കുട്ടികൾ സോഷ്യൽ മീഡിയ അഡിക്റ്റെന്ന് രക്ഷിതാക്കൾ; അവരിൽ അക്രമണസ്വഭാവം കൂടുതലെന്നും സർവേ
Mail This Article
പുതിയകാലത്തെ കുട്ടികൾ പുതിയ സാങ്കേതികവിദ്യയ്ക്ക് ഒപ്പം വളരുന്നവരാണ്. അതുകൊണ്ടു തന്നെ ഡിജിറ്റൽ ഗാഡ്ജറ്റുകൾ അവരിൽ നിന്ന് മാറ്റിവെയ്ക്കുക എളുപ്പമല്ല. പഠനത്തിനാണ് പ്രാധാന്യം നൽകേണ്ടത് എന്നത് മറന്നാണ് പല കുട്ടികളും മൊബൈലിന്റെ പിന്നാലെ പോകുന്നത്. അതുകൊണ്ടു തന്നെ തങ്ങളുടെ കുട്ടികൾ സോഷ്യൽ മീഡിയ അഡിക്റ്റുകളാണെന്ന് വിശ്വസിക്കുന്നവരാണ് മിക്ക രക്ഷിതാക്കളും. സോഷ്യൽ മീഡിയ, സ്ട്രീമിംഗ് ആപ്പുകൾ, ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾ തുടങ്ങിവയ്ക്ക് കുട്ടികൾ അടിമപ്പെട്ടു പോയെന്നാണ് അമ്പതു ശതമാനം രക്ഷിതാക്കളും കരുതുന്നത്.
കുട്ടികളുടെ സ്വഭാവത്തിലും വലുതായ വ്യത്യാസങ്ങൾ ഉണ്ട്. വർദ്ധിച്ചു വരുന്ന ആക്രമണ സ്വഭാവമാണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്. ക്ഷമയില്ലായ്മയും അലസതയും മറ്റ് ചില സ്വഭാവങ്ങളാണ്. ഓൺലൈൻ സർവേഫേം ആയ ലോക്കൽ സർക്കിളാണ് മാതാപിതാക്കളിൽ സർവേ നടത്തിയത്. ഒമ്പതു വയസിനും 17 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളുള്ള നഗരപ്രദേശത്തെ മാതാപിതാക്കളെയാണ് സർവേയിൽ പങ്കെടുപ്പിച്ചത്. സർവേയിൽ പങ്കെടുത്തവരിൽ 47 ശതമാനം രക്ഷിതാക്കളും അവരുടെ കുട്ടികൾ ദിവസവും ഏറ്റവും കുറഞ്ഞത് മൂന്ന് മണിക്കൂർ എങ്കിലും സോഷ്യൽ മീഡിയ, വിഡിയോസ്, സ്ട്രീമിംഗ് ആപ്പുകൾ, ഓൺലൈൻ ഗെയിമുകൾ എന്നിവയ്ക്കായി ചെലവഴിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സർവേയിൽ പങ്കെടുത്തവരിൽ പത്തു ശതമാനം മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ ദിവസം ആറു മണിക്കൂറിലധികം ഇത്തരം പ്ലാറ്റ്ഫോമുകളിൽ ചെലവഴിക്കുന്നതായി വ്യക്തമാക്കി.
സർവേയിൽ പങ്കെടുത്തവരിൽ 66 ശതമാനം മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ സോഷ്യൽ മീഡിയ, ഒടിടി പ്ലാറ്റ്ഫോം, ഓൺലൈൻ ഗെയിമിങ്ങ് പ്ലാറ്റ്ഫോം എന്നിവയോട് ആസക്തിയുള്ളവരാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഈ മാതാപിതാക്കളിൽ 58 ശതമാനം പേരും ഇത് കുട്ടികളിൽ ആക്രമണവും അക്ഷമയും അലസതയും വർദ്ധിപ്പിച്ചെന്നും വിശ്വസിക്കുന്നെന്ന് ലോക്കൽ സർക്കിൾ ഫൌണ്ടർ സച്ചിൻ തപരിയ പറഞ്ഞു.
2024 ഓഗസ്റ്റ് 16 മുതൽ ഒക്ടോബർ 31 വരെ ഓൺലൈൻ ആയാണ് സർവ്വേ സംഘടിപ്പിച്ചത്. ഇന്ത്യയിലെ 368 നഗരജില്ലകളിൽ നിന്ന് ഏകദേശം 70,000 ത്തിലധികം പ്രതികരണങ്ങളാണ് സർവേയ്ക്ക് ലഭിച്ചത്. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിലോ ഒടിടി പ്ലാറ്റ്ഫോമിലോ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലോ അക്കൗണ്ട് എടുക്കുന്നതിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്ന ഡാറ്റ സംരക്ഷണ നിയമം വേണമെന്ന് സർവേയിൽ പങ്കെടുത്ത 66 ശതമാനം മാതാപിതാക്കളും അഭിപ്രായപ്പെട്ടു.