ഈ ക്ഷേത്രത്തിലെ തീർഥം ഗംഗാജലത്തിന് തുല്യം, ഐതിഹ്യം നിറഞ്ഞ തേനാരി ക്ഷേത്രം
![thenari-temple-01 thenari-temple-01](https://img-mm.manoramaonline.com/content/dam/mm/mo/astrology/astro-news/images/2025/1/16/thenari-temple-01.jpg?w=1120&h=583)
Mail This Article
പാലക്കാട്ടു ജില്ലയിൽ വയലുകൾക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് തേനാരി ശ്രീ മദ്ധ്യാരണ്യ ശ്രീരാമ ക്ഷേത്രം. ഉത്രാളിക്കാവ് പോലെ പ്രകൃതിരമണീയമായ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീരാമനും ലക്ഷ്മണനുമാണ് പ്രധാന പ്രതിഷ്ഠ. ഉപദേവതയായി ഹനൂമാൻ പ്രതിഷ്ഠയുമുണ്ട്. ക്ഷേത്രത്തിനുള്ളിൽ പ്രധാനപ്രതിഷ്ഠയ്ക്ക് മുന്നിലായി ശ്രീരാമതീർഥം സ്ഥിതിചെയ്യുന്നു. കാളയുടെ രൂപത്തിലുള്ള ശിൽപത്തിന്റെ വായിലൂടെ രാമതീർഥത്തിൽ നിന്നുള്ള ജലം എപ്പോഴും പുറത്തേക്കു പ്രവഹിക്കുന്നു. ഈ തീർഥത്തിൽ കുളിച്ചാൽ ഗംഗയിൽ സ്നാനം ചെയ്ത പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. നിത്യവും ബലിതർപ്പണം നടക്കുന്ന ക്ഷേത്രമെന്ന പ്രത്യേകതയുമുണ്ട്.
![thenari-temple-05 thenari-temple-05](https://img-mm.manoramaonline.com/content/dam/mm/mo/astrology/astro-news/images/2025/1/16/thenari-temple-05.jpg)
ഐതിഹ്യം
ത്രേതായുഗത്തിൽ ഭാരതത്തിന്റെ ദക്ഷിണഭാഗത്തേയ്ക്ക് വാനരസേനയോടുകൂടി യാത്ര ചെയ്ത ശ്രീരാമലക്ഷ്മണന്മാർ ഭോഗാനദത്തിന്റെ തീരത്തെത്തി (വാളയാർ പുഴ). സൈന്യങ്ങളെ കരയിൽ നിർത്തി പുഴയിൽ സ്നാനം ചെയ്ത ശ്രീരാമൻ തന്റെ മരവുരിയും കൃഷ്ണാജിനവും എടുത്തുകൊണ്ട് വരുവാൻ ലക്ഷ്മണനോട് പറയുകയും, പലവിധ ചിന്തയിലായിരുന്ന ലക്ഷ്മണന്റെ ജ്യേഷ്ഠന്റെ വാക്കുകൾ നിരസിക്കുകയും ചെയ്തു. ശ്രീരാമന്റെ വാക്കുകൾ നിരസിച്ചതിനാൽ ലക്ഷ്മണൻ ഇനി ജ്യേഷ്ഠനെ സേവിക്കാൻ യോഗ്യനല്ലെന്നും ഗംഗാതീർഥത്തിൽ സ്നാനം ചെയത് കാശിവിശ്വനാഥനെ വന്ദിച്ചുവന്ന് ശ്രീരാമചന്ദ്രന്റെ പാദങ്ങളിൽ വീണാൽ മാത്രമേ ലക്ഷ്മണൻ ചെയ്ത പാപം തീരുകയുള്ളൂ എന്ന് ഒരു അശരീരി ആ സമയം കേൾക്കാനിടയായി.
![thenari-temple-03 thenari-temple-03](https://img-mm.manoramaonline.com/content/dam/mm/mo/astrology/astro-news/images/2025/1/16/thenari-temple-03.jpg)
താൻ ചെയ്ത പാപത്തെക്കുറിച്ചോർത്ത് ദുഃഖിച്ച ലക്ഷ്മണന് ഗംഗയിൽ പോയി സ്നാനം ചെയ്യണമെങ്കിൽ അതിനുണ്ടാകുന്ന കാലതാമസവും അത്രയും നാൾ ശ്രീരാമനെ സേവിക്കാൻ കഴിയുകയില്ല എന്നതും കൂടുതൽ വ്യഥയെ ഉണ്ടാക്കി. ഈ സമയം ജ്ഞാനശ്രുതി എന്ന മഹർഷി അവിടെ വന്നു ചേരുകയും എല്ലാ വൃത്താന്തങ്ങളും ശ്രീരാമചന്ദ്രനിൽ നിന്നും അറിഞ്ഞ മഹർഷി അശരീരി കേട്ടതിനാൽ ഗംഗാനദിയെ ഇവിടേയ്ക്ക് വരുത്തുവാൻ ശ്രീരാമനോട് പറയുകയും ചെയ്തു. മഹർഷിയുടെ നിർദേശപ്രകാരം ശ്രീരാമൻ തൊടുത്ത ശരം ഭൂമിയെ തുളച്ച് പോയി ഗംഗാനദിയെ ഇവിടെ കൊണ്ടു വന്നു. അങ്ങനെ ആ ശരഗംഗയിൽ സ്നാനം ചെയ്ത ലക്ഷ്മണൻ പാപമുക്തനായി. ലക്ഷ്മണന്റെ പാപമുക്തിക്ക് കാരണമായ ആ ശരഗംഗാതീർഥം അനേകം മഹാന്മാരുടെ പാപങ്ങൾ കഴുകിക്കളഞ്ഞുകൊണ്ട് ഇന്നും കാളവായിലൂടെ അനുസ്യൂതം ഒഴുകുന്നു.
![thenari-temple-02 thenari-temple-02](https://img-mm.manoramaonline.com/content/dam/mm/mo/astrology/astro-news/images/2025/1/16/thenari-temple-02.jpg)
പിന്നീട് ശ്രീരാമലക്ഷ്മണന്മാർ ഈ തീർഥക്കരയിൽ കുറച്ചുകാലം താമസിക്കുകയും അതിനുശേഷം ദക്ഷിണ ദിക്കിലേക്ക് യാത്ര ചെയ്യുകയും ചെയ്തു. കാലാന്തരത്തിൽ ഇവിടെ ശ്രീരാമതീർഥം ക്ഷേത്രമായി പരിണമിച്ചു. ഈ പ്രദേശത്ത് താമസിക്കുന്ന വേളയിൽ ഒരുനാൾ ശ്രീരാമലക്ഷ്മണന്മാർ പിതൃതർപ്പണം നടത്തി പിതൃക്കൾക്ക് മോക്ഷം നൽകിയതിനാൽ ഈ തീർഥക്കരയിൽ പിതൃതർപ്പണം നടത്തിയാൽ ജന്മാന്തരങ്ങളായുള്ള പിതൃദോഷങ്ങൾ വിട്ടൊഴിയുമെന്നാണ് വിശ്വാസം. കാലങ്ങളായി ഭക്തർ ഈ തീർഥക്കരയിൽ പിതൃദോഷനിവാരണത്തിനായി ബലി തർപ്പണങ്ങൾ നടത്തി വരുന്നു.
![thenari-temple-04 thenari-temple-04](https://img-mm.manoramaonline.com/content/dam/mm/mo/astrology/astro-news/images/2025/1/16/thenari-temple-04.jpg)
ശനിഭഗവാന്റെ അനുഗ്രഹവും ഈ ക്ഷേത്രത്തെ കൂടുതൽ പവിത്രമാക്കുന്നു. തന്റെ ദൃഷ്ടിയുള്ള സമയത്താണ് ദശരഥന് പുത്രവിയോഗമുണ്ടാവാനുള്ള ശാപമേൽക്കുന്നത് എന്നതിനാൽ ഭഗവാൻ ശ്രീരാമചന്ദ്രനുണ്ടായ എല്ലാ ദുഃഖങ്ങൾക്കും കാരണം താനാണെന്ന് പശ്ചാത്തപിച്ച് ഈ തീർഥക്കരയിൽ കുളിക്കുന്നവർക്ക് ശനിയുടെ ദോഷം അകന്നു പോകുമെന്ന് അനുഗ്രഹിക്കുകയും തന്റെ വാഹനത്തെ ഈ തീർഥക്കരയിൽ കാവൽ നിർത്തുകയും ചെയ്തു.
പാലക്കാട്ട് പൊള്ളാച്ചി റൂട്ടിൽ 'പാറ' എന്ന സ്ഥലത്തിനടുത്താണ് തേനാരി ശ്രീ മദ്ധ്യാരണ്യ ശ്രീരാമക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
വിവരങ്ങൾക്ക് കടപ്പാട്
സുധീഷ്
ph: 9995308231, 97459 95719