കുഴി അടയ്ക്കാൻ മടിയെന്തിന്?
Mail This Article
ബെംഗളൂരു∙ സമയ പരിധി പലതവണ അവസാനിച്ചിട്ടും നഗര നിരത്തുകളിലെ കുഴികൾ നികത്തുന്നത് പാതിവഴിയിൽ മാത്രം. അടുത്ത മാസം 15നകം മുഴുവൻ കുഴികളും അടച്ചില്ലെങ്കിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുന്നതടക്കം കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥിന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങി.റോഡുകളിലെ മുഴുവൻ കുഴികളും ഉടൻ കണ്ടെത്തി മൂടണമെന്നും അല്ലാത്തപക്ഷം കർശന നടപടികൾ നേരിടേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു. ചീഫ് എൻജിനീയർമാർ അടക്കം മുഴുവൻ ഉദ്യോഗസ്ഥർക്കും ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. കുഴി നികത്തുന്നതിൽ ബിബിഎംപി പൂർണ പരാജയമാണെന്ന ഹൈക്കോടതി പരാമർശം വന്നതിനു പിന്നാലെയാണു പുതിയ ഉത്തരവ് ബിബിഎംപി പുറത്തിറക്കിയത്.
നേരത്തേ സെപ്റ്റംബർ 20നകം കുഴികൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു മന്ത്രി എ.അശോക ഉത്തരവ് പുറത്തിറക്കിയെങ്കിലും നടപ്പാക്കാനായില്ല. പിന്നീട് ഇതിന്റെ കാലാവധി ഒക്ടോബർ 10 ആക്കി നീട്ടിയെങ്കിലും ഫലം കണ്ടില്ല. മാർച്ച് 31ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ 15 ദിവസവും സെപ്റ്റംബർ 19ന് ഹൈക്കോടതി 10 ദിവസവും സമയ പരിധി നിശ്ചയിച്ചെങ്കിലും ജീവനെടുക്കുന്ന അപകടക്കുഴികൾ നിരത്തുകളിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം 31നകം 600 കുഴികൾ അടയ്ക്കണമെന്ന് സ്വകാര്യ കമ്പനിക്ക് നിർദേശം നൽകിയതായി ബിബിഎംപി അറിയിച്ചിരുന്നു. എന്നാൽ തങ്ങൾക്കു ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്നാണ് കുഴികൾ നികത്താൻ കരാറുള്ള അമേരിക്കൻ റോഡ് ടെക്നോളജി ആൻഡ് സൊലൂഷൻസ് നൽകുന്ന വിശദീകരണം. പഴിചാരലുകൾ ഒഴിവാക്കി കൃത്യമായ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
നടപടി ഫലപ്രദമാകുന്നില്ല
നഗരത്തിൽ കുഴിയില്ലാത്ത റോഡുകൾ കണ്ടെത്താൻ തന്നെ വിഷമമാണ്. പ്രധാന റോഡുകളിൽ കുഴി അടപ്പ് നടക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. ഇടറോഡുകളുടെയും പാർപ്പിട പ്രദേശങ്ങളിലേക്കുള്ള റോഡുകളുടെയും അവസ്ഥ അതിലും ദയനീയമാണ്. സൈക്കിൾ യാത്ര പോലും കഴിയാത്ത അവസ്ഥയിലാണ് പല റോഡുകളും.
പി.സുനിൽ കുമാർ, ആർടി നഗർ
കല്ലുകൾ തെറിച്ച് പരുക്ക്
തകർന്ന റോഡുകളിൽ വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ കുഴികളിൽ നിന്നും കല്ലുകൾ തെറിക്കുന്നത് കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്. വാഹന അപകടങ്ങൾക്ക് ഇവ കാരണമാകുന്നുണ്ട്. കുഴികൾ അടിയന്തരമായി നികത്തി ഭീഷണി ഒഴിവാക്കണം.
കെ. പ്രവിത, ഹെബ്ബാൾ
അടയ്ക്കാനുള്ളത് 7851 കുഴികൾ
നഗര നിരത്തുകളിൽ ഇനി അടയ്ക്കാനുള്ളത് 7851 കുഴികളെന്ന് കണക്കുകൾ. രാജാജി നഗർ ഉൾപ്പെടുന്ന വെസ്റ്റ് സോണിലാണ് കൂടുതൽ കുഴികൾ അടയ്ക്കാനുള്ളത്. 7851 എണ്ണം. യെലഹങ്ക(1153), ആർആർ നഗർ(1170), ഈസ്റ്റ് സോൺ(1043), ദാസറഹള്ളി(1027), ബൊമ്മനഹള്ളി(765), സൗത്ത് സോൺ(751), മഹാദേവപുര(751) സോണുകളിലും കുഴികൾ അടയ്ക്കാനുണ്ട്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് മഴ കൂടിയതാണ് കുഴി അടയ്ക്കാൻ വൈകുന്നതിനു കാരണമെന്നാണ് ബിബിഎംപി നൽകുന്ന വിശദീകരണം.