നൂറുകണക്കിന് പുരുഷൻമാരെ മല്ലയുദ്ധത്തിൽ തോൽപിച്ച രാജകുമാരി: ചെങ്കിസ് ഖാന്റെ പിന്മുറക്കാരി
Mail This Article
ശാന്തസമുദ്രം മുതൽ കാസ്പിയൻ കടൽ വരെ വ്യാപിച്ച മംഗോൾ രാജവംശത്തിന്റെ സ്ഥാപകനും ഒട്ടനവധി പടയോട്ടങ്ങൾ നടത്തി വിജയം വരിച്ച സേനാധിപതിയുമാണ് ചെങ്കിസ് ഖാൻ. ക്രൂരമായ പടയോട്ടങ്ങളാൽ ചരിത്രത്തിൽ കുപ്രസിദ്ധവുമാണ് ഈ മംഗോൾ വംശജൻ. ചെങ്കിസ് ഖാന്റെ പേരക്കുട്ടിയുടെ മകളായ ഖുതുലുനെപ്പറ്റി കേട്ടിട്ടുണ്ടോ? ചെങ്കിസ്ഖാന്റെ പേരമകനായ കൈദുവിന്റെ മകളായിരുന്നു ഖുത്‌ലുൻ. മാർകോ പോളോയുടെ വിവരണങ്ങളാണ് അതീവ ശക്തയും യോദ്ധാവുമായ ഈ രാജകുമാരിയെക്കുറിച്ചുള്ള കഥകൾ ലോകത്തെ അറിയിച്ചത്.
പിതാവായ കൈദുവിനൊത്ത് ഖുത്‌ലുൻ പലപ്പോഴും യുദ്ധക്കളത്തിലെത്തിയിരുന്നു. കുതിരയോട്ടം, അമ്പെയ്ത്ത്, ഗുസ്തി തുടങ്ങിയവ കൈദുവിന് അറിയാമായിരുന്നു.എന്നാൽ മുഷ്ടിയുദ്ധത്തിലും മല്ലയുദ്ധത്തിലുമായിരുന്നു അവർ ഏറ്റവും നിപുണ. ഖുതുലുനെ തോൽപിക്കാൻ മംഗോളിയയിലെ കൊടികെട്ടിയ മല്ലൻമാർക്കുപോലും കഴിഞ്ഞിരുന്നില്ലെന്ന് ചരിത്രം പറയുന്നു. താൻ വിവാഹിതയാകുന്നതു സംബന്ധിച്ചും ഖുതുലുൻ ഡിമാൻഡ് വച്ചിരുന്നു. തന്നെ മല്ലയുദ്ധത്തിൽ തോൽപിക്കുന്നയാളെ മാത്രമേ കല്യാണം കഴിക്കുകയുള്ളു എന്നായിരുന്നു ആ ഡിമാൻഡ്. നൂറിലേറെ പുരുഷൻമാർ വന്നെങ്കിലും ഖുതുലുന്റെ കരുത്തിനു മുന്നിൽ തോറ്റുമടങ്ങി.
∙ ലോകത്തെ വിറപ്പിച്ച തെമുജിൻ
തെമുജിൻ എന്ന പേരിൽ 1162ൽ ഇന്നത്തെ മംഗോളിയയുടെയും സൈബീരിയയുടെയും അതിർത്തി പ്രദേശത്തായിരുന്നു ചെങ്കിസ് ഖാന്റെ ജനനം.പുൽമേടുകൾ നിറഞ്ഞ ഇവിടെ ജീവിച്ച നാടോടി ഗോത്രങ്ങൾ പരസ്പരം പോരാടിക്കൊണ്ടിരുന്നു.കഠിനമായ ജീവിതരീതിയായിരുന്നു അവിടെ. കൊച്ചു തെമുജിന് 10 വയസ്സ് തികയുംമുൻപ് അവന്റെ അച്ഛനെ ആരോ ശത്രുക്കൾ വിഷം കൊടുത്തു കൊന്നു.തങ്ങൾക്ക് ബാധ്യതയായി മാറിയ ചെങ്കിസിനെയും ആറു സഹോദരൻമാരെയും അമ്മയെയും ഗോത്രം ഉപേക്ഷിച്ചു.
1178ൽ തെമുജിൻ ബോർട്ടെ എന്ന യുവതിയെ വിവാഹം കഴിച്ചു.ആ ബന്ധത്തിൽ കുറെ കുട്ടികളുമുണ്ടായി. ഇടയ്ക്കൊരുനാൾ ബോർട്ടെയെ ശത്രുഗോത്രത്തിലെ പടയാളികൾ തട്ടിക്കൊണ്ടുപോയി. ഹതാശനായ ബോർട്ടെയെ വീണ്ടെടുക്കാനായി തെമുജിൻ ശ്രമങ്ങൾ തുടരുകയും മാസങ്ങൾക്കു ശേഷം ഒരു പോരാട്ടത്തിലൂടെ അതു സാധിക്കുകയും ചെയ്തു.തെമുജിനെ പോരാളിയുടെ ഉദയമായിരുന്നു അത്.
തുടർന്ന് തെമുജിന് ധാരാളം അനുയായികളുണ്ടായി.മംഗോളിയയിൽ പരസ്പരം പോരടിച്ചു നിന്ന ഗോത്രങ്ങൾ അയാൾക്കു പിന്നിൽ അണിനിരന്നു.തുടർന്ന് ലോകത്തിന്റെ ഭരണാധികാരി എന്നർഥം വരുന്ന ‘ചെങ്കിസ് ഖാൻ’ എന്ന പേര് തെമുജിൻ സ്വീകരിച്ചു.
പുറത്തേക്കുള്ളവർക്ക് ക്രൂരനായ ആക്രമണകാരിയായിരുന്നെങ്കിലും മംഗോളുകളുടെ ജീവിതത്തിൽ വലിയ സാംസ്കാരിക മാറ്റങ്ങൾ ഉണ്ടാക്കാൻ ചെങ്കിസിനു സാധിച്ചു.
അവിടത്തെ സമൂഹവ്യവസ്ഥയുടെ ഭാഗമായിരുന്ന സ്ത്രീകളെ തട്ടിക്കൊണ്ടുപോകൽ,ഗോത്രങ്ങൾ തമ്മിലുള്ള കൊള്ളയടി,അടിമത്വം തുടങ്ങിയവയൊക്കെ ഖാൻ നിരോധിച്ചു.ചെങ്കിസിനു കീഴിൽ ഒരു ജനത അണിനിരക്കുകയായിരുന്നു.
പിന്നീട് നടന്നത് ചരിത്രത്തിൽ ഇടം നേടിയ പടയോട്ടങ്ങൾ.ചൈനയിലെ വടക്കുപടിഞ്ഞാറൻ മേഖലയെ ആദ്യം ആക്രമിച്ച ചെങ്കിസ് ഖാന്റെ സൈന്യം പിന്നീട് തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, അർമീനിയ, ജോർജിയ, അസർബൈജാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ തങ്ങളുടെ പടയോട്ടം നടത്തി. ചെങ്കിസ് ഖാൻ മരിക്കുമ്പോൾ അയാളുടെ സാമ്രാജ്യത്തിന് ആഫ്രിക്ക ഭൂഖണ്ഡത്തിന്റെ വിസ്തീർണമുണ്ടായിരുന്നെന്ന് ചരിത്രകാരൻമാർ പറയുന്നു. മംഗോളിയയുടെ ദേശീയ ഹീറോയായി മാറിയ ചെങ്കിസ് ഖാൻ പക്ഷേ അന്യദേശങ്ങൾക്കു വില്ലനായിരുന്നു.