ലോക്സഭ: മതിലുകൾ ‘ബുക്ക്ഡ്’; ചാലക്കുടിയിലും താമരയ്ക്ക് സാധ്യത തേടി ബിജെപി
Mail This Article
കൊച്ചി ∙ മതിലുകൾ ‘ബുക്ക്ഡ്’ ആയി, തിരഞ്ഞെടുപ്പു പ്രഖ്യാപനം എന്നാണ് എന്നേ അറിയേണ്ടൂ. ഞങ്ങൾ പണ്ടേ തയാറെന്നു മുന്നണികൾ മൂന്നും. ബുക്ക് ചെയ്ത മതിലുകളിലും പോസ്റ്ററുകളിലും തെളിയുന്ന പേരുകൾ ഏതൊക്കെ? തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ ആകാംക്ഷ അതാണ്, ഗോദയിൽ ആരൊക്കെയെന്ന് അറിയാനുള്ള കൗതുകം.
നാലു മണ്ഡലങ്ങളുടെ കാര്യാന്വേഷണത്തിനുള്ള യോഗമാണു ജില്ലയ്ക്ക്. എറണാകുളം മണ്ഡലം പൂർണമായും ചാലക്കുടിയുടെ കൂടുതൽ ഭാഗവും ഇടുക്കിയുടെ രണ്ടു മണ്ഡലങ്ങളും കോട്ടയത്തിന്റെ ഒന്നും. ഇതിൽ മൂന്നിലും യുഡിഎഫ് സ്ഥാനാർഥികൾ ആരൊക്കെയെന്ന് ഏകദേശം ചിത്രം വ്യക്തം. സിറ്റിങ് എംപിമാർക്കു സീറ്റെന്ന കോൺഗ്രസിലെ നയവും കീഴ്‌വഴക്കവും മൂലമാണത്. എന്നിട്ടും അവരുടെ സ്ഥാനാർഥിത്വം പരസ്യമാക്കിയിട്ടില്ല, എല്ലാം പാർട്ടി പറയട്ടെ എന്ന നിലപാട്.
കോട്ടയം
കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥിയായി ജയിച്ച തോമസ് ചാഴികാടൻ ഇടതു സ്ഥാനാർഥി. കേരളത്തിൽ ആദ്യമായി ഒൗദ്യോഗികമായി പ്രഖ്യാപിച്ച സ്ഥാനാർഥി. കേരള കോൺ (എം) ഇക്കുറി ഇടതുപക്ഷത്തു മത്സരിക്കുന്നു. ചാഴികാടന്റെ ബോർഡുകൾ വ്യാപകമായി നിരന്നു. ചുവരെഴുത്തു തുടങ്ങി. എതിരാളി കേരള കോൺഗ്രസിൽ നിന്നുതന്നെ.
പാർട്ടി നേതാക്കളായ ഫ്രാൻസിസ് ജോർജ്, മോൻസ് ജോസഫ്, എം.പി. ജോസഫ് എന്നിവരുടെയൊക്കെ പേരുകൾ പറഞ്ഞു കേട്ടിരുന്നു. കേരള കോൺഗ്രസ് സ്ഥാപക നേതാവ് കെ.എം. ജോർജിന്റെ മകനും മുൻ എംപിയുമായ ഫ്രാൻസിസ് ജോർജിന്റെ പേരിനാണു മുൻഗണനയെന്നാണു സൂചനകൾ. എൻഡിഎ സ്ഥാനാർഥി സംബന്ധിച്ച ചർച്ചകൾ നടക്കുന്നു.
ഇടുക്കി
മലയോര മണ്ഡലത്തിന്റെ തനതു രാഷ്ട്രീയ വിഭവങ്ങളുമായാണ് ഇടുക്കിയിലെ മത്സരം. ആ പോരാട്ടത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ തന്നെ അരങ്ങിൽ വന്നേക്കാം. യുഡിഎഫിന് ഡീൻ കുര്യാക്കോസും എൽഡിഎഫിന് ജോയ്സ് ജോർജും. രണ്ടുപേർക്കും എംപി എന്ന നിലയിൽ ഓരോ ടേമിലെ അനുഭവ സമ്പത്തുണ്ട്. കോതമംഗലം, മൂവാറ്റുപുഴ നിയമസഭാ മണ്ഡലങ്ങളാണു ജില്ലയിൽ നിന്ന് ഇടുക്കി മണ്ഡലത്തിന്റെ ഭാഗമായുള്ളത്. ബിജെപി മുന്നണിയുടെ പ്രതിനിധി ആരെന്നു വ്യക്തമല്ല
ചാലക്കുടി
പകുതി തൃശൂരും ബാക്കി എറണാകുളം ജില്ലയുമാണു ചാലക്കുടി. പണ്ട് മുകുന്ദപുരം ആയിരുന്നപ്പോഴും അങ്ങനെതന്നെ. ആലുവ, അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട് നിയമസഭാ മണ്ഡലങ്ങൾ ചാലക്കുടിയുടെ പകുതിയിലേറെ വരും. സിറ്റിങ് എംപി ബെന്നി ബഹനാൻതന്നെ യുഡിഎഫ് സ്ഥാനാർഥിയാവും. ഇടതുമുന്നണി, എൻഡിഎ സ്ഥാനാർഥിയാരെന്നതാണു സർപ്രൈസ്. യുഡിഎഫ് സ്ഥാനാർഥി ജില്ലയിൽ നിന്നായതിനാൽ തൃശൂർ ജില്ലയിൽ നിന്നൊരു സ്ഥാനാർഥിയാണു ഇടതുമുന്നണിയുടെ മനസ്സിൽ.
മുൻ മന്ത്രി സി. രവീന്ദ്രനാഥ്, ചാലക്കുടി മുൻ എംഎൽഎ ബി.ഡി. ദേവസി എന്നിവരുടെ പേരുകൾ സജീവമായി ഉയരുന്നുണ്ട്. പെരുമ്പാവൂർ മുൻ എംഎൽഎ സാജു പോളിന്റെ പേര് എറണാകുളം ഭാഗത്തുനിന്നുയരുന്നു. പക്ഷേ, പാർട്ടി അച്ചടക്ക നടപടി നേരിട്ടുവെന്നതു സാജുപോളിന്റെ പേരിനു മുന്നിൽ ചോദ്യചിഹ്നമായി കിടക്കുന്നു.
തൃശൂരിൽ സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വത്തിലൂടെ മത്സരത്തിനു തീകൊടുക്കാനൊരുങ്ങുന്ന ബിജെപി ആ ചൂടിൽ തൊട്ടടുത്ത മണ്ഡലമായ ചാലക്കുടിയിലും താമരയ്ക്കൊരു സാധ്യത തേടുന്നുണ്ട്. തൃശൂരിൽ സുരേഷ് ആയതിനാൽ ചാലക്കുടിയിലൊരു ക്രിസ്ത്യൻ സ്ഥാനാർഥി വേണം. ആ ആലോചന അനിൽ കെ. ആന്റണിയുടെ പേരിലെത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന എ.എൻ. രാധാകൃഷ്ണന്റെ പേരും പരിഗണനയിലുണ്ട്.
എറണാകുളം
ഹൈബി ഇൗഡൻ എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥിയാവുമെന്ന് ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. എന്നാൽ സ്ഥാനാർഥിയെ സംബന്ധിച്ചു എൽഡിഎഫ് ക്യാംപിൽ അഭ്യൂഹങ്ങളുടെ തിരമാലകളടങ്ങിയിട്ടില്ല. പാർട്ടി സ്ഥാനാർഥിയോ സ്വതന്ത്രനോ എന്നതിലാവും ആദ്യം തീരുമാനം. എന്നിട്ടാവും സ്ഥാനാർഥിയെ കണ്ടെത്തുക. പാർട്ടി സ്ഥാനാർഥി മതിയെന്നു പാർട്ടിക്കാരുടെ മനസ്സ്. പരമാവധി വോട്ടുകൾ നേടി ദേശീയ പാർട്ടി എന്ന പദവി ഉറപ്പിക്കുകയെന്നതും ഇൗ വികാരത്തിനു പിന്നിലുണ്ട്.
പാർട്ടി സ്ഥാനാർഥിയെങ്കിൽ മേയർ എം. അനിൽകുമാർ, മുൻ ധനമന്ത്രി തോമസ് ഐസക് തുടങ്ങി ഏതാനും പേരുകൾ പാർട്ടിക്കാരുടെ മനസ്സിലുണ്ട്. പാർട്ടിക്കാരേക്കാൾ കൂടുതൽ സ്വതന്ത്രർ മത്സരിച്ചിട്ടുള്ള എറണാകുളത്ത് എൽഡിഎഫിന്റെ പരിമിതമായ വിജയങ്ങൾ സ്വതന്ത്രരിലൂടെയാണ്. ആ വഴിക്കും അന്വേഷണമുണ്ട്.
പക്ഷേ, ലക്ഷണമൊത്ത സ്വതന്ത്രർ കുറവ്. മുൻ എംപി കെ.വി. തോമസ് അടക്കം പല പേരുകളും അന്തരീക്ഷത്തിലുയരുന്നു. മാണി വിതയത്തിലിനെപ്പോലെ, ക്രിസ്റ്റി ഫെർണാണ്ടസിനെപ്പോലെ അപ്രതീക്ഷിത സ്ഥാനാർഥികൾ എറണാകുളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലുണ്ട്. സേവ്യർ അറയ്ക്കലിനെപ്പോലുള്ള മുൻ കോൺഗ്രസ് എംപിമാരെ ഇടത് എംപിമാരായും ജയിപ്പിച്ച ചരിത്രവും എൽഡിഎഫിനുണ്ട്.
ബിജെപി ആരെ കളത്തിലിറക്കുമെന്നതും ചർച്ചയാണ്. അനിൽ ആന്റണിയുടെ പേര് എറണാകുളത്തും ഉയരുന്നുണ്ട്. അനിൽ അല്ലെങ്കിൽ ബിജെപി വൈസ് പ്രസിഡന്റ് ഡോ. കെ.എസ്.രാധാകൃഷ്ണനു നറുക്കു വീഴാം.