ADVERTISEMENT

ശാസ്താംകോട്ട ∙ മൺമറഞ്ഞുപോയ പിതൃക്കളുടെ അനുഗ്രഹം തേടി ആയിരങ്ങൾ കർക്കടക വാവ് ബലിതർപ്പണം നടത്തി. കുന്നത്തൂർ താലൂക്കിന്റെ വിവിധ ക്ഷേത്രങ്ങളിലും പ്രത്യേകം തയാറാക്കിയ സ്നാനഘട്ടങ്ങളിലും പിതൃമോക്ഷത്തിനായി നടത്തിയ വിവിധ ചടങ്ങുകളിൽ ഒട്ടേറെ പേർ പങ്കെടുത്തു. 

കല്ലടയാറിന്റെ തീരത്തുള്ള പടിഞ്ഞാറെ കല്ലട തിരുവാറ്റ മഹാദേവർ ക്ഷേത്രം, കടപുഴ അമ്പലത്തുംഗൽ മഹാവിഷ്ണു ക്ഷേത്രം (പാട്ടമ്പലം), കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ഭഗവതി ക്ഷേത്രം, പള്ളിക്കലാറിന്റെ തീരത്തുള്ള ശൂരനാട് വടക്ക് കാഞ്ഞിരംകടവ് വില്ലാടസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും പോരുവഴി കുറുമ്പകര തൃപ്പാദപുരം മഹാദേവർ ക്ഷേത്രത്തിലും ശൂരനാട് തെക്ക് പതാരം കിടങ്ങയം എസ്എൻഡിപി ശാഖയിലും പുലർച്ചെ മുതൽ ബലി തർപ്പണം നടന്നു. 

പടിഞ്ഞാറെ കല്ലട തിരുവാറ്റ മഹാദേവർ ക്ഷേത്രത്തിൽ അജി രാമൻ പോറ്റി, പോരുവഴി കുറുമ്പകര തൃപ്പാദപുരം മഹാദേവർ ക്ഷേത്രത്തിൽ മേൽശാന്തി ഇടക്കുളങ്ങര മഠം ശ്രീകുമാരൻ തിരുമേനി, കടപുഴ പാട്ടമ്പലത്തിൽ ഡോ.എം.എസ്.ബിജു, പ്രദീപ് നമ്പൂതിരി, കുന്നത്തൂർ കൊക്കാംകാവ് ക്ഷേത്രത്തിൽ തൃശൂർ ഉദയൻ പോറ്റി എന്നിവർ കാർമികത്വം വഹിച്ചു. പിതൃതർപ്പണത്തിനൊപ്പം പിതൃപൂജ, തിലഹവനം എന്നിവയ്ക്കുള്ള സൗകര്യങ്ങളും എല്ലാ ക്ഷേത്രങ്ങളിലും ഒരുക്കിയിരുന്നു. അന്നദാനവും നടത്തി.

ചവറ∙ പിതൃപുണ്യം തേടി ആയിരങ്ങൾ വിവിധ സ്നാനഘട്ടങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ നടത്തി. പന്മന ആശ്രമം, പൊന്മന കാട്ടിൽമേക്കതിൽ ക്ഷേത്രം ആറാട്ട് കടവ്, നീണ്ടകര ആൽത്തറമൂട് മഹാവിഷ്ണു ക്ഷേത്രം, നീണ്ടകര ദളവാപുരം ദൈവമുള്ളതിൽ ലക്ഷ്മി നാരായണ ക്ഷേത്രം, ചവറ സൗത്ത് ഗുഹാനന്ദപുരം ക്ഷേത്രം എന്നിവിടങ്ങളിൽ ബലിതർപ്പണം നടന്നു. 

ആൽത്തറമൂട് മഹാവിഷ്ണു ക്ഷേത്രത്തിൽ വൻജനാവലിയാണ് പിതൃതർപ്പണത്തിനായി എത്തിയത്. പ്രത്യേക സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിരുന്നു. ദേശീയപാതയോട് ചേർന്ന ക്ഷേത്രത്തിൽ കടലിൽ ബലിതർപ്പണം നടത്താനുള്ള സൗകര്യം ഉണ്ടായിരുന്നതിനാൽ പുലർച്ചെ മുതൽ ഇവിടെ വൻ തിരക്കായിരുന്നു.

കരുനാഗപ്പള്ളി ∙ വിവിധ ക്ഷേത്രങ്ങളിലും സ്നാന ഘട്ടങ്ങളിലും വ്രത നിഷ്ഠകളോടെ എത്തിയ പതിനായിരങ്ങൾ   കർക്കടക വാവ് ബലിതർപ്പണം നടത്തി. കരുനാഗപ്പള്ളി പുതിയകാവ് നീലകണ്ഠ തീർഥ പാദാശ്രമം, കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് തേവർകാവ് ഭഗവതി ക്ഷേത്രത്തിനു മുന്നിലെ ത്രിവേണി സംഗമം, പൊന്മന ദുർഗ്ഗാ ദേവി ക്ഷേത്ര ഭാഗം, വെള്ളനാതുരുത്ത്, പണ്ടാരത്തുരുത്ത് കൊച്ചോച്ചിറ ഭാഗം, ചെറിയഴീക്കൽ ക്ഷേത്രം ഭാഗം, ആലപ്പാട് സുബ്രഹ്മണ്യ ക്ഷേത്ര ഭാഗം, കുഴിത്തുറ, ശ്രീയിക്കാട് പശ്ചിമേശ്വര ക്ഷേത്ര ഭാഗം, പറയകടവ് ക്ഷേത്ര ഭാഗം തുടങ്ങി നിരവധി സ്നാന ഘട്ടങ്ങളിൽ എത്തിയാണ് ഭക്തർ ബലിതർപ്പണം നടത്തിയത്. 

അമൃതപുരി

കരുനാഗപ്പള്ളി ∙ കർക്കിടക വാവ് ദിനത്തിൽ ആയിരക്കണക്കിനാളുകൾ അമൃതപുരി മാതാ അമൃതാനന്ദമയീ മഠത്തിൽ എത്തി ബലി തർപ്പണം നടത്തി. സ്വാമി തുരുയാമൃതാനന്ദപുരി ഭദ്രദീപം തെളിയിച്ച് ബലിതർപ്പണ ചടങ്ങുകൾക്കു തുടക്കം കുറിച്ചു. ആശ്രമത്തിലെ പ്രധാന പ്രാർത്ഥനാ ഹാളിൽ 3 ഘട്ടങ്ങളിലായി നടന്ന ബലി തർപ്പണത്തിൽ വിദേശികളടക്കമുള്ളവർ പങ്കെടുത്തു. ബ്രഹ്മചാരി അച്യൂതാമൃത ചൈതന്യ, സ്വാമി ഗുരുപാദാശ്രിതാനന്ദപുരി, സ്വാമി തപസ്യാമൃതാനന്ദ പുരി, സ്വാമിനി അമൃതജ്യോതിപ്രാണ എന്നിവർ കർമങ്ങൾക്ക് നേതൃത്വം വഹിച്ചു. ലോകമെമ്പാടുമുള്ളവർക്കായി ഓൺലൈനിൽ 12 ഭാഷകളിലായി ബലിതർപ്പണത്തിനുള്ള മാർഗ നിർദേശങ്ങളും തൽസമയം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com