ഉദ്യോഗാർഥികളെത്തി; അഗ്നിവീർ റിക്രൂട്മെന്റ് റാലിക്കു തുടക്കം
Mail This Article
കൊച്ചി∙ അഗ്നിവീർ റിക്രൂട്മെന്റ് റാലിക്ക് എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ തുടക്കം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർഥികളാണു പങ്കെടുക്കുന്നത്. അഡീഷനൽ ഡയറക്ടർ ജനറൽ മേജർ ജനറൽ റിതു രാജ് റെയ്ന റാലി ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യദിനത്തിൽ ആലപ്പുഴ, ഇടുക്കി ജില്ലകൾക്കായി അഗ്നിവീർ ജിഡി തിരഞ്ഞെടുപ്പിനു റാലി നടത്തി. ഓൺലൈൻ കോമൺ എൻട്രൻസ് എക്സാമിനേഷൻ (സിഇഇ) വിജയിച്ച 558 പുരുഷ ഉദ്യോഗാർഥികളിൽ 436 പേർ ഇന്നലെ റാലിയിൽ പങ്കെടുക്കാനെത്തി.
അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മാൻ എന്നീ തസ്തികകളിലേക്കാണു പ്രധാനമായും തിരഞ്ഞെടുപ്പു നടക്കുന്നത്. ഇതിനു പുറമെ സോൾജിയർ നഴ്‌സിങ് അസിസ്റ്റന്റ്/നഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി, ശിപായി ഫാർമ, റിലീജിയസ് ടീച്ചർ ജൂനിയർ കമ്മിഷൻഡ് ഓഫിസർ (ആർടി ജെസിഒ), ഹവിൽദാർ സർവേയർ ഓട്ടോ കാർട്ടോ എന്നീ വിഭാഗങ്ങളിൽ കേരള, കർണാടക സംസ്ഥാനങ്ങളിൽ നിന്നും ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ഉള്ളവർക്കായും തിരഞ്ഞെടുപ്പു നടത്തുന്നുണ്ട്.
25 വരെ നീളുന്ന റാലിയിൽ ആറായിരത്തോളം ഉദ്യോഗാർഥികളാണു പങ്കെടുക്കുന്നത്. തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫിസാണ് 2023-24 വർഷത്തേക്കുള്ള അഗ്നിവീർ റിക്രൂട്മെന്റ് റാലി സംഘടിപ്പിക്കുന്നത്. ഷോർട്‌ലിസ്റ്റ് ചെയ്‌ത ഉദ്യോഗാർഥികളുടെ അഡ്മിറ്റ് കാർഡുകൾ റജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡികളിൽ ലഭിക്കും. www.joinindianarmy.nic.in വെബ്സൈറ്റിലൂടെ വ്യക്തിഗത ലോഗിൻ വഴിയും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.