ADVERTISEMENT

മിനിസ്ക്രീനിലൂടെയും വെള്ളിത്തിരയിലെ മികവാര്‍ന്ന വേഷങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനാണ്‌ മണിക്കുട്ടന്‍. മലയാളികള്‍ എന്നുമോര്‍ക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍ മണിക്കുട്ടന്റേതായുണ്ട്. ഇപ്പോള്‍ കശ്മീര്‍ യാത്രയുടെ വിശേഷങ്ങള്‍ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍.കശ്മീരിലെ മാമൽ ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രങ്ങളും മണിക്കുട്ടന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 

Image Credit : manikuttantj/instagram
Image Credit : manikuttantj/instagram

"കശ്മീർ താഴ്‌വരയിലെ പെഹൽഗാം പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന മാമൽ ക്ഷേത്ര നടയിലേക്ക്, അരമണിക്കൂറോളം നടന്നു ദർശനം നടത്തി. ക്ഷേത്രനടയിലെ പരിസരവും പ്രദേശങ്ങളും വൃത്തിയാക്കുന്ന പ്രിയപ്പെട്ട അബ്ദുൽ റഹ്മാൻ ബ്രോയാണ് ചിത്രം പകർത്തിയത്. സ്നേഹപൂർവം ഈ ചിത്രത്തിനു നന്ദി അറിയിക്കുന്നു. ചരിത്രം ഉറങ്ങുന്ന, 900 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ പോകാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു." നടന്‍ ചിത്രത്തോടൊപ്പം കുറിച്ചു. 

Image Credit : manikuttantj/instagram
Image Credit : manikuttantj/instagram

കശ്മീര്‍ താഴ്​വരയിലെ പെഹൽഗാം പട്ടണത്തിലാണ് പുരാതനമായ മാമൽ അഥവാ മാമലേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്.  ലിഡർ നദിയുടെ തീരത്ത്, 2,200 മീറ്റർ ഉയരത്തിലുള്ള ഈ ക്ഷേത്രത്തില്‍ പരമശിവനാണ് പ്രതിഷ്ഠ. പട്ടണത്തിൽ നിന്ന് 10 മിനിറ്റ് ഡ്രൈവ് ചെയ്താൽ എളുപ്പത്തില്‍ ഇവിടെയെത്താം. 

ഏകദേശം 1,600 വർഷങ്ങൾക്ക് മുന്‍പ്, എഡി 400 ലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കാപ്പെട്ടതെന്നു കരുതുന്നു. ഗണപതിയുടെ ജനനവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യവും ഈ ക്ഷേത്രത്തിനുണ്ട്. പാര്‍വ്വതീദേവി മഞ്ഞള്‍ക്കൂട്ടില്‍ നിന്നും ഗണപതിയെ സൃഷ്ടിച്ച ഇടമാണ് ഇതെന്നു വിശ്വസിക്കപ്പെടുന്നു. കുളിക്കാന്‍ പോകും മുന്നേ, ഗണപതിയെ പാര്‍വ്വതി കാവല്‍ക്കാരനായി നിര്‍ത്തി. ആരെയും പരിസരത്ത് പ്രവേശിക്കാൻ അനുവദിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി. യാത്ര പോയിരുന്ന പരമശിവന്‍ ഈ സമയത്ത് അവിടെയെത്തി. തന്നെ അവിടേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതിരുന്ന ഗണപതിയുടെ ശിരച്ഛേദം ചെയ്തു. പിന്നീട് ഇത് തങ്ങളുടെ കുട്ടിയാണെന്ന് മനസ്സിലാക്കിയ പരമശിവന്‍, ഗണപതിക്ക് ആനയുടെ തല കൊടുക്കുകയും ചെയ്തെന്നാണ് ഐതിഹ്യം.

രണ്ടു നിലകളില്‍, പിരമിഡാകൃതിയിലുള്ള മേൽക്കൂരയുള്ള ക്ഷേത്രം, കശ്മീരി വാസ്തുവിദ്യാ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. പൂമുഖത്തിനു മുന്നിൽ 12 അടിയുള്ള കല്‍ത്തടത്തിൽ തെളിഞ്ഞ നീലപ്പച്ച നിറമുള്ള നീരുറവയുമുണ്ട്. വര്‍ഷം തോറും നിരവധി തീര്‍ഥാടകര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു.

ബേതാബ് വാലി , ഷെഷ്‌നാഗ് തടാകം , ലിഡർ അമ്യൂസ്‌മെന്റ് പാർക്ക് , ആരു താഴ്‌വര , ബൈസാരൻ ഹിൽസ് , അവന്തിപൂർ ക്ഷേത്രം, പെഹൽഗാം ഗോൾഫ് കോഴ്‌സ്, തുലിയൻ തടാകം, ചന്ദൻവാരി, അമർനാഥ് ക്ഷേത്രം എന്നിങ്ങനെയുള്ള ആകര്‍ഷണങ്ങളും ക്ഷേത്രത്തിനരികിലായാണ് സ്ഥിതിചെയ്യുന്നത്.

English Summary:

Manikuttan traveldiaires from Pahalgam, Kashmir.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com