ചെലവ് 40 ശതമാനം കുറയ്ക്കാം; തടി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Mail This Article
കാർപെന്ററുടെ സഹായത്തോടെ ഫർണിച്ചറിന് എല്ലാം കൂടി എത്രമാത്രം തടി വേണമെന്നു കണക്കാക്കി അതിനനുസരിച്ച് തടി വാങ്ങാം. ക്യൂബിക് അടി യൂണിറ്റിലാണ് തടിയുടെ അളവ് കണക്കാക്കുന്നത്. മൂപ്പെത്തിയതും വളവുംതിരിവും കേടുപാടുകളും ഇല്ലാത്തതുമായ മരത്തിന്റെ തടി വേണം തിരഞ്ഞെടുക്കാൻ.
തടി അളന്നെടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. തടിയുടെ നീളം, ചുറ്റളവ് എന്നിവ അളന്ന ശേഷം തടിമില്ലിൽ ലഭിക്കുന്ന ലോഗ് ബുക്കിൽ നോക്കി എത്ര ക്യൂബിക് അടിയുണ്ടെന്ന് കണ്ടുപിടിക്കാം.
തടി വാങ്ങുമ്പോൾ ഇടനിലക്കാരായി നിൽക്കുന്നവർക്ക് നാലിലൊന്നു ശതമാനത്തോളം കമ്മിഷൻ ലഭിക്കാറുണ്ട്. അതുകൊണ്ട് വിശ്വസ്തരായവരെ കൂട്ടി വേണം തടിവാങ്ങാൻ പോവാൻ. അല്ലെങ്കിൽ അത്രയും കമ്മിഷൻ തുക നിങ്ങളിൽ നിന്ന് ഈടാക്കിയേക്കാനുള്ള സാധ്യതയേറെയാണ്.
അറുത്തു പലകകളായി ലഭിക്കുന്ന തടി വാങ്ങുന്നതാണ് ഏറ്റവും സുരക്ഷിതം. തടിയുടെ വേസ്റ്റേജ് കുറയും എന്നതാണ് ഇവയുടെ പ്രത്യേകത. തടിയുടെ ചെലവിന്റെ അഞ്ചു ശതമാനംവരെ ഈ രീതിയിൽ ലാഭിക്കാനും സാധിക്കും.
തേക്ക്, വീട്ടി തുടങ്ങിയ വിലകൂടിയ തടികൾ ഒഴിവാക്കി മഹാഗണി, ചെറുതേക്ക്, പുളിവാക, പൂവരശ്, പ്ലാവ് തുടങ്ങിയ മരങ്ങളുടെ തടികൾ ഉപയോഗിച്ചാൽ തന്നെ ഫർണിച്ചർ ചെലവിന്റെ 40 ശതമാനം വരെ കുറയ്ക്കാം.
തടി നഷ്ടപ്പെടുന്ന രീതിയിൽ വളവും കൊത്തുപണികളുമൊക്കെയുള്ള ഡിസൈൻ ഒഴിവാക്കിയാൽ മറ്റൊരു 10 ശതമാനം കൂടി ലാഭിക്കാൻ സാധിക്കും. സ്ട്രെയിറ്റ് ലൈൻ ഡിസൈനിലുള്ള ഫർണിച്ചറുകളാണ് പണിയുന്നതെങ്കിൽ മെഷീനുകളുടെ സേവനം പ്രയോജന പ്പെടുത്താൻ സാധിക്കും. ഇതുവഴി പണിക്കൂലി കുറയ്ക്കാനും ഈ ഇനത്തിൽ ഏതാണ്ട് 30 ശതമാനത്തോളം ലാഭം നേടാനും സാധിക്കും.