വേലിയേറ്റം: കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു; അപകട നിലയ്ക്കു മുകളിൽ, കർഷകർ ദുരിതത്തിൽ
Mail This Article
കുട്ടനാട് ∙ ശക്തമായ വേലിയേറ്റം തുടരുന്നതോടെ കുട്ടനാട്ടിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. ജലനിരപ്പ് അപകട നിലയ്ക്കു മുകളിൽ എത്തിയതോടെ നെൽക്കൃഷി ഇറക്കുന്ന പാടശേഖരങ്ങളിലെ കർഷകർ ദുരിതത്തിലായി. ഒരു പാടശേഖരത്തിൽ മട വീഴുകയും ദുർബലമായ പുറംബണ്ടുകൾ ഉള്ള മറ്റു പാടശേഖരങ്ങൾ മട വീഴ്ച ഭീഷണിയിലുമാണ്. പുറംബണ്ടുകൾ കവിഞ്ഞും മറ്റും വെള്ളം പാടശേഖരത്തിലേക്കു കയറുന്നതു മൂലം വിത പൂർത്തിയാക്കിയ പാടശേഖരങ്ങളിലെ വിതച്ച നെല്ല് നാശത്തിന്റെ വക്കിലാണ്.
പുറം ജലാശയത്തിൽ ജലനിരപ്പ് ഉയർന്നതിനാൽ പെട്ടിമട തള്ളിപ്പോയി മട വീഴാനുള്ള സാധ്യത നില നിൽക്കുന്നതിനാൽ സുഗമമായി പമ്പിങ് നടത്താൻ സാധിക്കുന്നില്ല. വെള്ളം വറ്റിച്ചു കൊണ്ടിരിക്കുന്ന പാടശേഖരങ്ങളിൽ വെള്ളം കവിഞ്ഞു കയറുന്നതു മൂലം സമയ ബന്ധിതമായി വിത നടത്താനും സാധിക്കാത്ത അവസ്ഥയാണ്. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ വേലിയേറ്റ സമയത്തു പൂർണമായി അടച്ചിടാനും വേലിയിറക്ക സമയത്തു തുറന്ന് ഇടുന്നതിനും സ്ഥിരം സംവിധാനം ഒരുക്കണമെന്നാണു കർഷകർ ആവശ്യപ്പെടുന്നത്.
നിലവിൽ 90 ഷട്ടറുകളിൽ 20 ഷട്ടറുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതായാണ് അധികൃതർ പറയുന്നത്. ശക്തമായ വേലിയേറ്റം തുടരുന്ന സാഹചര്യത്തിൽ ഷട്ടറുകൾ പൂർണമായി തുറക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള സംവിധാനം ഒരുക്കിയാൽ മാത്രമേ കുട്ടനാട്ടിൽ ഇപ്പോൾ അനുഭവിക്കുന്ന വെള്ളപ്പൊക്ക ദുരിതത്തിനു ശമനമാകൂ. ജലനിരപ്പ് ഉയർന്നതോടെ കാവാലം, മങ്കൊമ്പ്, നെടുമുടി മേഖലയിൽ ജലനിരപ്പ് അപകട നിലയ്ക്കു മുകളിൽ എത്തി. കാവാലത്ത് 13 സെന്റി മീറ്ററും നെടുമുടിയിൽ 6 സെന്റി മീറ്ററും മങ്കൊമ്പിൽ 1 സെന്റി മീറ്ററും ജലനിരപ്പ് അപകട നിലയ്ക്കു മുകളിലെത്തി. പള്ളാത്തുരുത്തിയിൽ 2 സെന്റി മീറ്റർ ജലനിരപ്പ് ഉയർന്നാൽ അപകട നിലയ്ക്ക് ഒപ്പമെത്തും.
ജലനിരപ്പ്
ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇന്നലെ രേഖപ്പെടുത്തിയ ജലനിരപ്പും അപകട നിലയും. കാവാലം 1.53 മീറ്റർ (1.40), നെടുമുടി 1.51 മീറ്റർ (1.45), മങ്കൊമ്പ് 1.36 മീറ്റർ (1.35), പള്ളാത്തുരുത്തി 1.38 മീറ്റർ (1.40), ചമ്പക്കുളം 1.49 മീറ്റർ (1.60).