ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഒരു വർഷമായി മാറ്റമില്ലാതെ ഇന്ധന വില

Mail This Article
കൊച്ചി∙ രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ ഒന്നാം വർഷത്തിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുൻപായി കഴിഞ്ഞ വർഷം മാർച്ച് 14ന് രാത്രിയിലാണ് വില കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനം എടുത്തത്. ഇതുപ്രകാരം പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം കുറഞ്ഞു. നികുതിയുൾപ്പെടെ സംസ്ഥാനത്ത് പെട്രോളിന് 2.24 രൂപയും ഡീസലിന് 2.16 രൂപയും കുറഞ്ഞതോടെ കൊച്ചിയിൽ പെട്രോളിന് 105.57 രൂപയും ഡീസലിന് 94.56 രൂപയുമായി.
എന്നാൽ ഇതിന് ആനുപാതികമായി സംസ്ഥാനം നികുതി കുറയ്ക്കാത്തതിനാൽ രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന നിരക്കുള്ള സംസ്ഥാനങ്ങളിൽ ഒന്നാണു കേരളം.2022 ഏപ്രിൽ ആറിനു ശേഷം ഇന്ധനവിലയിൽ പ്രതിദിന നിരക്കുമാറ്റം ഉണ്ടായിട്ടില്ല.

പണപ്പെരുപ്പം പിടിച്ചു നിർത്താനായി 2022 മേയ് 22ന് പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും കേന്ദ്രം എക്സൈസ് നികുതി കുറച്ചതാണ് ഇതിനു മുൻപു വന്ന മാറ്റം. കഴിഞ്ഞ വർഷം വില കുറയ്ക്കുന്ന സമയത്ത് ക്രൂഡ്‌ഓയിൽ വില 80–85 ഡോളറായിരുന്നു. ഇപ്പോൾ 70 ഡോളറിലേക്ക് വില താഴ്ന്നിട്ടും വില കുറയ്ക്കാൻ എണ്ണക്കമ്പനികളോ കേന്ദ്രസർക്കാരോ തയാറായിട്ടില്ല.
പ്രധാന നഗരങ്ങളിലെ നിരക്ക്
ഡൽഹി–പെട്രോൾ: 94.72
ഡീസൽ: 87.62
മുംബൈ– പെട്രോൾ: 104.21
ഡീസൽ: 90.03
കൊൽക്കത്ത– പെട്രോൾ: 106.28
ഡീസൽ: 91.82
ചെന്നൈ– പെട്രോൾ: 100.80
ഡീസൽ: 92.34