കെഎസ്ആർടിസി കുറിയർ സേവനം ഹിറ്റാവുന്നു; ഡോർ ഡെലിവറി വേണമെന്ന് ആവശ്യം

Mail This Article
കൊല്ലം∙ കുറഞ്ഞ നിരക്കിലുള്ള കെഎസ്ആർടിസി കുറിയർ സേവനം ഹിറ്റായതോടെ ഡോർ ഡെലിവറി വേണമെന്ന ആവശ്യവും ശക്തമാകുന്നു. എന്നാൽ, ഡോർ ഡെലിവറി സേവനം ലഭ്യമാക്കിയാൽ നിരക്കു വർധിക്കുമെന്ന ആശങ്ക കെഎസ്ആർടിസി അധികൃതർ പങ്കുവയ്ക്കുന്നു. ഡോർ ഡെലിവറി സേവനം ഫ്രാഞ്ചൈസികളെ ഏൽപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഏപ്രിലോടെ ട്രാക്കിങ് സോഫ്റ്റ്‌വെയർ ലഭ്യമാകുമ്പോൾ കുറിയർ സേവനം കൂടുതൽ കാര്യക്ഷമമാകുമെന്നും അധികൃതർ വ്യക്തമാക്കി.
നിലവിൽ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് അയയ്ക്കുന്ന പാഴ്സലുകൾ മറ്റൊരു ഡിപ്പോയിൽ നിന്നു ഉപയോക്താക്കൾ സ്വീകരിക്കണം. എന്നാൽ, ഡോർ ഡെലിവറി സേവനം ലഭ്യമായാൽ ഉപയോക്താക്കൾക്ക് കൂടുതൽ ഗുണകരമാകും. ഡോർ ഡെലിവറി സേവനം നൽകിയാൽ ഓരോ പാഴ്സലിന്റെ നിരക്കും ആനുപാതികമായി കൂടിയേക്കുമെന്നാണ് അധികൃതരുടെ നിലപാട്. നിരക്കു കൂടിയാൽ പാഴ്സലുകളുടെ എണ്ണം കുറയുമെന്ന ആശങ്കയുണ്ട്. കൂടാതെ, നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് ഡോർ ഡെലിവറി സേവനം ലഭ്യമാക്കാൻ കഴിയില്ലെന്നും അധികൃതർ പറഞ്ഞു. നിരക്കു വർധനയാണു പ്രശ്നം. കെഎസ്ആർടിസി കമേഴ്സ്യൽ വിഭാഗത്തിന് കീഴിലെ കുറിയർ–ലോജിസ്റ്റിക്‌സ് സർവീസ് എം–പാനൽ ജീവനക്കാരെ ഉപയോഗിച്ചാണ് ഓടിക്കുന്നത്.
∙ ജില്ലയിൽ നിന്ന് കത്തുകൾ, കശുവണ്ടി , കരകൗശല വസ്തുക്കൾ, ഭക്ഷ്യോൽപന്നങ്ങൾ, ആയുർവേദ മരുന്നുകൾ, കളിപ്പാട്ടങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും അയയ്ക്കുന്നത്. ജില്ലയിലേക്ക് വിവിധതരം മരുന്നുകൾ, കണ്ണാടികൾ, ഓൺലൈൻ ഓർഡർ ചെയ്ത വിവിധ തരം വസ്തുക്കൾ, കുട്ടികളുടെ വസ്ത്രങ്ങൾ തുടങ്ങിയവയാണ് ജില്ലയിലേക്കു പാഴ്സലുകളായി ലഭിക്കുന്നത്.
കെഎസ്ആർടിസി കുറിയർ
∙ കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ കുറിയർ എത്തിക്കും.
∙ മറ്റ് സർവീസുകളേക്കാൾ 30 ശതമാനം നിരക്ക് കുറവ്
∙ 25 ഗ്രാമിൽ താഴെയുള്ള കത്തുകൾ മുതൽ 120 കിലോഗ്രാം വരെയുള്ള പാഴ്സലുകളും അയയ്ക്കാം.
∙ തൂക്കം, ദൂരം എന്നിവ കണക്കാക്കി നിരക്ക്.
ജില്ലയിലെ 4 കേന്ദ്രങ്ങളിൽ നിന്നായി മൂന്നു മാസത്തിൽ 25 ലക്ഷം വരുമാനം
ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മൂന്നു മാസത്തിൽ കൊല്ലം ഉൾപ്പെടെ ജില്ലയിലെ നാലു കേന്ദ്രങ്ങളിൽ നിന്നായി ലഭിച്ചത് 25 ലക്ഷത്തിൽ അധികം രൂപയാണ്. മറ്റു കുറിയറുകളെ അപേക്ഷിച്ച് നിരക്ക് 30 ശതമാനം കുറവാണെന്നതാണ് കെഎസ്ആർടിസിയുടെ പ്രത്യേകത. ജില്ലയിൽ കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ എന്നിങ്ങനെ നാല് കൗണ്ടറുകളാണുള്ളത്.ക്രിസ്മസ്–പുതുവത്സര കാലത്ത് ജില്ലയിലെ കുറിയർ വഴി ഒരു ലക്ഷത്തിനടുത്ത് വരുമാനം ലഭിച്ചു. സംസ്ഥാനത്താകെ 65 ലക്ഷം രൂപയാണ് ഇക്കാലയളവിൽ ലഭിച്ചത്.
കുറിയർ വരുമാനത്തിൽ സംസ്ഥാന തലത്തിൽ കൊല്ലം ജില്ല നാലാം സ്ഥാനത്താണ്. എറണാകുളം ജില്ലയാണ് മുന്നിൽ, തിരുവനന്തപുരം, തൃശൂർ ജില്ലകൾ രണ്ടും മൂന്നും സ്ഥാനത്തും. ജില്ലയിലെ നാലു കേന്ദ്രങ്ങളിൽ ഏറ്റവും അധികം പാഴ്സലുകൾ എത്തുന്നത് കൊല്ലം കെഎസ്ആർടിസി ഡിപ്പോയോട് ചേർന്നുള്ള കൗണ്ടറിലാണ്. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തനമെങ്കിലും കൊല്ലം, കൊട്ടാരക്കര കൗണ്ടറുകൾ 24 മണിക്കൂറും പ്രവർത്തിക്കും. ദിവസ വേതന അടിസ്ഥാനത്തിൽ എം–പാനൽ ജീവനക്കാരെയാണ് കൗണ്ടറുകളിൽ നിയോഗിച്ചിരിക്കുന്നത്.
ദിവസവും ഏകദേശം 800ൽ അധികം പാഴ്‌സലുകളാണ് ജില്ലയിലെ നാലു കേന്ദ്രങ്ങളിൽ നിന്ന് അയയ്ക്കുന്നത്. പ്രതിദിനം ആയിരത്തിലധികം പാഴ്‌സലുകളാണ് ജില്ലയിലെ സെന്ററുകളിലേക്ക് എത്തുന്നത്. നിലവിൽ അഞ്ച് കിലോയ്ക്ക് മുകളിലെ കുറിയർ നിരക്കിൽ നേരിയ വർധനയുണ്ടെങ്കിലും ഉപയോക്താക്കളുടെ എണ്ണത്തിൽ കുറവില്ലെന്നാണ് കെഎസ്ആർടിസി കമേഴ്‌സ്യൽ വിഭാഗം അധികൃതർ പറയുന്നത്.