ചിരിയിൽ ചിന്ത ചേർത്ത് വിജയരാഘവൻ

Mail This Article
കൊച്ചി∙ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി ചേർത്തു വയ്ക്കാതെ എൽഡിഎഫ് കൺവീനറും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുമായ എ. വിജയരാഘവനെ കാണാനാകില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ ഉത്തരവാദിത്വം ചുമലിലുള്ളപ്പോഴും ആള് കൂളാണ്. അതീവ ഗൗരവമുള്ള വിഷയങ്ങളും അൽപം ഹാസ്യം ചേർത്തു പറയുന്നതാണു പതിവ്. ‘‘ഒരു വീട്ടിൽ 60 വയസ്സുള്ള 2 പേരുണ്ടെന്നു കരുതുക. രണ്ടും പേർക്കും ചേർത്ത് 3000 രൂപ കിട്ടും. മക്കൾ നോക്കിയില്ലെങ്കിലും കഴിയാൻ അതു മതി. ദിവസവും രാവിലെ 100 രൂപ പിണറായി വിജയൻ അവരുടെ പോക്കറ്റിലിട്ടു കൊടുക്കുകയാണ്.
വേണമെങ്കിൽ രമേശ് ചെന്നിത്തലയ്ക്ക് 200 രൂപ കടം കൊടുക്കാമെന്നും പറഞ്ഞാണു സാധാരണക്കാർ നടക്കുന്നത്’’– സംസ്ഥാന സർക്കാർ സാമൂഹിക സുരക്ഷ പെൻഷൻ 1500 രൂപയാക്കി വർധിപ്പിച്ചതിനെക്കുറിച്ചു വിജയരാഘവന്റെ കമന്റ് ഇന്നലെ വൈകിട്ട് 2 പ്രചാരണ പരിപാടികൾ; തൃപ്പൂണിത്തുറയിലും വൈറ്റിലയിലും. രാവിലെ പ്രസ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകരുമായി മുഖാമുഖം. പിന്നീടു മത നേതാക്കളുൾപ്പെടെ ജില്ലയിലെ ചില പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച.
മുഖാമുഖത്തിൽ തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തു മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ പോലും കാണുന്നില്ലല്ലോ എന്നു ചോദ്യം വന്നപ്പോൾ വിജയരാഘവന്റെ മറുപടി: ‘മുഖ്യമന്ത്രിയുടെ ഫോട്ടോ ഞാൻ ധാരാളം കണ്ടിട്ടുണ്ട്’. തൃപ്പൂണിത്തുറയിലെ ഇന്ദിരാ പ്രിയദർശിനി ലായം കൂത്തമ്പലത്തിൽ നഗരസഭ എൽഡിഎഫ് പ്രകടന പത്രിക പ്രകാശനത്തോടെയായിരുന്നു വിജയരാഘവന്റെ പ്രചാരണത്തുടക്കം.
പ്രസംഗത്തിനു മുൻപ് അടുത്തിരുന്ന സഖാവിനെ ഓർമിപ്പിച്ചു ‘സാനിറ്റൈസറിന്റെ’ കാര്യം. കൈകളിൽ മാത്രമല്ല, പ്രസംഗിക്കുന്ന മൈക്കിലുൾപ്പെടെ സാനിറ്റൈസർ കൊണ്ടുവന്നു പൂശി അണുവിമുക്തമാക്കി. ഇന്ധന വില വർധനവിന്റെ കാര്യം പറഞ്ഞ് കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെയാണു തുടങ്ങിയത്. കേന്ദ്ര സർക്കാരിനു പൈസയ്ക്ക് ആവശ്യമുള്ളപ്പോഴൊക്കെ പെട്രോളിലും ഗ്യാസിനും വില കൂട്ടും’.
വൈകിട്ടു വൈറ്റിലയിലെ വേദിയിൽ വയലാറിലെയും കരിവള്ളൂരിലെയും വിപ്ലവങ്ങൾ പാട്ടുകളായി മുഴങ്ങുന്നതിനിട വിജയരാഘവനെത്തി. യുഡിഎഫും വെൽഫെയർ പാർട്ടിയും ചേർന്നുള്ള കൂട്ടുകെട്ടിന്റെ രാസത്വരകങ്ങളാണ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലമെന്നു വിമർശനം. കേരള കോൺഗ്രസ് (എം) വിട്ടതോടെ യുഡിഎഫിന്റെ ചിറകറ്റെന്നും ഇനി പറക്കാനാവില്ലെന്നും പരിഹാസം. ഇടയ്ക്കു രണ്ടു ചേദ്യങ്ങൾക്ക് ഉടൻ മറുപടി.
‘കോവിഡ് കാലത്തെ പ്രചാരണം എങ്ങനെ?
നല്ല പോലെ പോകുന്നു. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ജനങ്ങൾ കൃത്യമായി അവർ പാലിക്കുന്നു. പേടിക്കേണ്ട കാര്യമില്ല.
തിരഞ്ഞെടുപ്പു പ്രതീക്ഷകൾ?
ജനങ്ങൾ ഇടതുപക്ഷത്തിന് അനുകൂലമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഈ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാകും.