അപകടം ചൂളം വിളിച്ചെത്തുന്ന മൂലവട്ടം; 25 കുടുംബങ്ങൾ ഭീതിയിൽ
Mail This Article
മൂലവട്ടം ∙ അപകടം ചൂളം വിളിച്ചെത്തുമെന്ന ഭീതിയിലാണ് മൂലവട്ടം. റെയിൽവേ മേൽപാലത്തിന് താഴെ 25 കുടുംബങ്ങളാണ് ഭീതിയിൽ കഴിയുന്നത്. ട്രാക്കിനോടു ചേർന്നുള്ള നടപ്പാത സഞ്ചാരയോഗ്യമല്ലാത്തതിനാൽ ദുരിതമനുഭവിക്കുന്നത് പ്രായമായവർ ഉൾപ്പെടെയുള്ളവരാണ്. കഴിഞ്ഞ ദിവസം അടിച്ചിറയിൽ യുവതി ട്രെയിൻ ഇടിച്ച് മരിക്കാനിടയായ വാർത്ത കൂടി കേട്ടതോടെ ഭയമേറി.
ഇരട്ടപ്പാതയ്ക്കായി സ്ഥലം നൽകിയശേഷം ഇവരുടെ യാത്ര ട്രാക്കിനു സമീപം വെള്ളം ഒഴുകി പോകാൻ നിർമിച്ച വലിയ ഓടയുടെ തിട്ടയ്ക്ക് മുകളിലൂടെയാണ്. സ്ലാബുകൾ ഇല്ലാത്തതിനാൽ ഈ ഓടകളിൽ പലരും വീണു. ഓടകളുടെ പലയിടത്തും കാട് കയറിക്കിടക്കുകയാണ്.
ഇഴജന്തുശല്യവും ഉണ്ട്. പാളങ്ങളിലൂടെ കടന്നുവേണം ഇവിടെയുള്ളവർക്ക് റോഡിലെത്താൻ. റെയിൽവേ ലൈനിൽ ഈ ഭാഗത്ത് വളവായതിനാൽ അപ്രതീക്ഷിതമായാണ് ട്രെയിൻ മുന്നിലെത്തുക. ശബ്ദമില്ലാതെ അരികിലെത്തിയ ഇലക്ട്രിക് ട്രെയിനിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരുമുണ്ട് ഇവിടെ.
പ്രദേശത്ത് വഴിവിളക്കുകൾ ഇല്ലാത്തതും പ്രശ്നമാണ്. പാളം കടക്കുമ്പോൾ ഇരു ട്രാക്കിലേക്കും ഒരേ സമയം ട്രെയിനുകൾ എത്തുന്നതും അപകടമാണ്.
പരിഹാരം
ഓടയ്ക്കു മുകളിൽ സ്ലാബിട്ടാൽ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്ന് പ്രദേശവാസികൾ.മണിപ്പുഴ ഭാഗത്തേക്ക് പോകേണ്ടവർക്ക് പാളം കടക്കാതെ ഇതുവഴി നടന്ന് മേൽപാലത്തിന്റെ പടികൾ കയറി റോഡിലെത്താം. കുറുപ്പുംപടി, ദിവാൻകവല ഭാഗത്തേക്ക് പോകേണ്ടവർക്ക് പാലത്തിനു താഴെ എത്തി പോകാം. വഴിവിളക്കുകൾ വേണം.