പതിനായിരത്തിലധികം മത്സ്യങ്ങൾ ചത്തുപൊങ്ങി

Mail This Article
പത്തനാപുരം∙ വിളവെടുക്കാനിരുന്ന പതിനായിരത്തിലധികം മത്സ്യങ്ങൾ ചത്തുപൊങ്ങി. മഞ്ഞക്കാല സ്വദേശികളായ ഉണ്ണിക്കൃഷ്ണപ്പിള്ള, അഭയാനന്ദൻ, അജിത്ത് എന്നിവർ ചേർന്നു പഞ്ചായത്ത് കുളത്തിൽ കൃഷിയിറക്കിയ മത്സ്യങ്ങളാണു ചത്തുപൊങ്ങിയത്. പഞ്ചായത്ത് കുളം പാട്ടത്തിനെടുത്തു കൃഷി നടത്തി വരികയായിരുന്നു.
കഴിഞ്ഞ ദിവസവും മീനിനു തീറ്റ നൽകിയിരുന്നെന്നും മറ്റു സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്നും ഉണ്ണിക്കൃഷ്ണപ്പിള്ള പറഞ്ഞു. 1.5 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതു വഴി പോയ നാട്ടുകാരാണ് മീനുകൾ ചത്തു പൊങ്ങുന്നത് ആദ്യം കണ്ടത്. മീനുകളെ മാറ്റിയപ്പോഴേക്കും എല്ലാം ചത്തിരുന്നു. ആരെങ്കിലും വിഷം കലർത്തിയതാണോ അതോ വെള്ളത്തിന്റെ ലവണാംശത്തിലെ മാറ്റമാണോയെന്ന കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. ഫിഷറീസ് ഉദ്യോഗസ്ഥരെത്തി വെള്ളം പരിശോധനയ്ക്കായി കൊണ്ടു പോയി.