ആത്മചൈതന്യത്തിന്റെ നിറവിൽ ചെറിയ പെരുന്നാൾ ആഘോഷം

Mail This Article
തൊടുപുഴ ∙ ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെ നേടിയ ആത്മചൈതന്യത്തിന്റെ നിറവിൽ വിശ്വാസികൾ ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) ആഘോഷിച്ചു. മസ്ജിദുകളിലും ഈദ്ഗാഹുകളിലും നടന്ന ഈദ് നമസ്കാരത്തിൽ ആയിരങ്ങൾ പങ്കെടുത്തു. റമസാനിൽ നേടിയെടുത്ത ആത്മചൈതന്യം ജീവിതത്തിൽ നിലനിർത്തി മുന്നോട്ടു പോകാൻ ഖുതുബ പ്രസംഗത്തിൽ ഇമാമുമാർ ഓർമിപ്പിച്ചു. പുതുവസ്ത്രങ്ങൾ ധരിച്ച് പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തശേഷം വിശ്വാസികൾ പരസ്പരം ആശ്ലേഷിച്ച് ഈദ് ആശംസ കൈമാറി.
തൊടുപുഴ കാരിക്കോട് നൈനാരു പള്ളിയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ചീഫ് ഇമാം മുഹമ്മദ് നൗഫൽ കൗസരി നേതൃത്വം നൽകി. നേടിയെടുത്ത ജീവിതപുണ്യം വരും നാളുകളിലും മുറുകെപ്പിടിക്കാൻ വിശ്വാസികൾ തയാറാകണമെന്നും ലഹരിക്കെതിരെ സമൂഹം ഉണരണമെന്നും അദ്ദേഹം പറഞ്ഞു. അതിഥി തൊഴിലാളികൾ ഉൾപ്പെടെ, ആയിരങ്ങൾ നമസ്കാരത്തിലും കൂട്ട പ്രാർഥനയിലും പങ്കെടുത്തു. പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കാനെത്തുന്നവർക്കായി പരിപാലന സമിതി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.