മട്ടാഞ്ചേരിയിൽ പ്രചാരണം വേറെ ലെവൽ

Mail This Article
മട്ടാഞ്ചേരി∙ നാടു നന്നായറിയാത്ത സ്ഥാനാർഥിവന്നു മട്ടാഞ്ചേരിയിൽ വോട്ടു ചോദിച്ചാൽ പെട്ടുപോയതുതന്നെ. വോട്ടു ചോദിച്ചു പോയി വഴി തെറ്റാം. അടുത്ത ഡിവിഷനിൽ കയറിയാവും വോട്ടഭ്യർഥന. അടുത്തടുത്തു ഡിവിഷനുകളും കുറച്ച് ഏരിയയും കൂടുതൽ വോട്ടർമാരും മട്ടാഞ്ചേരിയുടെ മാത്രം പ്രത്യേകതയാണ്. ആളും ആരവങ്ങളുമൊക്കെയായി തിരഞ്ഞെടുപ്പു മട്ടാഞ്ചേരിക്കു െപരുന്നാളാണ്. പക്ഷേ ഇക്കുറി ആകെയൊരു നിശബ്ദത.
വൺ നേഷൻ
‘ വൺ നേഷൻ , വൺ ഇലക്‌ഷൻ ’ എന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതു മട്ടാഞ്ചേരിയിലെ തിരഞ്ഞെടുപ്പ് ഓർത്തെടുത്തിട്ടാണോ ? ഇവിടെ പല ബൂത്തുകളിലും ഇന്ത്യയുടെ പല നാടുകളിൽ നിന്നു വന്നവർക്കു വോട്ടുണ്ട്. തലമുറകളായി ഇവിടത്തുകാരായി മാറിയവരാണ് അവർ. 5 ഡിവിഷനുകളിലെ നൂറിലേറെ കോളനികളിലായി ഇരുപതിനായിരത്തിലേറെ വോട്ടർമാരുള്ള സ്ഥലം.
ഇവിടെ തിരഞ്ഞെടുപ്പു പ്രചാരണം വേറെ ലെവലാണ്. തമിഴ്, തെലുങ്ക്, ഗുജറാത്തി, മറാഠി, ബംഗാളി, കൊങ്കണി, ജൂതർ തുടങ്ങി ഒട്ടുമിക്ക ഭാഷക്കാർക്കും ഈ വാർഡുകളിൽ വോട്ടുണ്ട്. 5– ഡിവിഷൻ മട്ടാഞ്ചേരിയിലെ വോട്ടർമാരിൽ 27 ശതമാനം ഉത്തരേന്ത്യൻ സമൂഹാംഗങ്ങളാണ്. ആറാം ബൂത്തിൽ ഏതാണ്ട് എല്ലാ സമുദായാംഗങ്ങളും വോട്ടർമാരായുണ്ട്. ടിഡി ഹൈസ്കൂളിലാണ് ഈ ബൂത്ത്. ജൂതത്തെരുവിൽ ജൂത സമൂഹാംഗങ്ങളായ 2 വോട്ടർമാരുണ്ട്.
ഡിവിഷൻ മുക്ക്
മൂന്ന് ഡിവിഷനുകൾ ഒത്തുചേരുന്ന ഇടങ്ങളാണു മഹളറ പള്ളി, ടൗൺ ഹാൾ ജംക്‌ഷനുകൾ. മഹളറ പള്ളി ജംക്‌ഷനിൽ 3, 4, 5 ഡിവിഷനുകൾ ഒന്നു ചേരുന്നു. ടൗൺ ഹാൾ ജംക്‌ഷനിൽ 4, 5, 7 ഡിവിഷനുകളും. തിരഞ്ഞെടുപ്പു പോസ്റ്ററുകൾ എല്ലാ ഡിവിഷനുകളിലെയും സ്ഥാനാർഥികളുടെയും ഇടകലർത്തി ഒട്ടിച്ചിരിക്കുന്നതിനാൽ അതും ആശയക്കുഴപ്പമുണ്ടാക്കും.
വോട്ടർമാരുടെ ബാഹുല്യം
കോളനികൾ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനാണു മുൻതൂക്കം. ആളുകൾ തിങ്ങിത്താമസിക്കുന്ന ഇവിടെ ചില വീടുകളിൽ പത്തും പതിനഞ്ചും വോട്ടർമാർ ഉണ്ടാകും. ഫിഷറീസ് ഹാർബർ കേന്ദ്രീകരിച്ചുള്ള തൊഴിലാളികളും നഗരത്തിലെ ഫ്ലാറ്റുകളിൽ ജോലിക്കു പോകുന്ന വീട്ടമ്മമാരും ഒട്ടേറെ. ഇവരെയൊക്കെ കാണണമെങ്കിൽ അതിരാവിലെ എത്തണം. മത്തേവൂസ് കോളനി, ആലിൻചുവട് കോളനി, തുരുത്തി കോളനി തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന കോളനികളിലെ വോട്ടർമാരെ അടുത്തറിയാവുന്നവരാണു പല സ്ഥാനാർഥികളും. അവരുടെ ജീവിത ദു:ഖങ്ങളിൽ താങ്ങാവുന്ന സ്ഥാനാർഥികളെ അവർ മറക്കാറില്ല.
ചൂടുള്ള സവാള വജയും വോട്ടും
വൈകുന്നേരമായാൽ മട്ടാഞ്ചേരിയിലെ നാലുംകൂടിയ മുക്കുകളിൽ ജനത്തിരക്കാണ്. കായിക്കാ ജംക്‌ഷൻ, പുതിയറോഡ് ജംക്‌ഷൻ, ചെറളായിക്കടവ് ജംക്‌ഷൻ...... ഇവിടെയുള്ള തട്ടുകടകളിൽ നിന്നു ചൂടുള്ള സവാള വജയും (വട) ചൂടു ചായയും കഴിച്ചു തിരഞ്ഞെടുപ്പു ചർച്ചകളുമായി ആളുകൾ സമയം പോക്കുന്നു.
കോവിഡ് നിയന്ത്രണങ്ങൾ ശക്തമായ സമയത്തു പോലും പതിവു തെറ്റിയില്ല. ആരോഗ്യ പ്രവർത്തകരും പൊലീസും അന്നൊക്കെ വളരെ പണിപ്പെട്ടാണ് ആളുകളെ വീട്ടിനകത്തിരുത്തിയത്. കുടുസു മുറികളിൽ തിങ്ങിത്താമസിക്കുന്നവർക്ക് അൽപം കാറ്റേറ്റ്, കുശലം പറഞ്ഞിരിക്കാനുള്ള സ്ഥലങ്ങളാണിതെന്നതിനാൽ ആരെയും കുറ്റം പറയാനാവില്ല. ഇത് ഇവിടത്തുകാരുടെ ശീലമാണ്. സ്ഥാനാർഥികൾ വിവിധ ജംക്‌ഷനുകളിലെത്തി വോട്ടർമാരെ കാണുന്നതും പതിവാണ്. വോട്ട് അഭ്യർഥനയും ചായ കുടിയുമാകാം.
സ്ഥാനാർഥിക്കൊപ്പം ഭാഷാവിദഗ്ധരും
ഗുജറാത്തി തെരുവിലെ വീടുകളിൽ കയറുമ്പോൾ വോട്ടു ചോദിക്കുന്നതു ഗുജറാത്തിയിൽ. കൊങ്കണി തെരുവുകളിലാണെങ്കിൽ കൊങ്കണിയിൽ. വോറ, കച്ഛി സമൂഹാംഗങ്ങളോടു ഗുജറാത്തിയിൽ സംസാരം. തമിഴ് ബ്രാഹ്മണരുടെ തെരുവിലെത്തുമ്പോൾ തമിഴിൽ. ഉത്തരേന്ത്യക്കാരുടെ വീടുകളിൽ ഹിന്ദിയിൽ. വിവിധ ഭാഷകൾ അനായാസമായി സംസാരിക്കുന്ന പ്രവർത്തകരെയും കൂട്ടിയാണു സ്ഥാനാർഥികൾ വോട്ടു തേടിയിറങ്ങുന്നത്. അഭ്യർഥനകളും പല ഭാഷയിൽ അച്ചടിച്ചതുണ്ടാവും. പല സ്ഥാനാർഥികൾക്കും ഇവരുടെ ഭാഷയറിയാം. അതിനാൽ വോട്ടു ചോദ്യവും ഇടപെടലും തികച്ചും സൗഹാർദപരം.