ADVERTISEMENT

ആലപ്പുഴ ∙ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആലപ്പുഴയിലെ കേരള യൂണിറ്റിൽ നിപ്പ സാംപിളുകളുടെ പരിശോധന തുടങ്ങി. നിപ്പ രോഗബാധ സംശയിക്കുന്നവരുടെ സാംപിളുകളാണ് പരിശോധിക്കുന്നത്. രോഗബാധിതരുമായി നേരിട്ടു സമ്പർക്കമുള്ളവരുടെ സാംപിളുകൾ പരിശോധിക്കാൻ നിലവിൽ സ്ഥാപനത്തിന് അനുമതിയില്ല. അതിനാൽ നിലവിൽ നിപ്പ സ്ഥിരീകരിച്ച കോഴിക്കോട് ഒഴികെയുള്ള ജില്ലകളിലെ രോഗലക്ഷണങ്ങൾ ഉള്ളവരുടെ സാംപിളുകളാണ് ഇവിടെ പരിശോധിക്കുന്നത്. ഒരു ദിവസം 100 സാംപിളുകൾ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. എന്നാൽ പരിശോധനാഫലം പോസിറ്റീവ് ആണെങ്കിലും നിപ്പ ബാധയാണെന്നു സ്ഥിരീകരിക്കാൻ സ്ഥാപനത്തിന് അനുമതിയില്ല.

ബയോസേഫ്റ്റി ലെവൽ 3 (ബിഎസ്എൽ3) മുതൽ സുരക്ഷാ സംവിധാനമുള്ള ലാബുകളിൽ മാത്രമേ നേരിട്ടു സമ്പർക്കമുള്ളവരുടെ സാംപിളുകൾ പരിശോധിക്കാനും രോഗബാധ സ്ഥിരീകരിക്കാനും പാടുള്ളൂവെന്നാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച് (ഐസിഎംആർ) നിർദേശം. ആലപ്പുഴയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ ബിഎസ്എൽ 2 പ്ലസ് വിഭാഗത്തിലാണ്. ബിഎസ്എൽ 3 നിലവാരത്തിലെത്തിക്കാനുള്ള നിർമാണ ജോലികൾ അവസാന ഘട്ടത്തിലാണെന്ന് അധികൃതർ പറയുന്നു. 

നിലവാരം ഉയർത്തുമെന്ന പ്രഖ്യാപനത്തിന് 5 വയസ്സ്

ഐസിഎംആറിനു കീഴിലുള്ള ആലപ്പുഴ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബ് ബിഎസ്എൽ 3 നിലവാരത്തിലേക്ക് ഉയർത്തുമെന്നു പ്രഖ്യാപിച്ചത് കേരളത്തിൽ ആദ്യമായി നിപ്പ രോഗബാധ സ്ഥിരീകരിച്ച 2018 ലാണ്. കേരളത്തിൽ സാംപിൾ പരിശോധനയ്ക്കു സൗകര്യമില്ലാത്തതു കണക്കിലെടുത്തായിരുന്നു പ്രഖ്യാപനം. എന്നാൽ 5 വർഷമായിട്ടും ഇതു നടപ്പിലായില്ല. ഇതിനിടെ 3 വട്ടം കൂടി കേരളത്തിൽ നിപ്പ സ്ഥിരീകരിച്ചു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനു സ്ഥലപരിമിതിയായിരുന്നു ആദ്യ തടസ്സം.

കഴിഞ്ഞ വർഷം നവംബറിൽ ഇൻസ്റ്റിറ്റ്യൂട്ട് പുതിയ കെട്ടിടത്തിലേക്കു മാറി. പുതിയ ലാബിന്റെ നിർമാണം സിപിഡബ്ല്യുവിനെ ഏൽപിച്ചെങ്കിലും പൂർത്തിയായിട്ടില്ല. ലാബ് ബിഎസ്എൽ 3 നിലവാരത്തിലേക്ക് ഉയർന്നാൽ പുണെയിൽ സാംപിൾ പരിശോധിച്ചു ഫലം പ്രഖ്യാപിക്കുന്നതു വരെയുള്ള കാത്തിരിപ്പ് ഒഴിവാക്കാം. ലാബ് നിലവാരം കൂടിയാൽ വൈറസ് രോഗങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ഗവേഷണവും നടത്താം. മിക്ക വൈറസുകളെയും കണ്ടെത്താനുള്ള പരിശോധനാ സംവിധാനം നിലവിൽ ഇവിടെയുണ്ട്.

ചിക്കുൻ ഗുനിയ, പക്ഷിപ്പനി, കോവിഡ് എന്നിവയുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ പ്രധാന പരിശോധനകളെല്ലാം ഇവിടെയാണ് നടന്നത്. പുതിയ കെട്ടിടത്തിൽ ബിഎസ്എൽ 3 ഗ്രേഡിലുള്ള ലാബിന്റെ നിർമാണം 80% പൂർത്തിയായതായി ഓഫിസർ ഇൻ ചാർജ് ഡോ.ബി. അനുകുമാർ പറഞ്ഞു. ലാബിനാവശ്യമായ ഉപകരണങ്ങൾ എല്ലാം ഇവിടെയുണ്ട്. പുതിയ ലാബിലേക്കുള്ള ജീവനക്കാർക്കായി ഐസിഎംആർ അപേക്ഷ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com