കടൽ ഖനനം മത്സ്യത്തൊഴിലാളികൾക്കുള്ള മരണവാറന്റ്: ജോസ് കെ.മാണി

Mail This Article
കൊല്ലം ∙ തീരദേശ മത്സ്യത്തൊഴിലാളികളുടെ മരണവാറന്റായ കടൽ മണൽ ഖനന പദ്ധതിയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. കടൽ മണൽ ഖനനത്തിനെതിരെ കൊല്ലം കടൽത്തീരത്ത് മത്സ്യത്തൊഴിലാളി കോൺഗ്രസ് (എം) സംഘടിപ്പിച്ച തീരദേശ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിലൂടെ തീരദേശ ജനതയുടെ ആരാച്ചാരായി കേന്ദ്രസർക്കാർ മാറിയിരിക്കുന്നു. വിലപിടിപ്പുള്ള ധാതുക്കൾ വൻതോതിൽ കടൽ മണൽ ഖനനത്തിന്റെ മറവിൽ കടത്താനാണ് ലക്ഷ്യമിടുന്നത്.
മത്സ്യങ്ങളുടെ പ്രജനനം നടക്കുന്ന മേഖലയിൽ നടത്താൻ പോകുന്ന മണൽ ഖനനം മത്സ്യസമ്പത്ത് തുടച്ചു നീക്കപ്പെടുന്നതിന് കാരണമാകും. കേരളത്തിലെ കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഖനനം മൂലം സംഭവിക്കാൻ പോകുന്നതെന്നും എൽഡിഎഫ് സർക്കാർ കടൽ മണൽ ഖനന പദ്ധതിയെ ചെറുക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.
മത്സ്യത്തൊഴിലാളി കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റ് ജോസി പി.തോമസ് അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, ബേബി മാത്യു കാവുങ്കൽ, ഐവിൻ ഗ്യാൻസിസ്, ശക്തികുളങ്ങര പള്ളി വികാരി രാജേഷ് മാർട്ടിൻ, നീണ്ടകര പള്ളി വികാരി ഫാ. റോൾഡൻ ജേക്കബ്, കേരള ഫിഷിങ് ബോട്ട് അസോസിയേഷൻ പ്രസിഡന്റ് പീറ്റർ മത്യാസ്, ധീവരസഭ ജില്ലാ പ്രസിഡന്റ് രാജു മുള്ളിക്കൽ, ബെന്നി കക്കാട്, വഴുതാനത്ത് ബാലചന്ദ്രൻ, വി.സി.ഫ്രാൻസിസ്, എ.ഇക്ബാൽകുട്ടി, ശിവരാജൻ, സിറിയക് ചാഴിക്കാടൻ, ബ്രൈറ്റ് വട്ടനിരപ്പേൽ, ചവറ ഷാ, ജോയി മത്യാസ്, മാത്യു ലൂക്ക്, സജിജോൺ കുറ്റിയിൽ എന്നിവർ പ്രസംഗിച്ചു.