കാലവർഷം വന്നിട്ടും കടലിൽ മീനില്ല
Mail This Article
അരൂർ∙മത്സ്യത്തൊഴിലാളികൾക്കു ഏറെ പ്രതീക്ഷ നൽകുന്ന മൺസൂൺ കാലം ഇത്തവണ ആരംഭത്തിൽ തന്നെ തൊഴിലാളികളെ നിരാശരാക്കുന്നു. കാലവർഷം ആരംഭിച്ചെങ്കിലും കടലിൽ മീനില്ല. തീരങ്ങളിൽ നിന്നു കുറച്ചുമാത്രം വളളങ്ങളാണ് കടലിൽ പോകുന്നത്. പോകുന്ന വള്ളങ്ങൾ വെറും കയ്യോടെ തിരിച്ചു പോരികയാണ്. മൺസൂൺ തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും കാലം തെളിയുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കുറെ നാളുകളായി കടലിൽ മത്സ്യം കുറവാണ്. മഴക്കാലം തൊഴിലാളികൾക്കു ഏറെ പ്രതീക്ഷ നൽകുന്ന കാലമാണിത്.
എന്നാൽ മഴ പൊതുവേ കുറവാണെന്നും കടൽ ഇളകിയിട്ടില്ലെന്നും തീരക്കടലിൽ മത്സ്യങ്ങളുടെ കുറവ് ഇപ്പോഴും അനുഭവപ്പെടുകയാണെന്നും തൊഴിലാളികൾ പറഞ്ഞു. ഇത്തവണ ട്രോളിങ് നിരോധനം വന്നതോടെ തുടക്കത്തിൽ തന്നെ കടലിൽ ഇറങ്ങിയ ചില വള്ളങ്ങൾക്കു ചെമ്മീൻ കിട്ടി. മറ്റു വള്ളങ്ങൾ കാലിവലയുമായി തിരിച്ചു വന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പള്ളിത്തോട് ചാപ്പക്കടവ്, അന്ധകാരനഴി എന്നീ തീരങ്ങളിൽ നിന്നും കുറെ വള്ളങ്ങൾ കടലിൽ ഇറക്കിയെങ്കിലും ഇന്ധനച്ചെലവ് പോലും കിട്ടുന്നില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. ചാള, അയല, നത്തോലി തുടങ്ങിയ മീനുകൾ ധാരാളം കിട്ടേണ്ട സമയമാണിത്. സീസൺ പണിയായിട്ടും ഇവയൊന്നും കിട്ടുന്നില്ല. ഇനി കിട്ടിയാൽ തന്നെ നല്ല വില കിട്ടാത്ത സ്ഥിതിയാണെന്നും തൊഴിലാളികൾ പറഞ്ഞു.