കനത്ത മഴ: സംസ്ഥാനപാത വെള്ളത്തിൽ മുങ്ങി; കടകളിൽ വെള്ളം കയറി
Mail This Article
ഇരിക്കൂർ ∙ ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയിൽ ഇരിക്കൂറിൽ 10 ഓളം കടകളിൽ വെള്ളം കയറി. പവിഴം ഫാൻസി, ഗ്യാലക്സി ഫൂട്ട് വെയർ, നാസ് സ്‌റ്റേഷനറി, നവോദയ ബുക്സ്റ്റാൾ, സൗദി ബസാർ, ഹാപ്പി ബേക്കറി, സിറ്റി സ്റ്റൈൽ ടെക്സ്റ്റൈൽസ് എന്നിവിടങ്ങളിലാണ് വെളളം കയറിയത്.ഞായറാഴ്ചയായതിനാൽ പല വ്യാപാര സ്ഥാപനങ്ങളും തുറന്നിരുന്നില്ല. പൊടുന്നനെ വെള്ളം ഒഴുകിയെത്തിയത് കാരണം സാധനങ്ങൾ മാറ്റാൻ കഴിയാത്ത അവസ്ഥയുമുണ്ടായി.
ഇതുകാരണം വൻ നാശനഷ്ടമാണുണ്ടായത്. ബസ് സ്റ്റാൻഡ്, ബ്ലോക്ക് ഓഫിസ് റോഡ്, പഞ്ചായത്ത് ഓഫിസ് റോഡ്, പട്ടീൽ വികെഎസ് റോഡ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന വെള്ളം ഓവുചാലിലേക്ക് പോകാൻ കാര്യക്ഷമമായ സൗകര്യമൊരുക്കാത്തതിനാൽ സംസ്ഥാന പാതയിലേക്കാണ് ഒഴുകി എത്തുന്നത്.ഇതാണ് വെള്ളം കയറാൻ പ്രധാന കാരണം. 3 മാസം മുൻപും ഒട്ടേറെ കടകളിൽ വെള്ളം കയറിയിരുന്നു. സംസ്ഥാന പാതയിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇതു കാരണം ഗതാഗതവും താറുമാറാകുന്ന സ്ഥിതിയാണ്.