കാട്ടിലൂടെയുള്ള രാത്രി യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
Mail This Article
രാത്രിയാവുന്നതോടെ കൂടുതല്‍ സജീവമാവും കാടുകള്‍. പകല്‍ കണികാണാന്‍ കിട്ടാത്ത പല മൃഗങ്ങളും പക്ഷികളുമെല്ലാം ഇര തേടി ഇറങ്ങും. പകല്‍വെളിച്ചത്തില്‍ സാധാരണ കാണാനാവാത്ത വന്യ മൃഗങ്ങളെ രാത്രിയില്‍ എളുപ്പം കാണാൻ സാധിക്കും. കാടിനെ എല്ലാ വന്യതയോടെയും ആസ്വദിക്കാനാവുക നൈറ്റ് സഫാരികളിലാണ്. എങ്കിലും കാട്ടിലെ നൈറ്റ് സഫാരികള്‍ സാധ്യമാവണമെങ്കില്‍ യാത്രികര്‍ ചില മുന്‍കരുതലുകൾ എടുക്കണം. രാത്രി യാത്രകളില്‍ വന്യ മൃഗങ്ങളെ ഏറ്റവും എളുപ്പം കാണണമെങ്കില്‍ വെളിച്ചത്തിന്റെ സഹായം വേണം. എന്നാല്‍ ശക്തമായ വെളിച്ചം അടിക്കുന്നതും കാമറകളില്‍ ഫ്‌ളാഷ് ഉപയോഗിക്കുന്നതും വന്യജീവികളെ വിറളിപിടിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. രാത്രി സഫാരി പോവുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റ് ഉപയോഗിച്ചു തന്നെ മൃഗങ്ങളെ തിരിച്ചറിയാന്‍ ശ്രമിക്കുന്നതാണ് നല്ലത്.
ആഫ്രിക്കയിലെ നൈറ്റ് സഫാരികളില്‍ പിന്തുടരുന്ന ഒരു രീതി, യാത്രകള്‍ക്കിടെ തുടക്കത്തില്‍ മൃഗങ്ങളെ കണ്ടെത്താനായി കൂടുതല്‍ ശക്തമായ വെളിച്ചവും മൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ താരതമ്യേന ശക്തി കുറഞ്ഞ ചുവപ്പു ഫില്‍റ്ററുള്ള വെളിച്ചവുമാണ് ഉപയോഗിക്കുക. ഇത് ജീവികളെ കൂടുതല്‍ അലോസരപ്പെടുത്താതെ നിരീക്ഷിക്കാന്‍ സഹായിക്കും.
വെളിച്ചം പോലെ തന്നെ കാട്ടിലെ അരുതായ്മകളിലൊന്നാണ് ഉച്ചത്തിലുള്ള സംസാരം. പ്രത്യേകിച്ച് നൈറ്റ് സഫാരികള്‍ക്കിടയിലെ സംസാരം മൃഗങ്ങളെ നമ്മളില്‍ നിന്നും അകറ്റാനേ ഉപകരിക്കൂ. ഗൈഡുമാരില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് സഫാരി നടത്തുക. പരമാവധി കുറവു മാത്രം സംസാരിക്കുക. പെട്ടെന്നുള്ള ശാരീരിക ചലനങ്ങള്‍ പോലും നൈറ്റ് സഫാരിയില്‍ ദോഷം ചെയ്യും. കാടിനുള്ളിലൂടെ തുറന്ന ജീപ്പില്‍ വലിയ ലൈന്‍സുള്ള ക്യാമറകളുമായി പോവുന്നവരുടെ ചിത്രങ്ങള്‍ നിങ്ങളും കണ്ടിരിക്കും. രാത്രി സഫാരികളില്‍ കാര്യങ്ങള്‍ കുറച്ച് വ്യത്യസ്തമാണ്. പരമാവധി അച്ചടക്കത്തോടെ ശബ്ദമുണ്ടാക്കാതെ നിരീക്ഷിക്കുന്നവര്‍ക്കാണ് നല്ല അനുഭവങ്ങള്‍ ലഭിക്കുക. ഏതെങ്കിലും മൃഗത്തെ കണ്ടാല്‍ തന്നെ പരിഭ്രമിച്ചുകൊണ്ട് വേഗത്തിലുള്ള ശരീര ചലനങ്ങള്‍ നടത്തുന്നതു പോലും ദോഷമാണ്. അതുപോലെ വാഹനം ഓടിക്കുന്നവര്‍ മൃഗങ്ങളെ കണ്ടു കഴിഞ്ഞാല്‍ പരമാവധി ചലനങ്ങളില്ലാതെ നിര്‍ത്തുന്നതാണ് ഉചിതം.
കാടിനോടു ചേര്‍ന്നു പോവുന്നതാണ് കാടിനെ അറിയാന്‍ ഏറ്റവും നല്ലത്. അതുകൊണ്ടുതന്നെ ആഘോഷങ്ങള്‍ക്കു പോവുമ്പോള്‍ ഇടുന്നതുപോലുള്ള പളപളപ്പുള്ള വസ്ത്രങ്ങളുമായി കാട്ടിലേക്കു പോവരുത്. മാത്രമല്ല പരമാവധി ശരീരം മൂടുന്ന വസ്ത്രങ്ങളും തൊപ്പിയുമെല്ലാം ധരിക്കുന്നത് നല്ലതാണ്. രാത്രികളില്‍ തണുപ്പു കൂടുതലുണ്ടാവാനുള്ള സാധ്യത പരിഗണിച്ചാണിത്.
വന്യജീവികളുടെ വീടാണ് കാട്. അവിടേക്കു ക്ഷണിക്കപ്പെടാതെ പോവുന്ന നമുക്കു മുന്നില്‍ അവര്‍ പ്രത്യക്ഷപ്പെടണമെന്നു യാതൊരു നിര്‍ബന്ധവുമില്ല. വന്യജീവികള്‍ നമ്മളെ കാണുന്നുണ്ടാവും എന്നാല്‍ നമുക്ക് അവയെ കാണാന്‍ സാധിക്കണമെന്നുമില്ല. അതുകൊണ്ടു രാത്രിയായാലും പകലായാലും കാട്ടിലൂടെയുള്ള യാത്രകളെ പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കുക. കാണാൻ സാധിച്ച ജീവജാലങ്ങളുടെ കണക്കെടുത്തു മാത്രം കാട്ടിലേക്കുള്ള യാത്രകള്‍ എങ്ങനെയുണ്ടെന്നു വിലയിരുത്തുന്നത് അബദ്ധമാണ്. ചെറുതും വലുതുമായ ജീവജാലങ്ങളും അപൂര്‍വ സസ്യജാലങ്ങളും കാടിന്റെ ശബ്ദവും മരങ്ങള്‍ക്കിടയിലൂടെ രാത്രിയില്‍ കാണുന്ന നക്ഷത്രവും ചന്ദ്രനും നിലാവുമെല്ലാം ആസ്വദിക്കാന്‍ ശ്രമിക്കുകയാണു വേണ്ടത്.