എൻഎസ്എസ് സ്കൂൾ നിയമനങ്ങൾക്ക് അംഗീകാരം

Mail This Article
എൻഎസ്എസ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളിൽ ഭിന്നശേഷി സംവരണ തസ്തികകളിലൊഴികെ നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ സുപ്രീംകോടതി വിധിയനുസരിച്ച് സർക്കാർ ഉത്തരവായി. ഈ സ്കൂളുകളിൽ നിയമന അംഗീകാരം കാത്തിരിക്കുന്ന മുന്നൂറോളം പേർക്കാണ് ഗുണം ലഭിക്കുക.
സമാന സാഹചര്യമുള്ള മറ്റു മാനേജ്മെന്റുകൾക്കും ബാധകമാകുന്ന പൊതു ഉത്തരവ് ഇറക്കണമെന്ന് ആവശ്യമുയർന്നെങ്കിലും എൻഎസ്എസ് സ്കൂളുകളിലെ നിയമനങ്ങൾക്കു മാത്രം ബാധകമായ ഉത്തരവാണ് ഇറക്കിയത്.
കോടതി വിധി നടപ്പാക്കിയുള്ള ഉത്തരവിനായി എൻഎസ്എസ് ജനറൽ സെക്രട്ടറി നിവേദനം നൽകിയിരുന്നു. നിയമന അംഗീകാരത്തിന് അർഹതയുള്ളവരുടെ പട്ടികയും നൽകിയിരുന്നു. ഇവരുടെ നിയമന രേഖകൾ പരിശോധിച്ച് ക്രമപ്രകാരമെങ്കിൽ റഗുലർ ശമ്പള സ്കെയിൽ അംഗീകരിച്ചു നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തുന്നതാണ് ഉത്തരവ്. സമയബന്ധിതമായി ഈ നടപടി പൂർത്തീകരിച്ച് സർക്കാരിനു റിപ്പോർട്ട് നൽകണം. അതിനൊപ്പം ഭിന്നശേഷി സംവരണ തസ്തികകളിൽ മാനേജ്മെന്റ് കോടതിവിധി പാലിച്ച് നിയമന നടപടികൾ സ്വീകരിക്കണമെന്നും ഭാവിയിലെ എല്ലാ നിയമനങ്ങൾക്കും ഈ സുപ്രീം കോടതി വിധി ബാധകമായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
എൻഎസ്എസും സമാന സാഹചര്യം നേരിടുന്ന മറ്റു മാനേജ്മെന്റുകളും ഭിന്നശേഷി സംവരണ നിയമനം എത്രയും വേഗം നടത്തുമെന്നു പ്രതീക്ഷിക്കുന്നതായും അതിന്റെ അടിസ്ഥാനത്തിൽ നിയമന അംഗീകാരത്തിനായി നൽകുന്ന ശുപാർശകൾ സർക്കാർ പരിഗണിക്കണമെന്നും സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മറ്റു മാനേജ്മെന്റുകളുടെ സ്കൂളുകൾക്കും വിധി ബാധകമാക്കി ഉത്തരവിറക്കണമെന്ന ആവശ്യം ഉയർന്നത്.