അൽഫോൺസ മുതൽ കേസർ വരെ; മാമ്പഴദിനത്തിൽ അറിയാം രുചിയേറും മാമ്പഴങ്ങളുടെ 5 ഇടങ്ങൾ
Mail This Article
ലോകത്ത് ഏറ്റവും കൂടുതൽ മാങ്ങ കൃഷി ചെയ്യുന്നത് ഇന്ത്യയിലാണ്. ദേശീയ ഫലം കൂടിയായ മാമ്പഴത്തിനായി ഒരു ദിനം നമ്മള് മാറ്റി വച്ചിട്ടുണ്ട്. അതാണ് നാഷനല്‍ മാംഗോ ഡേ ആയി ആഘോഷിക്കുന്ന ജൂലൈ 22. ഓരോ കുട്ടിക്കാലവും ഒന്നിലേറെ മാങ്ങകളും മുത്തശ്ശി മാവുകളുമായി ബന്ധപ്പെട്ടിരിക്കുന്നത്രയും വൈവിധ്യം നിറഞ്ഞതാണ് നമ്മുടെ നാടുകളിലെ മാമ്പഴ വൈവിധ്യം. ഇന്ത്യയുടെ പല പ്രദേശങ്ങളും തനതായ മാമ്പഴങ്ങള്‍ക്കും മാമ്പഴ വിഭവങ്ങള്‍ക്കും പ്രസിദ്ധമാണ്. രുചിയേറിയ മാമ്പഴങ്ങളുള്ള ഇന്ത്യക്കകത്തെ അഞ്ചു ഇടങ്ങളും അവിടുത്തെ സവിശേഷമായ മാമ്പഴങ്ങളും പരിചയപ്പെടാം.
1. രത്നഗിരി, മഹാരാഷ്ട്ര- പഴങ്ങളിലെ രാജാവാണ് മാങ്ങയെങ്കില്‍ മാങ്ങകളിലെ രാജാവാണ് അല്‍ഫോണ്‍സ മാമ്പഴം. ഈ അല്‍ഫോണ്‍സ മാമ്പഴത്തിന് പേരു കേട്ട നാടാണ് മഹാരാഷ്ട്രയിലെ രത്നഗിരി. ഇവിടുത്തെ മണ്ണും കാലാവസ്ഥയും അല്‍ഫോണ്‍സ മാമ്പഴം ഏറ്റവും രുചിയോടെ വിളയാന്‍ അനുയോജ്യമാണ്. രത്നഗിരിയിലെ അല്‍ഫോണ്‍സ മാമ്പഴങ്ങള്‍ രുചിക്കും നിറത്തിനുമെല്ലാം പേരുകേട്ടതാണ്. രത്നഗിരിയിലെത്തിയാല് മാമ്പഴ തോട്ടങ്ങള്‍ക്കും മാങ്ങകള്ക്കുമൊപ്പം ബീച്ചുകളും മലകളും കാടും പുഴയുമെല്ലാം ആസ്വദിക്കാനാവും.
2. മാല്‍ഡ, പശ്ചിമ ബംഗാള്‍- മാംഗോ സിറ്റി എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുണ്ട് മാല്‍ഡയെ. വ്യത്യസ്ത തരം മാങ്ങകള്‍ ഇവിടുണ്ടെങ്കിലും ലാന്‍ഗ്രയും ഫാസ്ലിയുമാണ് പേരുകേട്ട ഇനങ്ങള്‍. പഴുത്താലും പച്ച നിറത്തിലുള്ള മാങ്ങയാണ് ലാന്‍ഗ്ര. ഫാസ്ലിയാവട്ടെ വലിപ്പം കൊണ്ടു സവിശേഷ രുചികൊണ്ടും അമ്പരപ്പിക്കും. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഡല്‍ഹിയില്‍ എല്ലാ വര്‍ഷവും മാമ്പഴ മേളകളും നടത്താറുണ്ട്. മാല്ഡയിലെത്തിയാല് അദീന മോസ്കും ചരിത്രമുറങ്ങുന്ന ഗൗറും സന്ദര്‍ശിക്കാം.
3. മലിഹാബാദ്, യുപി- ആത്മീയത മാത്രമല്ല, ഉത്തര്‍പ്രദേശില്‍ രുചികരമായ മാമ്പഴങ്ങളും ലഭിക്കും. മലിഹാബാദിലെ ദസേരി ഗ്രാമത്തിലാണ് പ്രസിദ്ധമായ ദസേരി മാങ്ങയുള്ളത്. ചെറുതെങ്കിലും മണവും രുചിയും കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന മാമ്പഴമാണിത്. പരമ്പരാഗത രീതിയിലാണ് ഇവിടുള്ളവരുടെ മാങ്ങ കൃഷി. അതും ഇവിടെയെത്തിയാല്‍ ആസ്വദിക്കാനാവും. അടുത്തു തന്നെയാണ് ലക്നൗ നഗരം.
4. ശ്രീനിവാസ്പുര്‍, കര്‍ണാടക- കേരളത്തിലെ മാമ്പഴ മേളകള്‍ക്ക് പോയിട്ടുള്ളവര്‍ക്കെല്ലാം സുപരിചിതമായ പേരുകളാണ് ബന്‍ഗനപ്പള്ളി, തോത്തോപുരി മാങ്ങകള്‍. ഇവ വരുന്നത് കര്‍ണാടകയിലെ കോലാര്‍ ജില്ലയിലുള്ള ശ്രീനിവാസ്പുരില് നിന്നാണ്. വ്യത്യസ്തമായ രുചിയും സ്വര്‍ണ മഞ്ഞ നിറവുമുള്ളവയാണ് ബന്‍ഗനപ്പള്ളി മാങ്ങകള്‍. സവിശേഷമായ രൂപവും അല്പം കടുപ്പമുള്ള കാമ്പുമുള്ളവയാണ് തോത്താപുരി മാങ്ങ. ഇവിടങ്ങളിലെ മാവിൻതോട്ടങ്ങള് സന്ദര്‍ശിക്കാനാകും. മാങ്ങ പറിക്കുന്ന സീസണാണെങ്കിൽ അവ വാങ്ങാനും സാധിക്കും. മാമ്പഴം കൊണ്ടുള്ള വിഭവങ്ങളും ഇവിടെ നിന്നും ലഭിക്കും. അടുത്തു തന്നെയാണ് കോട്ടി ലിംഗേശ്വര ക്ഷേത്രവും കോലാര്മാത ക്ഷേത്രവും.
5. ജുനഗഡ്, ഗുജറാത്ത്- കേസര്‍ മാങ്ങകള്‍ക്കാണ് ജുനഗഡ് എന്ന ഗുജറാത്തിലെ നഗരം പ്രസിദ്ധം. മധുരമേറിയ കാവി നിറത്തിലുള്ള മാങ്ങകളാണിത്. പ്രാദേശിക ഫാമുകള്‍ സന്ദര്‍ശിക്കാനും മാമ്പഴ വിഭവങ്ങള്‍ വാങ്ങാനുമാവും. സിംഹങ്ങളെ കാട്ടില്‍ തന്നെ കാണാനാവുന്ന ഗിര്‍ ദേശീയ പാര്‍ക്കിനടുത്താണ് ഈ പ്രദേശം. ഉപര്‍കോട്ട് കോട്ടയും ജുനഗഡിന് അടുത്താണ്.
രുചിയും ഗുണവും രൂപവും കൊണ്ടെല്ലാം വ്യത്യസ്തമായ മാങ്ങകളുള്ള നാടാണ് ഇന്ത്യ. നമ്മുടെ സംസ്ക്കാരവുമായി ചേര്‍ന്നു കിടക്കുന്നു നമ്മുടെ മാങ്ങകളും. മാമ്പഴങ്ങളെ കൂടി ഉള്‍പ്പെടുത്തുന്നത് യാത്രകളെ കൂടുതല്‍ രുചികരമാക്കും.