ADVERTISEMENT

സിനിമകളുടെ തിരക്കുകളിൽ നിന്നും മാറി മോഹിപ്പിക്കുന്ന ഒരു യാത്രയിലാണ് മലയാളികളുടെ പ്രിയപ്പെട്ട അന്ന രാജൻ. നീലഗിരി മലനിരകളും പച്ചയുടെ മേലങ്കി അണിഞ്ഞു നിൽക്കുന്ന തേയിലത്തോട്ടങ്ങള്‍ സമ്മാനിച്ച സൗന്ദര്യത്തിന്റെ ലഹരി ആസ്വദിക്കുന്ന തിരക്കിലാണ് താരസുന്ദരി. തേയിലത്തോട്ടങ്ങളുടെ മധ്യത്തിൽ ഏറെ ആഹ്‌ളാദത്തോടെ നിൽക്കുന്ന ചിത്രങ്ങളാണ് അന്ന രാജൻ പങ്കുവച്ചിരിക്കുന്നത്. വിദൂരതയിൽ നീലഗിരി മലനിരകളും ദൃശ്യമാകുന്നുണ്ട്. നീണ്ടു നിവർന്നു കിടക്കുന്ന തേയിലത്തോട്ടവും മലനിരകളും വനഭംഗിയുമെല്ലാം തിരക്കുകളിൽ നിന്നുമൊഴിഞ്ഞുള്ള യാത്രയെ കൂടുതൽ മനോഹരമാക്കുന്നുവെന്നാണ് താരത്തിന്റെ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

Nilgiri Mountain Railway Mettopalaiym to Ooty. Image Credit: AnilD/shutterstock
Nilgiri Mountain Railway Mettopalaiym to Ooty. Image Credit: AnilD/shutterstock

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടമുള്ള ഈ മലനിരകൾ ജൈവ സമ്പത്തിനാൽ സമ്പുഷ്ടമാണ്. കേരളത്തിന്റെ ഭാഗമായ ആറളം വന്യജീവി സങ്കേതം, സൈലന്റ് വാലി, വയനാട്‌ തമിഴ്‍നാട്ടിലെ മുതുമലൈ, മുക്കുർത്തി, സത്യമംഗലം കർണാടകയിലെ നാഗർഹൊളെ, ബന്ദിപ്പുര എന്നിവയെല്ലാം ഉൾപ്പെടുന്ന സംരക്ഷിത വനപ്രദേശമാണ് നീലഗിരി. എന്നാൽ ഊട്ടിയും അതിനോട് അടുത്ത പ്രദേശങ്ങളുമാണ് ഭൂരിപക്ഷം യാത്രാപ്രിയരും നീലഗിരിയായി കണക്കാക്കുന്നത്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലാണ് ഈ ബയോസ്ഫിയറിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾപ്പെടുന്നതു കൊണ്ടാണ് അങ്ങനെയൊരു പേരുവീണത്. 

ഫയൽ ചിത്രം.
ഫയൽ ചിത്രം.

ഊട്ടി മാത്രമല്ലാതെ കാഴ്ചകൾ പലതുണ്ട് നീലഗിരിയുടെ താഴ്‌വരയിൽ. പൈക്കര ഡാമും ഗൂഡല്ലൂരും കോത്തഗിരിയും കൂനൂരും മഞ്ഞൂരും മുതുമലയുമെല്ലാം അതിൽ ചിലതു മാത്രം. എങ്കിലും കാലാവസ്ഥ കൊണ്ടും കാഴ്ചകൾ കൊണ്ടും സഞ്ചാരികളെ കാത്തിരിക്കുന്ന സുന്ദര ഭൂമിയാണ് ഊട്ടി. ഏപ്രിൽ മുതൽ ജൂൺ വരെയും ഒക്ടോബർ മുതൽ ജനുവരി വരെയുമുള്ള സമയത്താണ് ഊട്ടിയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്നത്. ശരീരത്തിനും മനസിനും ഒരുപോലെ കുളിർമ പകരുന്ന തണുപ്പും ആ തണുപ്പിനെ വഹിച്ചു കൊണ്ടുവരുന്ന കാറ്റും ഒരിക്കലറിഞ്ഞവർ വീണ്ടും വീണ്ടും ഊട്ടിയിലെത്തും. ബൊട്ടാണിക്കൽ ഗാർഡനും നീഡിൽ റോക്ക് പോയിന്റും ഷൂട്ടിങ് പോയിന്റും പൈൻ മരക്കാടുകളും റോസ് ഗാർഡനും തുടങ്ങി നിരവധി കാഴ്ചകളുമായാണ് ഊട്ടി എന്ന ഉദഗമണ്ഡലം അതിഥികളെ കാത്തിരിക്കുന്നത്. 

മറ്റേതൊരു രാജ്യത്തിലെ മനോഹരമായ ഒരു കാഴ്ചയിലേക്ക് കൺതുറന്നതുപോലെ തോന്നും പൈക്കര ഡാമിലേക്കെത്തിയാൽ. ഡാമിന്റെ കാഴ്ചകൾ മാത്രമല്ല, അങ്ങോട്ടുള്ള വഴിയും അതിസുന്ദരം തന്നെയാണ്. നിരവധി പക്ഷികളും തലയുയർത്തി നിൽക്കുന്ന മരങ്ങളും ആ യാത്രയിൽ കൂട്ടുവരും. ഊട്ടി-ഗൂഡല്ലൂർ റൂട്ടിലാണ് ഡാം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെ പവർഹൗസുകളിൽ ഒന്നാണിത്. സ്വാതന്ത്രത്തിനു മുൻപ് പൈക്കര നദിയിൽ ഡാമിന്റെ പണിയാരംഭിച്ചിരുന്നു. ബോട്ട് ഹൗസും ചെറു ഭക്ഷണശാലയും റെസ്റ്റ് റൂമുമൊക്കെ ഇവിടെ സഞ്ചാരികൾക്കായുണ്ട്. ഊട്ടിയിൽ നിന്നും ഗൂഡല്ലൂർ റൂട്ടിൽ 21 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഈ മനോഹരതീരത്തെത്താം.

ഊട്ടിയിലേക്കുള്ള യാത്രയിൽ ഒരിടത്താവളം എന്നു കരുതി ഒരിക്കലും ഒഴിവാക്കരുത് ഗൂഡല്ലൂരിനെ. ബ്രിട്ടീഷ് കാലത്തെ ജയിലും തേയില മ്യൂസിയവും നീഡിൽ റോക്ക് വ്യൂപോയിന്റും സിംകോണ മരത്തോട്ടവും പോലുള്ള നിരവധി കാഴ്ചകൾ ഇവിടെയുണ്ട്. ഊട്ടിയിൽ നിന്നും അമ്പതു കിലോമീറ്ററാണ് ഗൂഡല്ലൂരിലേക്കുള്ള ദൂരം. നീലഗിരിയുടെ അതിമനോഹരമായ കാഴ്ചയുടെ വാതായനങ്ങൾ ഇവിടെ നിന്നും ആസ്വദിക്കാവുന്നതാണ്. 

നീലഗിരിയിൽ മൂന്നാമത്തെ വലിയ ഹിൽസ്റ്റേഷനാണ് കോത്തഗിരി. മനോഹരമായ കാഴ്ചകളും സുഖകരമായ കാലാവസ്ഥയും ഇപ്പോൾ യാത്രാപ്രിയരെ ഇങ്ങോട്ടാകർഷിക്കുന്നുണ്ട്. എങ്കിലും ഊട്ടിയുടെ അത്രയും തിരക്കില്ലാതെ ഇവിടെ കാഴ്ചകൾ ആസ്വദിക്കാൻ കഴിയും. പച്ചപ്പിന്റെ കാന്തി കൊണ്ട് ആരെയും ആകർഷിക്കുന്ന തേയിലത്തോട്ടങ്ങളാണ് കോത്തഗിരിയിലെ പ്രധാനാകർഷണം. ഊട്ടിയിൽ നിന്നും ഈ ഹിൽ സ്റ്റേഷനിലേക്ക് 38 കിലോമീറ്ററാണ് ദൂരം. അതിഥികൾ ശ്രദ്ധിക്കണം, ഇവിടെ താമസത്തിനുള്ള സൗകര്യങ്ങൾ വളരെ കുറവാണ്.

അതിസുന്ദരമായ റെയിൽവേ സ്റ്റേഷനും പുകതുപ്പി വരുന്ന പൈതൃക തീവണ്ടിയിലെ യാത്രയുമാണ് കൂനൂരിലെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത്. ഇതുകൂടാതെ സിംസ് പാർക്ക്, ലാംപ്സ് റോക്ക് വ്യൂ പോയിന്റ്, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയ കാഴ്ചകൾ ഇവിടെയെത്തിയാൽ  ആസ്വദിക്കാം. കൂനൂരിലെത്തിയാൽ മറക്കാതെ സന്ദർശിക്കേണ്ടയിടങ്ങളിൽ ഒന്നാണ് കാതറീൻ വെള്ളച്ചാട്ടം. സാഹസിക പ്രിയർക്കു ഈ വെള്ളച്ചാട്ട കാഴ്ചകൾ ഏറെ ആസ്വാദ്യകരമായിരിക്കും. രാജ്യത്തിനകത്തു നിന്നുള്ള ഇരുനൂറോളം പഴവർഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സിംസ് പാർക്കിലെ ഫ്രൂട്ട് ഷോ ഇവിടുത്തെ പ്രധാനാകർഷണങ്ങളിൽ ഒന്നാണ്. സാധാരണ വേനലവധിക്കാലമായ മേയിലാണ് ഫ്രൂട്ട് ഷോ സംഘടിപ്പിക്കപ്പെടുന്നത്. 

മഞ്ഞൂർ എന്നു പേര് സൂചിപ്പിക്കുന്നത് പോലെ മഞ്ഞിന്റെ നാടാണിത്. തിരക്കധികമില്ലാത്ത പാതകളും സുഖകരമായ കാലാവസ്ഥയും പച്ച ചുറ്റിയ പ്രകൃതിയും തണുപ്പും കൂടെ ഇടയ്ക്കിടെ കുളിരിന്റെ കൈകളുമായി വന്നുമൂടുന്ന കാറ്റും. മഞ്ഞൂരിലെ കാഴ്ചകളാസ്വദിച്ച്, മുടിപ്പിന്നൽ വളവുകൾ താണ്ടി ഒരു റോഡ്ട്രിപ് നടത്തണമെന്നുള്ളവർക്കു കിണ്ണക്കൊരെ വരെ പോകാം. ഊട്ടിയിൽ നിന്നും 35 കിലോമീറ്റർ ആണ് മഞ്ഞൂരിലേക്കുള്ള ദൂരം. താമസത്തിനു മുൻകൂട്ടി ബുക്ക് ചെയ്യണം.

തണുപ്പിനെ ചുറ്റിയുള്ള യാത്രയിൽ നിന്നും മാറി വനഭംഗി ആസ്വദിക്കണമെന്നുള്ളവർക്കു മുതുമലയിലേക്കു വണ്ടിതിരിക്കാം. ഊട്ടിയിൽ നിന്നും കല്ലട്ടിച്ചുരം ഇറങ്ങിയാൽ മുതുമലയായി. മസിനഗുഡിയിലെ അതിമനോഹര പാതയിലൂടെയുള്ള യാത്ര ഏതൊരു സഞ്ചാരിയ്ക്കും അവിസ്മരണീയമായ അനുഭവമായിരിക്കും. മുതുമലയിൽ താമസത്തിനുള്ള സൗകര്യങ്ങളുമുണ്ട്. ഊട്ടിയിൽ നിന്നും ഇവിടേക്കു 38 കിലോമീറ്ററാണ് ദൂരം.  

English Summary:

Anna Rajan Nilgiri Hills Escape

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com