1300 വർഷങ്ങൾ പാറയിൽ ഉറച്ചിരുന്ന വാൾ കാണാതായി! നഷ്ടപ്പെട്ടത് ഫ്രാൻസിലെ ഡുറൻഡാൽ
Mail This Article
1300 വർഷം പാറയിൽ ഉറച്ചിരുന്ന ഫ്രാൻസിലെ പ്രശസ്തമായ ഡുറൻഡാൽ വാൾ കാണാതായി. ഫ്രഞ്ച് ഗ്രാമമായ റോകാമഡൂറിലാണ് മാന്ത്രികശക്തികളുണ്ടെന്ന് തദ്ദേശീയർ വിശ്വസിച്ചിരുന്ന വാൾ സ്ഥിതി ചെയ്തിരുന്നത്. ഫ്രഞ്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇംഗ്ലിഷ് ഐതിഹ്യങ്ങളിൽ എക്‌സ്‌കാലിബർ എന്ന അതിപ്രശസ്തമായ ഒരു വാളിനെപ്പറ്റി പറയാറുണ്ട്. കിങ് ആർതർ എന്ന അതിപ്രശസ്തനായ എന്നാൽ ജീവിച്ചിരുന്നെന്ന് ഉറപ്പില്ലാത്ത രാജാവിന്‌റെ വാളായിരുന്നു ഇത്.ഇതിനു സമാനമായ പ്രശസ്തിയുള്ളതായിരുന്നു ഡുറൻഡാൽ.
ഈ വാൾ കാണാൻ വേണ്ടി മാത്രം ധാരാളം പേർ ഫ്രഞ്ച് ഗ്രാമമായ റോകമഡൂറിലെത്താറുണ്ട്. ഫ്രഞ്ച് സാഹിത്യത്തിലും മറ്റും നിരവധി തവണ പരാമർശിക്കപ്പെടുന്ന അതിപ്രശസ്തനായ കഥാപാത്രമായ റോലൻഡ് എന്ന യോദ്ധാവിന്റെ വാളാണ് ഡുറൻഡാൽ. ഒരു മാലാഖയാണ് ഡുറൻഡാലിന് ഈ വാൾ നൽകിയതെന്നാണ് ഐതിഹ്യം. എന്നാൽ പിൽക്കാലത്തൊരിക്കൽ ശത്രുസൈന്യം തന്നെ വളഞ്ഞപ്പോൾ രക്ഷപ്പെടുന്നതിനായി റോലൻഡ് ഈ വാൾ വലിച്ചെറിഞ്ഞത്രേ. ഇത് ഒരു പാറയിലേക്ക് തുളച്ചുകയറി അവിടെ ഉറച്ചുപോയെന്നാണ് ഐതിഹ്യം.
ഈ വാളിന്‌റെ മാന്ത്രികശക്തികളെക്കുറിച്ചൊക്കെ പതിനൊന്നാം നൂറ്റാണ്ടിലെഴുതിയ സോങ് ഓഫ് റോലൻഡ് എന്ന കൃതിയിൽ പറയുന്നുണ്ട്. ഫ്രഞ്ച് സാഹിത്യത്തിൽ ഇന്നുമുള്ള ഏറ്റവും പ്രാചീന കൃതികളിലൊന്നാണ് സോങ് ഓഫ് റോലൻഡ്.
നൂറടി പൊക്കമുള്ള ഒരു കുന്നിലെ പാറയിലാണ് ഈ വാൾ സ്ഥിതി ചെയ്തിരുന്നത്. ആരാണ് ഇത്രയും പൊക്കം വലിഞ്ഞുകയറി ഈ വാൾ എടുത്തുമാറ്റിയതെന്ന അദ്ഭുതത്തിലാണ് പൊലീസ്. റോകാമഡൂറിലുള്ള ജനങ്ങൾ വളരെയേറെ വിലമതിച്ചിരുന്നതാണ് ഈ വാൾ. ഐതിഹ്യത്തിന്‌റെ ചുവടുപിടിച്ച് ആരോ പാറയിൽ സ്ഥാപിച്ചതാകാം ഈ വാളെങ്കിലും തങ്ങളുടെ ജീവിതവുമായി ഇത് ആഴത്തിൽ ബന്ധപ്പെട്ടിരുന്നെന്ന് തദ്ദേശവാസികൾ പറയുന്നു.