ADVERTISEMENT

കൊല്ലം ∙ ആശ്രാമം – മങ്ങാട് ലിങ്ക് റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. പദ്ധതിയുടെ പഴയ അലൈൻമെന്റിൽ മാറ്റം വരുത്താതെ പുതിയ കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും അടിസ്ഥാനത്തിലുള്ള കണക്കുകളും പുതിയ സർവേ നമ്പറുകളും കണ്ടെത്താനുള്ള വിശദ നഗരാസൂത്രണ പദ്ധതി സർവേ ആണ് ആരംഭിച്ചത്. ഏകദേശം 4 പതിറ്റാണ്ട് മുൻപാണ് ആശ്രാമത്ത് നിന്നു മങ്ങാട്ടേക്കുള്ള ലിങ്ക് റോഡ് പദ്ധതി ആവിഷ്ക്കരിക്കുന്നത്. അന്ന് സർവേ നടപടികൾ പൂർത്തിയാക്കി അലൈൻമെന്റ് നിശ്ചയിക്കുകയും നിർമാണത്തിനായി ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ കല്ലിടുകയും ചെയ്തിരുന്നു. എന്നാൽ വിവിധ സാങ്കേതിക കാരണങ്ങളിൽ തട്ടി പദ്ധതി മുടങ്ങി. ഇതോടെ പ്രദേശത്തെ ഭൂവുടമകൾ ബുദ്ധിമുട്ടിലാവുകയായിരുന്നു. അലൈൻമെന്റിൽ ഉൾപ്പെട്ട ഭൂമി വിൽക്കാനോ വാങ്ങാനോ ബാങ്കുകളിൽ പണയം വയ്ക്കാനോ മറ്റും കഴിയാതായി. ഭൂമിയുടെ വിലയും കുത്തനെ ഇടിഞ്ഞു. വിഷയത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് ആശ്രാമം–മങ്ങാട് ലിങ്ക് റോഡിന് വീണ്ടും ജീവൻ വച്ചത്.

പഴയ അലൈൻമെന്റ് പ്രകാരം തന്നെയാണ് റോഡ് നിർമിക്കുക. വർഷങ്ങൾക്കുള്ളിൽ പദ്ധതിപ്രദേശത്ത് വന്ന മാറ്റങ്ങൾ, കെട്ടിടങ്ങൾ, ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയുടെ കണക്ക്, പുതിയ സർവേ നമ്പറുകൾ, സാമൂഹിക സാമ്പത്തിക വിഷയങ്ങൾ എന്നിവയെല്ലാം സർവേയിൽ വിശദമായി പരിശോധിക്കും. തുടർന്ന് അലൈൻമെന്റ് പ്രസിദ്ധീകരിക്കുകയും അംഗീകാരം നേടുകയും ചെയ്ത ശേഷമാണ് നിർമാണം ആരംഭിക്കുക. പദ്ധതിയുടെ മേൽനോട്ടത്തിനായി മേയർ ചെയർപഴ്സനായും കോർപറേഷൻ സെക്രട്ടറി കൺവീനറായും സ്പെഷൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

പുതിയ സർവേ അടിസ്ഥാനമാക്കിയാവും റോഡിന് വേണ്ട ഫണ്ട് കണക്കാക്കുക. കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്ക് ഫണ്ട് ആവശ്യപ്പെട്ടു കൊണ്ട് മേയർ കത്ത് നൽകിയിട്ടുണ്ട്. പുതിയ പാത വരുന്നതോടെ കൊല്ലം–കല്ലുംതാഴം വരെയുള്ള ഭാഗത്തെ ഗതാഗതത്തിരക്ക് വലിയ അളവിൽ കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ചിന്നക്കട ഭാഗത്ത് നിന്നു ബൈപ്പാസിലേക്കു പ്രവേശിക്കാനും പാത ഉപകരിക്കുമെന്നതിനാൽ നഗരത്തിന്റെ തിരക്കിൽ നിന്നു മാറി പെട്ടെന്നു ബൈപ്പാസിലേക്ക് എത്താനും സാധിക്കും. സർവേ നടപടികളുടെ ഉദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു. ഡപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരസമിതി അധ്യക്ഷരായ ഹണി ബെഞ്ചമിൻ, ഉദയകുമാർ, ടൗൺ പ്ലാനർ എം.വി.ഷാരി, ഡപ്യൂട്ടി ടൗൺ പ്ലാനർ ആർ.ബിജി, അസിസ്റ്റന്റ് ടൗൺ പ്ലാനർ വിഷ്ണു രവിമൂർത്തി, കൗൺസിലർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 

ആശ്രാമം–മങ്ങാട് ലിങ്ക് റോഡ്
കൊല്ലം ∙ ആശ്രാമത്ത് നിന്ന് ആരംഭിച്ചു ഉളിയക്കോവിൽ വഴി മങ്ങാട് എത്തുന്ന ഈ ലിങ്ക് റോഡിന്റെ ആകെ നീളം 4.16 കിലോമീറ്ററാണ്. 12 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുക. ആശ്രാമം എവൈകെ ഓഡിറ്റോറിയത്തിനു സമീപത്തുള്ള റോഡിൽ നിന്ന് ആരംഭിച്ച് ചെക്കോട്ടു ശ്രീകൃഷ്ണ ക്ഷേത്രത്തിന് മുന്നിലൂടെ കല്ലുവെട്ടാങ്കുഴിയിലൂടെ ഗാന്ധിനഗറിലെത്തി കുഴുക്കാണത്തിലൂടെ ഇറങ്ങി കാവുംഭാഗം വഴി പനവിളയിലൂടെ ഉളിയക്കോവിലെത്തും. ശേഷം രണ്ടാംകുറ്റി വഴി മങ്ങാട് ശ്മശാനം വഴി കയറി ബൈപ്പാസിലെത്തുന്ന വിധമാണ് പാത നിശ്ചയിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com