തീരദേശ പാതയിൽ 2 കി.മീ. കടൽപാലം വരുന്നു, 12 മീറ്റർ വരെ ഉയരം; മാറി താമസിക്കുന്നതിന് മാത്രം 14.6 ലക്ഷം രൂപ

Mail This Article
കൊല്ലം∙ തീരദേശ പാതയിൽ 2 കിലോമീറ്റർ ദൂരത്തിൽ കടൽപാലം വരുന്നു. തങ്കശ്ശേരി ലൈറ്റ് ഹൗസ് മുതൽ തിരുമുല്ലവാരം വരെയാണ് 14 മീറ്റർ വീതിയിൽ കടൽപാലം നിർമിക്കുന്നത്. ബലി തർപ്പണം നടക്കുന്ന സ്ഥലത്തിന്റെ വടക്കുവശം വരെയാണ് കടൽപാലം. കർക്കടക വാവു ബലിതർപ്പണത്തിന് തടസ്സമുണ്ടാകാത്ത വിധത്തിലാണ് രൂപരേഖ തയാറാകുന്നത്. ബലിതർപ്പണം നടത്തുന്നവർക്ക് കടലിലേക്ക് ഇറങ്ങുന്ന സ്ഥലത്ത് പാലത്തിനു 3 മീറ്റർ ഉയരം ഉണ്ടാകും. മറ്റു സ്ഥലങ്ങളിൽ 6 മുതൽ 12 മീറ്റർ വരെ ഉയരം. രണ്ടുവരി പാതയാണ് നിർമിക്കുന്നത്. നടപ്പാതയും സൈക്കിൾ ട്രാക്കും ഉണ്ടാകും.
41 കിലോമീറ്റർ നീളം
ജില്ലയിൽ 41.1 കിലോമീറ്റർ നീളത്തിൽ 3 റീച്ച് ആയാണ് തീരദേശ പാത നിർമിക്കുന്നത്. കാപ്പിൽ – തങ്കശ്ശേരി (17.6 കിലോമീറ്റർ), തങ്കശ്ശേരി– നീണ്ടകര (7 കിലോമീറ്റർ), ഇടപ്പള്ളിക്കോട്ട – അഴീക്കൽ (ഇടപ്പള്ളിക്കോട്ടയിൽ നിന്നു തിരിഞ്ഞ്, കന്നേറ്റിക്കടവ്, വെള്ളനാതുരുത്ത് വഴി– 16.5 കിലോമീറ്റർ) എന്നിവയാണ് റീച്ചുകൾ. നീണ്ടകര മുതൽ ഇടപ്പള്ളിക്കോട്ട വരെ നിലവിലുള്ള ദേശീയപാത–66 ലൂടെയാണ് യാത്ര. നീണ്ടകര മുതൽ ഇടപ്പള്ളിക്കോട്ട വരെ ദേശീയപാതയ്ക്ക് സമാന്തരമായി തീരദേശ പാത നിർമിക്കണമെന്നു കിഫ്ബി നിർദേശം നൽകിയിട്ടുണ്ട്. കെഎംഎംഎലിന്റെ സ്ഥലം കൂടി ഏറ്റെടുത്തു ദേശീയപാതയ്ക്ക് സമാന്തരമായി പാത നിർമിക്കണമെന്നാണ് നിർദേശം. മേഖലയിലെ എംഎൽഎമാരും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതു അടുത്ത ഘട്ടത്തിൽ പരിഗണിച്ചേക്കും.
മാറി താമസിക്കുന്നതിന് 14.6 ലക്ഷം രൂപ
വീടു നഷ്ടപ്പെട്ടു മാറി താമസിക്കേണ്ടി വരുന്നവർക്ക് ഭൂമിക്കും കെട്ടിടത്തിനും മറ്റും ലഭിക്കുന്ന നഷ്ടപരിഹാര തുകയ്ക്ക് പുറമേ 14.6 ലക്ഷം രൂപ കൂടി പ്രത്യേക പാക്കേജ് പ്രകാരം ലഭിക്കും. വീടു മാറുന്നതിനു 13 ലക്ഷവും സാധനങ്ങൾ ഒരുക്കുന്നതിനും യാത്ര തുടങ്ങിയവയ്ക്കുമായി 1.6 ലക്ഷം രൂപയുമാണു ലഭിക്കുന്നത്. വീടിന്റെ വിസ്തൃതി കണക്കാക്കാതെ എല്ലാവർക്കും ഇതേ തുക ലഭിക്കും. സ്വന്തം പേരിൽ വസ്തു ഇല്ലാതെ പുറമ്പോക്കിൽ താമസിക്കുന്നവർക്കും ഈ തുക ലഭിക്കും. പുറമ്പോക്കിൽ താമസിക്കുന്നവർക്കു വീടിന്റെ നഷ്ടപരിഹാര തുകയും ലഭിക്കും. എന്നാൽ വസ്തുവിന്റെ വില ലഭിക്കില്ല.
തടസ്സമുണ്ടാകില്ല
തീരദേശ പാതയിൽ ഇരുവശത്തേക്കും കടക്കുന്നതിന് ജനങ്ങൾക്ക് തടസ്സമുണ്ടാകില്ല. മിക്ക സ്ഥലങ്ങളിലും നിലവിലുള്ള റോഡിന്റെ നിരപ്പിൽ തന്നെയാണ് പാത നിർമാണം. ഇരുവശവും ഓട ഉണ്ടാകും.
കല്ലിടൽ
റീച്ചിൽ ഒന്നിൽ മാത്രമാണ് കല്ലിടൽ പൂർത്തിയായത്. മുണ്ടയ്ക്കൽ ഭാഗത്ത് അലൈൻമെന്റിൽ നേരിയ വ്യത്യാസം വന്നു. 17.8 കിലോമീറ്റർ ആയിരുന്നു ആദ്യ അലൈൻമെന്റ്. പുതിയ അലൈൻമെന്റിൽ 17.6 കിലോമീറ്റർ ആയി ചുരുങ്ങി. തങ്കശ്ശേരി– നീണ്ടകര റീച്ചിൽ കല്ലിടൽ പൂർത്തിയായിട്ടില്ല. ഈ മേഖലയിൽ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി ഹിയറിങ് നടന്നു വരികയാണ്. ഇടപ്പള്ളിക്കോട്ട– ആലപ്പാട് മേഖലയിൽ കല്ലിടൽ ആരംഭിച്ചില്ല.
സ്ഥലമേറ്റെടുപ്പ്:യോഗം ചേർന്നു
തീരദേശ പാതയ്ക്ക് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ ഉടമകളെയും കച്ചവടക്കാരെയും ഉൾപ്പെടുത്തി തിരുമുല്ലവാരം സെന്റ് ജോൺസ് യുപി സ്കൂളിൽ യോഗം നടത്തി. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായാണ് യോഗം. മേഖലയിലെ രണ്ടാമത്തെ യോഗമായിരുന്നു ഇത്. മരുത്തടി ഒഴുക്കുതോട് മേഖലയിൽ, കയറ്റുമതി ചെയ്യുന്ന ജീവനുള്ള ശംഖിനെ കടൽ ജലം ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന സ്ഥാപനങ്ങൾ പൂട്ടേണ്ടിവരുമെന്ന ആശങ്ക ഉടമകൾ പങ്കുവച്ചു. കേരളത്തിൽ ഇത്തരം യൂണിറ്റുകളുടെ 80 ശതമാനവും ഈ മേഖലയിലാണ്. മറ്റൊരു സ്ഥലത്ത് ഇതു നടത്താൻ കഴിയില്ല. മതിയായ നഷ്ടപരിഹാരം വേണമെന്നു ഉടമകൾ പറഞ്ഞു.
തൊഴിലാളികളുടെ എണ്ണം, കൂലി, സ്ഥാപനങ്ങളുടെ വരുമാനം ഉൾപ്പെടെയുള്ള രേഖാമൂലം നൽകാൻ അധികൃതർ നിർദേശിച്ചു. തങ്കശ്ശേരി, നീണ്ടകര മേഖലയിൽ കടൽ ഭിത്തിയോടു ചേർന്നു തീരദേശ പാത നിർമിക്കുകയും നീണ്ടകര പാലത്തിനു സമാന്തരമായി പാലം നിർമിക്കണമെന്നും ആവശ്യം ഉയർന്നു. ബദൽ നിർദേശം സർക്കാരന്റെ ശ്രദ്ധയിൽപെടുത്തുമെന്നു അധികൃതർ ഉറപ്പു നൽകി.
സാമൂഹികാഘാത വിലയിരുത്തൽ സമിതി ചെയർമാൻ എൻ.പ്രതാപൻ, ഡപ്യൂട്ടി തഹസിൽദാർ (എൽഎ– കിഫ്ബി) ജി.അരുൺകുമാർ, കേരള റോഡ് ഫണ്ട് ബോർഡ് അസി.എക്സിക്യൂട്ടീവ് എൻജിനീയർ നിഷ കൗൺസിലർ എ.അശ്വതി, നാറ്റ്പാക് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഉയർന്ന വില, പ്രത്യേക പാക്കേജ്
തീരദേശ പാതയ്ക്ക് ഏറ്റെടുക്കുന്ന വസ്തുവിനും കെട്ടിടങ്ങൾക്കും ഉയർന്ന നഷ്ടപരിഹാര തുക ലഭിക്കുന്നതിനു പുറമേ പ്രത്യേക പാക്കേജും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 2013 ലെ നിയമപ്രകാരമാണ് വസ്തു ഏറ്റെടുക്കുന്നത്.
∙ ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുത്തതു പോലെ ഭൂമിക്കു നിശ്ചയിക്കുന്ന വിലയുടെ ഇരട്ടി തുക ലഭിക്കും.
∙ കെട്ടിടങ്ങളുടെ വില പൊതുമരാമത്ത് വകുപ്പാണ് കണക്കാക്കുന്നത്. നിലവിലുള്ളതു പോലെ പുതിയ കെട്ടിടം നിർമിക്കുന്നതിനു ചെലവാകുന്ന തുക കണക്കാക്കിയ ശേഷം അതിന്റെ കാലപ്പഴക്കം കണക്കാക്കി നിശ്ചിത തുക കുറച്ച ശേഷമുള്ള തുകയുടെ ഇരട്ടിയാണ് നിയമപ്രകാരം നൽകേണ്ടത്. എന്നാൽ പ്രത്യേക പാക്കേജ് ഉത്തരവായതിനാൽ അടിസ്ഥാന തുകയുടെ ഇരട്ടി നൽകുന്നതോടൊപ്പം കാലപ്പഴക്കത്തിനു കുറവു ചെയ്ത തുക കൂടി നൽകും.
∙ സ്ഥാപനങ്ങളുടെ ഉടമകൾക്കു മാത്രമല്ല, ജീവനക്കാർക്കും നഷ്ടപരിഹാരം ലഭിക്കും.
∙ ഭാഗികമായാണ് കെട്ടിടം പൊളിക്കേണ്ടി വരുന്നതെങ്കിൽ ശേഷിച്ച ഭാഗം ഉപയോഗപ്രദമല്ലെങ്കിൽ കെട്ടിടം പൂർണമായി ഏറ്റെടുത്ത് (ഉടമയുടെ ആവശ്യപ്രകാരം) നഷ്ടപരിഹാരം നൽകും. സ്ഥലം ഉടമയ്ക്ക് ഉപയോഗിക്കാം.
∙ വൃക്ഷങ്ങൾ, എടുപ്പുകൾ, ചുറ്റുമതിൽ തുടങ്ങിയവയ്ക്കെല്ലാം നഷ്ടപരിഹാരം ലഭിക്കും.
∙ പൊളിക്കുന്ന കെട്ടിടങ്ങളുടെ ബാക്കി ഭാഗം കെട്ടി ബലപ്പെടുത്തി ഉപയോഗിക്കുന്നതിന് കെട്ടിട നിർമാണ ചട്ടത്തിൽ ഇളവ് അനുവദിക്കും (ഒരു തവണ മാത്രം).