മുട്ടയുടെ മഞ്ഞക്കരുവിന് ഓറഞ്ച് നിറമാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Mail This Article
ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നവർ ദിവസവും മുട്ട കഴിക്കുന്നത് ശീലമാക്കിയിട്ടുള്ളവർ ആയിരിക്കും. എന്നിരുന്നാലും മുട്ട കഴിക്കുന്നവരിൽ പലപ്പോഴും ആശങ്ക ഉണ്ടാക്കുന്ന ഒരു കാര്യമുണ്ട്, അത് മറ്റൊന്നുമല്ല. മുട്ടയുടെ മഞ്ഞക്കരുവിൽ ഉണ്ടാകുന്ന നിറവ്യത്യാസങ്ങൾ ആണ് പലപ്പോഴും നമ്മളെ സംശയാലുവാക്കുന്നത്. ചില സമയങ്ങളിൽ മുട്ടയുടെ മഞ്ഞക്കരു ഓറഞ്ച് നിറത്തിൽ കാണപ്പെടാറുണ്ട്. എന്നാൽ പേടിക്കേണ്ട, പതിവു മഞ്ഞക്കരുവിൽ നിന്ന് വ്യത്യസ്തമായി അൽപം ഓറഞ്ച് നിറത്തിലാണോ മുട്ടയുടെ മഞ്ഞക്കരു കാണുന്നത്. എങ്കിൽ ഉറപ്പിച്ചോളൂ, പതിവായി കഴിക്കുന്ന മുട്ടയേക്കാൾ അൽപം ആരോഗ്യകരമാണ് ഇത്.
മുട്ടയുടെ മഞ്ഞക്കരു മഞ്ഞനിറത്തിലോ ഓറഞ്ച് നിറത്തിലോ കാണപ്പെടുന്നതിൽ ആശങ്കപ്പെടാൻ ഒന്നുമില്ല. എന്നിരുന്നാലും മഞ്ഞക്കരുവിൽ നിറവ്യത്യാസങ്ങൾ വരുന്നതിന് ചില കാരണങ്ങളുണ്ട്.
നിറം മുട്ടയ്ക്ക് എന്താണ് നൽകുന്നത്?
കോഴിയുടെ ജീവിതരീതിയും ഭക്ഷണരീതിയും എല്ലാം മുട്ടയിലെ മഞ്ഞക്കരുവിൻ്റെ നിറത്തെ ബാധിക്കുന്ന കാരണങ്ങളാണ്. കുറച്ചു കൂടി കടുത്ത മഞ്ഞനിറത്തിലുള്ള മഞ്ഞക്കരുവാണ് മുട്ടയിലേത് എങ്കിൽ അത് കോഴി കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ലഭിക്കുന്നത്. കരോട്ടിനോയിഡുകൾ അടങ്ങിയ ഭക്ഷണം അതായത് ചോളം പോലുള്ളവ കഴിക്കുന്ന കോഴിയുടെ മുട്ടകളിലെ മഞ്ഞക്കരുവിനാണ് കുറച്ച് അധികം ഓറഞ്ച് നിറം ഉണ്ടായിരിക്കുക.

കൂടാതെ, പുല്ല് കൊത്തിപ്പറിച്ച് നടക്കുന്ന കോഴികളിലും പറമ്പിലെ പ്രാണികളെയും ജീവികളെയും ഒക്കെ തിന്ന് ജീവിക്കുന്ന കോഴികളുടെ മുട്ടയിലും മഞ്ഞക്കരുവിന് അൽപ്പം നിറം കൂടുതൽ ആയിരിക്കും. ഇത് മാത്രമല്ല കോഴിയുടെ പ്രായവും മുട്ട ഇടുന്ന കാലവും എല്ലാം മുട്ടയിലെ മഞ്ഞക്കരുവിൻ്റെ നിറത്തെ ബാധിക്കും.
ഫാക്ടറികളിൽ വളർത്തുന്ന കോഴികളുടെ മുട്ടയുടെ മഞ്ഞക്കരുവിൻ്റെ നിറം മിക്കപ്പോഴും മഞ്ഞനിറത്തിൽ ആയിരിക്കും. കാരണം, ഇത്തരം കോഴികൾ എപ്പോഴും കൂട്ടിൽ അടച്ച് വളർത്തുന്നതും പുറത്തിറങ്ങാത്തതും സൂര്യപ്രകാശം ഏൽക്കാത്തതും ആയിരിക്കും. അതുകൊണ്ടു തന്നെ ഇത്തരം കോഴികളുടെ മുട്ടകളിലെ മഞ്ഞക്കരു മഞ്ഞ നിറത്തിൽ ആയിരിക്കും.
ആരോഗ്യകരം ഈ ഓറഞ്ച് നിറം
ഓറഞ്ച് നിറത്തിലുള്ള മഞ്ഞക്കരുവുള്ള മുട്ടയാണ് പൊതുവേ ആരോഗ്യകരം എന്ന് കരുതപ്പെടുന്നത്. പറമ്പിൽ ചിക്കി ചികഞ്ഞ് നടന്ന്, പുല്ലിനെയും പുഴുവിനെയും ഒക്കെ കൊത്തി തിന്ന് നടക്കുന്ന കോഴികളുടെ മുട്ടയുടെ മഞ്ഞക്കരുവിന് ആണ് ഓറഞ്ച് നിറം കാണപ്പെടുക. അതുകൊണ്ടു തന്നെ ആളുകൾ എപ്പോഴും ഇത്തരത്തിലുള്ള നാടൻ മുട്ടകൾക്ക് വേണ്ടി താൽപര്യം പ്രകടിപ്പിക്കുന്നവർ ആയിരിക്കും.
ഏതാണ് കൂടുതൽ ഗുണകരം
ഓറഞ്ച് കലർന്ന നിറമുള്ള മഞ്ഞക്കരുവുള്ള മുട്ട സാധാരണ മഞ്ഞക്കരുവുള്ള മുട്ടയേക്കാൾ കൂടുതൽ ആരോഗ്യകരമാണെന്ന് കരുതുന്നു. എന്നാൽ, അത് പൂർണമായും ശരിയല്ല. ഓറഞ്ച് നിറമുള്ള മഞ്ഞക്കരുവുള്ള മുട്ടയിൽ മറ്റ് മുട്ടയിൽ ഉള്ളതിനേക്കാൾ ഒമേഗ ത്രീ ഫാറ്റി ആസിഡ് അധികമാണ്. കൂടാതെ വിറ്റാമിനുകളും ആൻ്റി ഓക്സിഡൻ്റ്സും ഓറഞ്ച് നിറമുള്ളതിൽ മറ്റുള്ളതിനേക്കാൾ അധികമായിരിക്കും. പക്ഷേ, നിറം മഞ്ഞയാണെങ്കിലും ഓറഞ്ച് ആണെങ്കിലും ഗുണത്തിന്റെ കാര്യത്തിൽ വലിയ വ്യത്യാസം ഒന്നുമില്ല. പ്രോട്ടീന്റെ മികച്ച ഉറവിടമായ മുട്ട ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.