കനത്ത ചൂട്; കോളിക്കടവിൽ മീനുകൾ ചത്തുപൊങ്ങുന്നു
Mail This Article
ഇരിട്ടി∙ മുൻപെങ്ങും ഇല്ലാത്ത വിധം ചൂട് കനത്തതോടെ കോളിക്കടവ് ചീങ്ങാക്കുണ്ടത്ത് മീനുകൾ ചത്തു പൊങ്ങി. മാവിലവീട്ടിൽ ഗംഗാധരന്റെ മത്സ്യം വളർത്തൽ കേന്ദ്രത്തിലെ നൂറുകണക്കിനു മത്സ്യങ്ങളാണ് ചത്തത്. മേഖലയിൽ ഇതുവരെ വറ്റാത്ത കുളങ്ങൾ ഉൾപ്പെടെ വറ്റിത്തുടങ്ങി. ഓരോ ദിവസം കഴിയും തോറും വരൾച്ച കൂടിക്കൊണ്ടിരിക്കുകയാണ്. 3 വർഷം തുടർച്ചയായി ഗംഗാധരൻ വീടിനു സമീപത്തുള്ള വയലിലെ കുളത്തിൽ മത്സ്യ കൃഷി നടത്തുന്നതാണ്. തിലാപ്പിയ ചിത്രലാട ഇനം മത്സ്യങ്ങളാണു വളർത്തുന്നത്. ഇവയാണു ചത്തുപൊങ്ങുന്നത്.
ഇതുവരെ കുളത്തിൽ ഇത്ര കുറവ് വെള്ളം ഉണ്ടായിട്ടില്ലെന്നു ഗംഗാധരൻ പറഞ്ഞു.ദിവസം കഴിയും തോറും വെള്ളം ക്രമാതീതമായി കുറഞ്ഞു വരുകയും കൂടുതൽ മത്സ്യങ്ങൾ ചത്തുപൊങ്ങുകയുമാണ്. വലിയ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ കിണറുകളിലും ജലവിതാനം താഴ്ന്നിട്ടുണ്ട്. പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും മത്സ്യം വളർത്തൽ പദ്ധതികളിൽ ഉൾപ്പെടാത്തതിനാൽ നഷ്ടപരിഹാരം കിട്ടാനും സാധ്യത ഇല്ലെന്നാണു ഗംഗാധരനു പ്രാഥമികമായി ലഭിച്ചിട്ടുള്ള വിവരം.