കൊച്ചി നഗരത്തിൽ പ്രവർത്തനം ആരംഭിച്ചു, കുഴിയടയ്ക്കും യന്ത്രം; വാങ്ങിയത് 1.76 കോടി രൂപയ്ക്ക്
Mail This Article
കൊച്ചി ∙ നഗരത്തിലെ റോഡുകളിലെ കുഴിയടയ്ക്കാനായി കോർപറേഷനു ലഭ്യമാക്കിയ പോട്ട് ഹോൾ പാച്ചിങ് മെഷീൻ പ്രവർത്തനം ആരംഭിച്ചു. സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡിന്റെ (സിഎസ്എംഎൽ) 1.76 കോടി രൂപ ചെലവഴിച്ചാണു പോട്ട് ഹോൾ പാച്ചിങ് മെഷീൻ കോർപറേഷനു ലഭ്യമാക്കിയത്. കോർപറേഷന്റെ ഏറെനാളത്തെ ആവശ്യമായിരുന്നു റോഡുകളിലെ കുഴിയടയ്ക്കാൻ മെഷീൻ വേണമെന്നത്.സ്റ്റേഡിയം ലിങ്ക് റോഡിലെ കുഴികൾ അടയ്ക്കാൻ വേണ്ടിയാണു നഗരത്തിൽ ആദ്യമായി പോട്ട് ഹോൾ പാച്ചിങ് മെഷീൻ പ്രയോജനപ്പെടുത്തിയത്. വളരെ വലിയ കുഴികൾ പോലും കുറഞ്ഞ സമയത്തിനുള്ളിൽ അടയ്ക്കാൻ കഴിയുമെന്നതാണു യന്ത്രം ഉപയോഗിക്കുന്നതു മൂലമുള്ള ഗുണം.
കുഴികളടയ്ക്കുന്ന മെഷീന്റെ അറ്റകുറ്റപ്പണിയുൾപ്പെടെയുള്ള കാര്യങ്ങളുടെ ചുമതലയും നിർമാതാക്കൾക്കു തന്നെയാണ്. ഉപയോഗിക്കുന്ന ദിവസത്തിന്റെയും അടയ്ക്കുന്ന കുഴികളുടെയും എണ്ണം നോക്കിയാണു കരാറുകാരനു തുക നൽകുന്നത്. അതുകൊണ്ടു തന്നെ അനാവശ്യമായി പണം ചെലവഴിക്കുന്നതു തടയാം. നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനം മേഖലയിൽ വലിയ മാറ്റമുണ്ടാക്കാനാണു ശ്രമമെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു.
മേയർക്കു പുറമേ മരാമത്തു സ്ഥിര സമിതി ചെയർമാൻ വി.കെ. മിനിമോൾ, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ അഡ്വ. വി.കെ. മിനിമോൾ, കൗൺസിലർ ജോർജ് നാനാട്ട്, നഗരസഭ സൂപ്രണ്ടിങ് എൻജിനീയർ കെ.എൻ. ബിജോയ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണു പോട്ട് ഹോൾ പാച്ചിങ് മെഷീന്റെ പരീക്ഷണ പ്രവർത്തനം നടത്തിയത്.