എറണാകുളം ജില്ലയെ മെല്ലെയൊന്ന് തലോടി ബജറ്റ്
![ernakulam-budget-skech ernakulam-budget-skech](https://img-mm.manoramaonline.com/content/dam/mm/mo/district-news/ernakulam/images/2023/2/4/ernakulam-budget-skech.jpg?w=1120&h=583)
Mail This Article
കൊച്ചി ∙ കഠിന നികുതി നിർദേശങ്ങളോടെ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ജില്ലയ്ക്കും കൊച്ചി മഹാനഗരത്തിനും പ്രത്യക്ഷത്തിൽ വൻകിട പദ്ധതികൾ ഇല്ലെങ്കിലും വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഒട്ടേറെ നിർദേശങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. കിഫ്ബി പദ്ധതികൾ പുറത്തായതോടെ റോഡ്, പാലം പദ്ധതികൾ ബജറ്റിൽ ഇടം കണ്ടില്ല. കൊച്ചിയിൽ നടപ്പാക്കുന്ന വാട്ടർ മെട്രോ ഏറെക്കുറെ പൂർത്തിയായെങ്കിലും അതും ഉൾപ്പെടുത്തിയിട്ടില്ല.
നിർമാണം പുരോഗമിക്കുന്ന കൊച്ചി കാൻസർ സെന്ററിന് 14.50 കോടി രൂപ അനുവദിച്ചതാണ് ഏറെ പ്രധാനം. വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും നിർമാണം മന്ദഗതിയിൽ പോകുന്ന സെന്റർ വൈകാതെ പൂർത്തിയാക്കാൻ ഇൗ തുക ഉപകരിക്കും. ചേന്ദമംഗലം കൈത്തറി ഗ്രാമം, ഇടമലയാർ ജലവിതരണ പദ്ധതി, ഹൈഡ്രജൻ ഇന്ധന പദ്ധതി, കൊച്ചി – കോയമ്പത്തൂർ വ്യവസായ ഇടനാഴിക്കു സ്ഥലമെടുപ്പ് തുടങ്ങി വികസനം ത്വരിതപ്പെടുത്തുന്ന നിർദേശങ്ങൾ ജില്ലയ്ക്ക് ആശ്വാസകരമാണ്.
കൊച്ചി മാസ്റ്റർ പ്ലാൻ
തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങൾക്കു മാസ്റ്റർ പ്ലാൻ തയാറാക്കാൻ 100 കോടി രൂപ അനുവദിച്ചതു നഗരത്തിന്റെ ആസൂത്രിത വികസനം സാധ്യമാക്കും. നഗരത്തിലെ പൈതൃക മേഖലയുടെ സംരക്ഷണം, ഫുട്പാത്ത് നവീകരണം, പൊതു ഇടങ്ങൾ വികസിപ്പിക്കൽ എന്നിവയ്ക്കു പ്രാമുഖ്യം നൽകിയാവും മാസ്റ്റർ പ്ലാൻ തയാറാക്കുക. നഗരത്തിൽ കൂടുതൽ വീടുകളിൽ കുടിവെള്ളമെത്തിക്കാനുള്ള കേന്ദ്ര പദ്ധതിയുടെ സംസ്ഥാന വിഹിതമായി കൊച്ചി, തിരുവനന്തപുരം നഗരങ്ങൾക്കായി 100 കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്. വിവിധ നഗരങ്ങളിൽ ആരംഭിക്കുന്ന ഖരമാലിന്യ സംസ്കരണ പ്ലാന്റുകൾക്ക് ആകെ 131.88 കോടി വകയിരുത്തിയിട്ടുള്ളതിൽ കാര്യമായ വിഹിതം കൊച്ചിക്കു ലഭിക്കും. കൊച്ചി മുസിരിസ് ബിനാലെയ്ക്ക് 2 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
കിൻഫ്രയ്ക്ക് 335.56 കോടി
വ്യവസായ വികസന ഏജൻസിയായ കിൻഫ്രയ്ക്കുള്ള വകയിരുത്തൽ വ്യവസായ വികസനം ഉത്തേജിപ്പിക്കും. കിൻഫ്ര പാർക്കുകളുടെ നവീകരണത്തിനും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനും കൂടുതൽ നിക്ഷേപം ആകർഷിക്കാനും ഇതുവഴി കഴിയും. കൊച്ചി കേന്ദ്രമായ വിഎഫ്പിസികെയ്ക്ക് കഴിഞ്ഞ ബജറ്റിൽ 25 കോടി അനുവദിച്ചത് ഇക്കുറി 30 കോടിയായി വർധിപ്പിച്ചു. കൂത്താട്ടുകുളത്തെ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയ്ക്ക് 13.50 കോടി രൂപ അനുവദിച്ചു. സ്ഥാപനത്തിന്റെ നവീകരണത്തിന് ഇൗ തുക ചെലവഴിക്കും.
തീര മേഖല
ഇറിഗേഷൻ വകുപ്പിനു കീഴിൽ തീര സംരക്ഷണത്തിന് അനുവദിച്ച പദ്ധതികളിൽ ചെല്ലാനം ഭാഗത്തെ കടൽഭിത്തി പൂർത്തീകരണവും ഉൾപ്പെടുന്നു. മത്സ്യബന്ധന ബോട്ടുകളുടെ നവീകരണത്തിനു 10 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ബോട്ടുകളുടെ എൻജിൻ ഡീസൽ, പെട്രോൾ എന്നിവയിലേക്കു മാറ്റാനുള്ള പദ്ധതിക്ക് 8 കോടിയും വകയിരുത്തി. കൂടു മത്സ്യക്കൃഷിയുടെ വികസനത്തിനു 9 കോടി അനുവദിച്ചതാണു മറ്റൊരു നേട്ടം. പൊക്കാളി പാടങ്ങളിൽ ആറ്റുകൊഞ്ച് വളർത്താനുള്ള പദ്ധതിയും ബജറ്റിലുണ്ട്.
കൈത്തറി ഗ്രാമം
കിഴക്കുംപുറം കോറ്റാട്ടാൽ പ്രദേശത്താണു കൈത്തറി ഗ്രാമം നിലവിൽവരുന്നത്. 2 വർഷത്തിനകം പൂർത്തിയാക്കും. ഹാൻഡ്‌ലൂം വീവേഴ്സ് യാൺ സംഘത്തിന്റെ 1.9 ഏക്കറിൽ സ്ഥാപിക്കുന്ന പദ്ധതിക്ക് ആകെ 19.22 കോടി ചെലവുവരും. 3 ഘട്ടമായി നടപ്പാക്കും.
ഇൻഫോപാർക്കിന്‍ 35.75 കോടി
സംസ്ഥാനത്തെ 3 ഐടി പാർക്കുകളിൽ ഏറ്റവും കൂടുതൽ വിഹിതമുള്ളത് ഇൻഫോപാർക്കിനാണ്. കൂടുതൽ ഐടി കമ്പനികൾക്കു പ്രവർത്തനസൗകര്യമൊരുക്കാനും പാർക്കിന്റെ നവീകരണത്തിനും ഇൗ തുക വിനിയോഗിക്കും. ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ ഉൽപന്നങ്ങളുടെ പ്രദർശനത്തിനു കാക്കനാട് സ്ഥിരം കേന്ദ്രം നിർമിക്കാനും പണം അനുവദിച്ചിട്ടുണ്ട്. സ്റ്റാർട്ടപ് മിഷന് ആകെ 90.52 കോടി അനുവദിച്ചതിനു പുറമേ, കൊച്ചിയിലെ ഇന്നവേഷൻ സോണിനു മാത്രം 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
കെഎസ്ആർടിസി മന്ദിരം
നാശാവസ്ഥയിലായ എറണാകുളം കെഎസ്ആർടിസി ടെർമിനലിന് ഇനിയെങ്കിലും ശാപമോക്ഷം പ്രതീക്ഷിക്കാം. കെഎസ്ആർടിസി ടെർമിനലുകളുടെ നവീകരണത്തിനു ചെലവു കുറഞ്ഞ മാർഗങ്ങളിലൂടെ പരിഹാരം നിർദേശിക്കുമ്പോൾ അതിൽ എറണാകുളത്തെ ടെർമിനലും ഉൾപ്പെടുത്തിയിട്ടുണ്ട്.
പിടിച്ചുനിൽക്കാനാവില്ല
‘ഡീസൽ വിലയും മോട്ടർ വാഹന സെസും വർധിക്കുന്നതു സ്വകാര്യ ബസ് വ്യവസായത്തിനു കനത്ത തിരിച്ചടിയാകും. ആലുവ–തേവര–കോന്തുരുത്തി റൂട്ടിൽ ഓടുന്ന എന്റെ ബസിൽ പ്രതിദിനം 80 ലീറ്റർ ഡീസൽ അടിക്കുന്നുണ്ട്. ലീറ്ററിനു 2 രൂപ കൂടുമ്പോൾ നിലവിൽ കിട്ടുന്ന കലക്‌ഷനിൽ നിന്ന് അത്രയും കുറയുമല്ലോ. 15 വർഷം കഴിഞ്ഞ ബസ് ആണ് എന്റേത്. കേന്ദ്ര സർക്കാരിന്റെ സ്ക്രാപ്പേജ് പോളിസി നടപ്പിൽ വന്നാൽ അതു നിരത്തിൽ ഇറക്കാനാവില്ല. പുതിയ ബസ് ഇറക്കാൻ 50 ലക്ഷം രൂപ ബാങ്ക് വായ്പ എടുക്കണം. അതിനു മാസം 50,000 രൂപ തിരിച്ചടവു വരും. ഇൻഷുറൻസ് പ്രീമിയം 60,000 രൂപയിൽ നിന്നു 90,000 രൂപയാകും. പിടിച്ചുനിൽക്കാനാവില്ല’. എം.എ. സിറാജ്, മധുരപ്പിള്ളി, ആലുവ (സ്വകാര്യ ബസ് ഉടമ).
കുടുംബ ബജറ്റ് താളംതെറ്റും
‘വിലക്കയറ്റം കുടുംബ ബജറ്റിന്റെ താളം തെറ്റിക്കും. ദിവസം ശരാശരി 15–20 കിലോമീറ്റർ കാർ ഓടിക്കുന്ന ആളാണ് ഞാൻ. ഭർത്താവ് അൻസാറിനു ബേക്കറി ബിസിനസ് ആണ്. അതിനാൽ കുടുംബ കാര്യങ്ങൾക്കെല്ലാം പോകുന്നതു ഞാനാണ്. പെട്രോൾ, ഡീസൽ, വൈദ്യുതി തുടങ്ങിയവയുടെ നിരക്കുവർധന ആത്യന്തികമായി ബാധിക്കുക സാധാരണക്കാരെയാണ്.’ സുഹൈലത്ത്, അൻസാർ മൻസിൽ, ആലുവ (ഹോം മേക്കർ)
സംസ്ഥാന ബജറ്റ് പ്രതികരണങ്ങൾ
തൊഴിലവസരം
വ്യവസായ വളർച്ച ത്വരിതപ്പെടുത്തുന്നതിനൊപ്പം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ബജറ്റ് ∙ പി.വി. ജോയ്,
സീനിയർ വൈസ് പ്രസിഡന്റ് ആൻഡ് ഹെഡ് പ്ലാനിങ്,ഫെഡറൽ ബാങ്ക്.
ഓട്ടക്കാലണ
ചാക്കോ മാഷിന്റെ ഓട്ടക്കാലണ പോലെയുള്ള ബജറ്റ്. 3000 കോടിയുടെ അധികനികുതി നിർദേശം പ്രഖ്യാപിച്ചിട്ടും ഖജനാവ് കാലിയായി തുടരും. ∙ ജെബി മേത്തർ എംപി
ഒരുലക്ഷം സംരംഭം
പുതുതായി തുടങ്ങിയ ഒരു ലക്ഷത്തിലേറെ സംരംഭങ്ങളുടെ വിറ്റുവരവ് ഒരു ലക്ഷം കോടിയിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള 4 വർഷത്തെ പദ്ധതി വലിയ പ്രോത്സാഹനമാണ്.∙ കെ.പോൾ തോമസ്, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡി ആൻഡ് സിഇഒ
ആരോഗ്യ മേഖല
ആരോഗ്യ സംരക്ഷണ മേഖലയ്ക്കു നല്ല പരിഗണന ലഭിച്ചു. വകയിരുത്തിയ 2828.33 കോടി രൂപ പ്രിവന്റീവ്, ക്യൂറേറ്റീവ് സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും. ∙ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ, എംഡി
വ്യവസായ പരിഗണന
വ്യവസായ മേഖലയ്ക്കായി വകയിരുത്തിയ 1259.66 കോടി രൂപയിൽ ചെറുകിട വ്യവസായങ്ങൾക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും വലിയ പരിഗണന ലഭിച്ചിട്ടുണ്ട്. ∙ വികെസി റസാക്ക്,ഡയറക്ടർ, കെഎസ്ഐഡിസി ആൻഡ് എംഡി,വികെസി ഗ്രൂപ്പ്
നിരാശ
വ്യാപാരി സമൂഹത്തെ സഹായിക്കുന്ന ഒരു നിർദേശവും ഇല്ലെന്നു മാത്രമല്ല വ്യാപാരികൾക്ക് പ്രയാസമുണ്ടാക്കുന്ന പല പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ട്. ∙ രാജു അപ്സര, സംസ്ഥാന പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
ജനദ്രോഹ ബജറ്റ്
നികുതി വർധന ന്യായീകരിക്കാനാവില്ല. വികസനത്തിന്റെ പേരിൽ വിവിധ പദ്ധതികൾക്കായി കോടികൾ വകയിരുത്തിയിട്ട് വൻ നികുതി വർധനയാണ് മന്ത്രി നിർദേശിക്കുന്നത്. ∙ കെ.എം. മുഹമ്മദ് സഗീർ, പ്രസിഡന്റ്, കേരള മർച്ചന്റ്സ് ചേംബർ ഓഫ് കൊമേഴ്സ്
കർഷകരെ മറന്നു
ഇന്ധനക്കൊള്ള നടത്തുന്നതിനിടെ സർക്കാർ വനാതിർത്തിയിലെ കർഷകരുടെ കാര്യം മറന്നു. വന്യമൃഗ ശല്യം പരിഹരിക്കാൻ 50 കോടി രൂപ മാത്രമാണ് നീക്കിവച്ചിരിക്കുന്നത്.∙ ഷിബു തെക്കുംപുറം, യുഡിഎഫ് ജില്ലാ കൺവീനർ
നികുതി തിരിച്ചടിയാകുംബജറ്റിലെ നികുതി, സെസ് നിർദേശങ്ങൾ അധികഭാരം അടിച്ചേൽപ്പിക്കും. അഭിനന്ദനാർഹമായ ചില പദ്ധതികളുമുണ്ട്. ∙ ഡോ.എം.ഐ.സഹദുല്ല, ഫിക്കി കേരള ചെയർമാൻ
യുക്തിരഹിതം
വികസനത്തിന്റെ പേരിൽ കോടികൾ വിവിധ പദ്ധതികൾക്കായി ബജറ്റിൽ വകയിരുത്തിയിട്ട് നികുതികൾ വൻ തോതിൽ വർധിപ്പിച്ചത് യുക്തി രഹിതമായ തീരുമാനമാണ്.∙ ഡോ.ടി.പ്രസന്നകുമാർ, കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ
പ്രോത്സാഹനം
യുവ സംരംഭകർക്ക് പ്രോത്സാഹനമാകുന്ന ബജറ്റ്. മെയ്ക് ഇൻ കേരള പദ്ധതി കേരളത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സഹായിക്കും.∙ അദീബ് അഹമ്മദ്, ചെയർമാൻ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്, ട്വന്റി14 ഹോൾഡിങ്സ്
പ്രതിഷേധം
കേരളത്തിന്റെ പുരോഗതിക്ക് ഒട്ടും ആശാസ്യമല്ല. ഇന്ധനവില വർധനയ്ക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും.
∙ ജി.കെ.അജിത്ത്, ജനറൽ സെക്രട്ടറി, ബിഎംഎസ് സംസ്ഥാന സമിതി
സമരം
ഡീസലിന് ഏർപ്പെടുത്തിയ അധിക സെസ് പിൻവലിച്ചില്ലെങ്കിൽ സമരപരിപാടികളുമായി ഇറങ്ങേണ്ടി വരും. ∙ ജോസഫ് നെല്ലിമറ്റത്തിൽ, സംസ്ഥാന പ്രസിഡന്റ്, കേരള ടോറസ് ടിപ്പർ അസോ.