ് റിപ്പോർട്ട് ചെയ്തപ്പോൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് 31 പേർ മാത്രം. ആദ്യ ഘട്ട നിയമന ശുപാർശ പൂർത്തിയായപ്പോൾത്തന്നെ റാങ്ക് ലിസ്റ്റുകൾ റദ്ദായി. ഈ തസ്തികയുടെ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഇപ്പോൾ.
ആരോഗ്യ വകുപ്പ്/മുനിസിപ്പൽ കോമൺ സർവീസിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് 14 ജില്ലകളിൽ റാങ്ക് ലിസ്റ്റുകളിൽ 7 ജില്ലകളിലെ റാങ്ക് ലിസ്റ്റ് ഒരു വർഷം കാലാവധി പൂർത്തിയായപ്പോഴേക്ക് അവസാനിച്ചു. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലെ ലിസ്റ്റാണ് ഒഴിവിന് ആനുപാതികമായി ഉദ്യോഗാർഥികളെ ഉൾപ്പെടുത്താതിരുന്നതിനാൽ പൂർണ കാലാവധിയെത്താതെ അവസാനിച്ചത്. ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയുടെ പുതിയ വിജ്ഞാപനം പിഎസ്‌സി ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പിഎസ്‌സി പ്രസിദ്ധീകരിക്കുന്ന ഭൂരിഭാഗം റാങ്ക് ലിസ്റ്റുകളുടെയും കാലാവധി 3 വർഷമാണ്. മുൻപൊക്കെ കാലാവധി പൂർത്തിയാകുംവരെ നിയമനം നടത്തത്തക്ക രീതിയിൽ ഉദ്യോഗാർഥികളെ ലിസ്റ്റിൽ ഉൾപ്പെടുത്തുമായിരുന്നു. ആളില്ലാതെ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകൾ വിരളമായിരുന്നു. എന്നാൽ, അടുത്ത സമയത്തായി ലിസ്റ്റുകളിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുന്നതിൽ പിഎസ്‌സി കാണിക്കുന്ന ‘പിശുക്ക്’ ഉദ്യോഗാർഥികളെ ഭാവിവച്ച് പന്താടലാണ്.
സർക്കാർ നിർദേശപ്രകാരമാണോ അതോ പിഎസ്‌സി സ്വയമായി തീരുമാനിച്ചാണോ ഇങ്ങനെ ചെയ്യുന്നതെന്നു വ്യക്തമല്ല. എന്തുതന്നെയായാലും ഇക്കാര്യത്തിൽ പുനർവിചിന്തനം ആവശ്യമാണ്. ആളില്ലാതെ പിഎസ്‌സി ലിസ്റ്റുകൾ അകാലത്തിൽ അവസാനിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ പിഎസ്‌സി തയാറാകണം. കേരളത്തിലുള്ളവർക്ക് സർക്കാർ ജോലി ഇപ്പോഴും വിലപ്പെട്ടതുതന്നെയാണ്. അതിന്റെ വിലയിടിക്കുന്ന നടപടി സർക്കാരും പിഎസ്‍സിയും ചെയ്യാതിരിക്കുകയാണു വേണ്ടത്.